Latest NewsNewsIndiaSports

കോമൺവെൽത്ത് ഗെയിംസ് 2022: ഇന്ത്യ എപ്പോഴും തിളങ്ങുന്ന 3 ഇനങ്ങൾ ഏത്? പട്ടിക ഇതാ

ബര്‍മിങ്ഹാമില്‍ ഈ മാസം 28 ന് ആരംഭിക്കുന്ന കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യ വലിയ പ്രതീക്ഷയോടെയാണിറങ്ങുന്നത്. 15 ഇനങ്ങളിലായി 215 കായികതാരങ്ങള്‍ ഇന്ത്യയിൽ നിന്ന് മത്സരിക്കും. 215 കായിക താരങ്ങളും ഒഫീഷ്യല്‍സും സപ്പോര്‍ട്ട് സ്റ്റാഫും അടക്കം 107 പേരും അടങ്ങുന്നതാണ് ഇന്ത്യയുടെ ജംബോ സംഘം. ഇതുവരെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ ഒന്നാം സ്ഥാനക്കാരായിട്ടില്ലെങ്കിലും 503 മെഡലുകള്‍ നേടിയെടുക്കാന്‍ സാധിച്ചിട്ടുണ്ട്. 181 സ്വര്‍ണ്ണവും 173 വെള്ളിയും 149 വെങ്കലവുമാണ് ഇന്ത്യയുടെ കൈമുതൽ.

എക്കാലത്തും ഇന്ത്യയുടെ വിജയ ഇനം എന്ന് പറയുന്നത് ഷൂട്ടിങ് ആണ്. ഈ ഇനത്തിലാണ് ഇന്ത്യ കൂടുതല്‍ മെഡല്‍ വാരിയത്. 63 സ്വര്‍ണ്ണവും 44 വെള്ളിയും 26 വെങ്കലവുമടക്കം 135 മെഡലുകളാണ് ഈ ഇനത്തില്‍ ഇന്ത്യ നേടിയത്. അതായത് ഇന്ത്യയുടെ ആകെയുള്ള 503 മെഡലുകളിൽ 135 എണ്ണം ഷൂട്ടിങ് ഇനത്തിൽ കിട്ടിയതെന്ന് സാരം. ഇത്തവണയും ഷൂട്ടിങ്ങില്‍ ഇന്ത്യക്ക് പ്രതീക്ഷകളേറെയാണ്. ഭാരോദ്വഹനത്തിലാണ് രണ്ടാമതായി കൂടുതല്‍ മെഡല്‍ നേടിയത്. 43 സ്വര്‍ണ്ണവും 48 വെള്ളിയും 34 വെങ്കലവുമടക്കം 125 മെഡലുകള്‍ ഈ ഇനത്തില്‍ സ്വന്തമാക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്കായിട്ടുണ്ട്. ഗുസ്തിയിലും ഇന്ത്യ ഒട്ടും പിന്നിലല്ല. 43 സ്വര്‍ണ്ണവും 37 വെള്ളിയും 22 വെങ്കലവുമടക്കം 102 മെഡലുകളാണ് ഇന്ത്യ നേടിയത്. ഈ മൂന്ന് ഇനത്തില്‍ മാത്രമാണ് ഇന്ത്യക്ക് 100ലധികം മെഡല്‍ നേടാനായത്. മറ്റ് ഇനിങ്ങളിലെല്ലാം 40ല്‍ താഴെ മാത്രമാണ് ഇന്ത്യയുടെ മെഡല്‍ നേട്ടം.

അതേസമയം, ഒളിംപിക്സ് സ്വര്‍ണമെഡല്‍ ജേതാവ് നീരജ് ചോപ്ര, പി വി സിന്ധു, മിരാഭായ് ചാനു, ലോവ്‌ലിന ബോര്‍ഗോഹെയ്ന്‍, ബജ്റങ് പുനിയ, രവികുമാര്‍ ദഹിയ, മണിക ബത്ര, വിനേഷ് ഫോഗട്ട്, തജീന്ദര്‍പാല്‍ സിങ്, ഹിമ ദാസ്, അമിത് പങ്കാല്‍ എന്നിവരടങ്ങുന്നതാണ് ഇത്തവണത്തെ ഇന്ത്യന്‍ സംഘം. നീരജ് ചോപ്രയാണ് ഗെയിംസില്‍ ഇന്ത്യന്‍ പതാകയേന്തുക. 2018ല്‍ ഗോള്‍ഡ് കോസ്റ്റില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡല്‍ വേട്ടയില്‍ ഓസ്ട്രേലിയക്കും ഇംഗ്ലണ്ടിനും പുറകില്‍ മൂന്നാമതായാണ് ഇന്ത്യ ഫിനിഷ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button