കോട്ടയം: കള്ളനോട്ട് കേസിൽ പിടിയിലായശേഷം തെളിവെടുപ്പിനായി പൊലീസ് സംഘം എത്തിക്കുന്നതിനിടെ കൈവിലങ്ങുമായി രക്ഷപ്പെട്ട പ്രതി 14 വർഷത്തിനുശേഷം പിടിയിൽ. ആർപ്പൂക്കര സ്വദേശി മിഥുൻ ആണ് പിടിയിലായത്. ക്രൈംബ്രാഞ്ച് ഡിറ്റക്ടീവ് ഇൻസ്പെക്ടർ അനൂപ് ജോസിന്റെ നേതൃത്വത്തിലുള്ള സംഘം ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.
പതിനാലു വർഷം മുമ്പാണ് മിഥുനെ ഗാന്ധിനഗർ പൊലീസ് കള്ളനോട്ട് കേസിൽ അറസ്റ്റ് ചെയ്തത്. ഈ കേസിൽ അറസ്റ്റ് ചെയ്തശേഷം പ്രതിയുമായി ഗാന്ധിനഗറിലെ പെട്രോൾ പമ്പിനുസമീപം തെളിവെടുപ്പിന് എത്തി. ഈ സമയം പ്രതി പൊലീസിന്റെ കസ്റ്റഡിയിൽ നിന്നും കൈവിലങ്ങുമായി രക്ഷപ്പെടുകയായിരുന്നു.
Read Also : 1000 പുരുഷന്മാർക്ക് 968 സ്ത്രീകൾ: സംസ്ഥാനത്ത് പെൺകുട്ടികളുടെ ജനനനിരക്കിൽ വർദ്ധനവ്
ഇതേത്തുടർന്ന്, കേസ് ക്രൈംബ്രാഞ്ചിനു കൈമാറുകയും ഇവർ കേസ് അന്വേഷിച്ചു വരികയുമായിരുന്നു. ഇതിനിടെയാണ് പ്രതിയായ മിഥുൻ ഡൽഹിയിലുണ്ടെന്ന വിവരം ക്രൈംബ്രാഞ്ച് സംഘത്തിനു ലഭിച്ചത്. തുടർന്ന്, ഡൽഹിയിലെ മയൂർ വിഹാറിലെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
എഎസ്ഐമാരായ ജി.ഡി. അനു, എം.ബി. അനുമോൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ എസ്. ബിനു എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇന്നു പ്രതിയുമായി ക്രൈംബ്രാഞ്ച് സംഘം കോട്ടയത്തെത്തും.
Post Your Comments