ചെന്നൈ: തമിഴ്‌നാട് കല്ലക്കുറിച്ചിയില്‍ മരിച്ച പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്തുവന്നതോടെ വന്‍ പ്രതിഷേധം. കണക്ക്, കെമിസ്ട്രി അദ്ധ്യാപകര്‍ തന്നെ സമ്മര്‍ദ്ദത്തിലാക്കിയെന്നാണ് പെണ്‍കുട്ടി എഴുതിയ ആത്മഹത്യാക്കുറിപ്പില്‍ ഉള്ളത്. എല്ലാവരോടും താന്‍ പഠിക്കാത്ത കുട്ടിയാണെന്ന് പറഞ്ഞുവെന്നും ഇതിന്റെ പേരില്‍ എല്ലാവരും തന്നെ കളിയാക്കിയെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.
‘നല്ലപോലെ പഠിച്ചിരുന്നു. എന്നാല്‍ കെമിസ്ട്രിയില്‍ കുറെ സമവാക്യങ്ങളുണ്ട്. അത് പഠിച്ചെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതിന്റെ പേരില്‍ കെമിസ്ട്രി ടീച്ചര്‍ സമ്മര്‍ദ്ദം ചെലുത്തുമായിരുന്നു. പഠിക്കാതെ പിന്നെ എന്താണ് ഹോസ്റ്റലില്‍ ഇരുന്ന് ചെയ്യുന്നതെന്ന് ടീച്ചര്‍ ചോദിച്ചു. ഇത് വല്ലാതെ ബുദ്ധിമുട്ടിലാക്കി. ഒരു ദിവസം കണക്ക് ടീച്ചറോട് താന്‍ പഠിക്കാത്ത കുട്ടിയാണെന്ന് കെമിസ്ട്രി ടീച്ചര്‍ പറഞ്ഞു. ഇതിന് പിന്നാലെ കണക്ക് ടീച്ചര്‍ കളിയാക്കുകയും ചെയ്യുമായിരുന്നു’.
”സ്‌കൂളില്‍ വളരെ കുറച്ച് നാളുകള്‍ മാത്രമേ നിന്നിട്ടുള്ളൂ. അതിനാല്‍ ബുക്ക്, ഹോസ്റ്റല്‍ ഫീസ്, വാര്‍ഷിക ഫീസ് ഇതെല്ലാം എന്റെ അമ്മയ്ക്ക് തിരികെ നല്‍കണം” പെണ്‍കുട്ടി കുറിപ്പില്‍ വ്യക്തമാക്കി. എല്ലാവരും ക്ഷമിക്കണമെന്നും അമ്മയും അച്ഛനും മാപ്പു നല്‍കണമെന്നും പെണ്‍കുട്ടി പറഞ്ഞു.
അതേസമയം പെണ്‍കുട്ടിയുടെ റീ-പോസ്റ്റ്മോര്‍ട്ടത്തില്‍ മദ്രാസ് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. വിദ്യാര്‍ത്ഥിനിയുടെ അച്ഛനായിരുന്നു സുപ്രീം കോടതിയെ സമീപിച്ചത്. പോസ്റ്റ്മോര്‍ട്ടം നടത്തുന്ന പാനലിനെ മാറ്റണമെന്നായിരുന്നു പെണ്‍കുട്ടിയുടെ പിതാവിന്റെ ആവശ്യം. റീ-പോസ്റ്റ്മോര്‍ട്ടം നടത്തുന്ന പാനലില്‍ തങ്ങള്‍ ആവശ്യപ്പെടുന്ന ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തണമെന്നും പെണ്‍കുട്ടിയുടെ അച്ഛന്‍ ആവശ്യപ്പെട്ടു. ഇതാണ് കോടതി തള്ളിയത്.
പെണ്‍കുട്ടിയുടെ കുടുംബം നിര്‍ദ്ദേശിക്കുന്ന ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തുന്നത് സാധ്യമല്ലെന്നും ഇക്കാര്യത്തില്‍ മദ്രാസ് ഹൈക്കോടതിയെടുത്ത തീരുമാനം അംഗീകരിക്കുന്നുവെന്നുമാണ് സുപ്രീം കോടതി വ്യക്തമാക്കിയത്.
പെണ്‍കുട്ടി ആത്മഹത്യ ചെയ്തതല്ലെന്നും കൊലപാതകമാണെന്നുമാണ് കുടുംബത്തിന്റെ ആരോപണം. സ്‌കൂള്‍ മാനേജ്മെന്റിനാണ് പെണ്‍കുട്ടിയുടെ മരണത്തിന്റെ ഉത്തരവാദിത്വമെന്നും കുടുംബം ആരോപിക്കുന്നു.
തമിഴ്നാട്ടിലെ കല്ലക്കുറിച്ചിയിലെ സ്വകാര്യ സ്‌കൂള്‍ ക്യാമ്പസില്‍ കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് വലിയ രീതിയിലുള്ള പ്രതിഷേധമായിരുന്നു സ്‌കൂളില്‍ നടന്നത്.
Post Your Comments