ഡൽഹി: പ്രധാൻ മന്ത്രി മുദ്ര വായ്പാ പദ്ധതിയുടെ പേരിൽ തട്ടിപ്പ് നടത്തിയ ഏഴ് പേർ അറസ്റ്റിൽ. കേന്ദ്ര പദ്ധതിയെന്ന വ്യാജേനയാണ് വായ്പാ തട്ടിപ്പ് നടത്തിയത്. പ്രതികളിൽ അഞ്ച് പേർ സ്ത്രീകളാണ്. സംഭവവുമായി ബന്ധപ്പെട്ട് സന്ദീപ് കുമാർ (29), സുമിത് (32), രാഖി (22), ജ്യോതി (24), ജ്യോതി (22), മനീഷ (20), കാജൽ (20) എന്നിവരാണ് പിടിയിലായത്.
അറസ്റ്റിലായ പ്രതികൾ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ആളുകളെയാണ് പ്രധാനമായും ലക്ഷ്യമിട്ടത്. ഇത്തരത്തിൽ 150ലധികം പേരെ സംഘം ചതിച്ചു എന്ന് പൊലീസ് പറയുന്നു. മനീഷ് എന്നയാൾ നൽകിയ പരാതിയിലാണ് സംഘം പിടിയിലായത്.
2 ലക്ഷം രൂപയുടെ പ്രധാൻ മന്ത്രി മുദ്ര വായ്പ നൽകാമെന്നറിയിച്ച് മനീഷിന് ഒരു സന്ദേശം വന്നു. സന്ദേശത്തിലെ നമ്പറിലേക്ക് തിരികെ വിളിച്ചപ്പോൾ ചില രേഖകളും 2499 രൂപ രെജിസ്ട്രേഷൻ ഫീസും ഇവർ ആവശ്യപ്പെട്ടു. ഇതിന് ശേഷം, ഇൻഷുറൻസ് ഫീസ് അടയ്ക്കാൻ മനീഷ് മറന്നതായും അത് അടച്ചില്ലെങ്കിൽ വായ്പ ലഭിക്കില്ലെന്നും അറിയിച്ച് 15500 രൂപ കൂടി സംഘം ആവശ്യപ്പെടുകയായിരുന്നു.
ഇതോടെ താൻ ചതിക്കപ്പെട്ടു എന്ന് മനസിലാക്കിയ മനീഷ്, പൊലീസിൽ പരാതിപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഒരു കോൾ സെൻ്റർ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടക്കുന്നതെന്ന് പൊലീസ് കണ്ടെത്തി. ഇവിടെ നടത്തിയ റെയ്ഡിലാണ് ഏഴംഗ സംഘം അറസ്റ്റിലായത്. ഇവിടെ നിന്നും ഏഴ് മൊബൈൽ ഫോണുകളും നിരവധി രേഖകളും പൊലീസ് കണ്ടെടുത്തു.
Post Your Comments