തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമാനത്തില്‍ പ്രതിഷേധം നടത്തിയ കേസില്‍ മുന്‍ എംഎല്‍എയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റുമായ കെ.എസ് ശബരിനാഥന് ജാമ്യം അനുവദിച്ചു. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഉപാധികളോടെയാണ് ജാമ്യം നല്‍കിയത്. പൊലീസിന്റെ കസ്റ്റഡി അപേക്ഷ നിരുപാധികം തള്ളിയാണ് കോടതി ശബരിനാഥനെ ജാമ്യത്തില്‍ വിട്ടത്. ശബരിനാഥന് ജാമ്യം ലഭിച്ചത് സംസ്ഥാന സര്‍ക്കാരിനും പൊലീസിനും കനത്ത തിരിച്ചടിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പ്രതികരിച്ചു.
അടുത്ത മൂന്നു ദിവസം അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകണം, ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഹാജരാക്കണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ ബോണ്ട് നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. മൊബൈല്‍ ഫോണും സിം കാര്‍ഡും ശബരിനാഥന്‍ കോടതിയില്‍ സമര്‍പ്പിച്ചു.
ഗൂഢാലോചനയില്‍ ശബരിനാഥനാണ് ‘മാസ്റ്റര്‍ ബ്രെയ്ന്‍’ എന്നായിരുന്നു പ്രോസിക്യൂഷന്റെ ആരോപണം. വാട്‌സാപ് സന്ദേശം അയച്ചശേഷം ശബരിനാഥന്‍ ഒന്നാം പ്രതിയെ ഫോണില്‍ വിളിച്ചുവെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
Post Your Comments