ന്യൂഡൽഹി: പ്രധാന മന്ത്രി സ്ഥാനാർത്ഥിയെ തെരഞ്ഞെടുക്കാനുള്ള വോട്ടിങ് മൂന്നാം റൗണ്ട് പൂർത്തിയാകുമ്പോൾ ഋഷി സുനാക് തന്നെ മുമ്പിൽ. മൂന്നാം റൗണ്ട് കഴിഞ്ഞപ്പോഴും 115 വോട്ടുകൾ നേടി ഋഷി സുനാക് മുമ്പിലെത്തിയപ്പോൾ, ഡിബേറ്റുകളിലെ താരമായി മാറിയ ടോം ടുഗെൻഡത് മൂന്നാം റൗണ്ടിൽ പുറത്തായി. ഋഷിയുടെ ക്യാമ്പിൽ ഇത്തവണ വോട്ട് വർദ്ധിക്കും എന്ന വിശ്വാസം തീരെയില്ലായിരുന്നു. ടോം പുറത്ത് പോകുന്നതോടെ അടുത്ത റൗണ്ടിൽ വോട്ട് വർദ്ധിപ്പിക്കാൻ കഴിയും എന്നായിരുന്നു അവരുടെ കണക്കുകൂട്ടൽ. എന്നാൽ, അവരെയെല്ലാം അതിശയിപ്പിച്ചുകൊണ്ടായിരുന്നു ഋഷിയുടെ വോട്ടുനില കഴിഞ്ഞ റൗണ്ടിലെ 101-ൽ നിന്നും 115 ൽ എത്തിയത്.
സ്ഥാനാർത്ഥികളിൽ ഏറ്റവും വലിയ കുതിപ്പ് നടത്തിയിരിക്കുന്നതും ഋഷി തന്നെയാണ്. 120 ന് വോട്ടിന് മുകളിൽ വോട്ടുകൾ ലഭിച്ചാൽ ഫൈനൽ ടു വിൽ സ്ഥാനം ഉറപ്പിക്കാൻ കഴിയും. അവസാന റൗണ്ടിൽ എത്തുക ഋഷിയും ലിസ്സുമായിരിക്കുമെന്നാണ് രാഷ്ട്രീയനിരീക്ഷകർ പൊതുവെ കരുതുന്നത്.അതേസമയം മത്സരത്തിലെ കറുത്ത കുതിരയായി എത്തിയ പെന്നി മോർഡൗണ്ടിനു മുൻപിൽ കുറച്ചുകൂടി ശക്തമായ സ്ഥാനം ലിസ് ട്രസ്സിന് ഉറപ്പിക്കാനായി എന്നതും ഈ റൗണ്ടിന്റെ പ്രത്യേകതയാണ്.
കഴിഞ്ഞ റൗണ്ടിൽ 64 വോട്ട് മാത്രം കിട്ടിയ ലിസ് ട്രസ്സിനെ കഴിഞ്ഞ റൗണ്ടിൽ പുറത്തായ സുവെല്ല ബ്രേവർമാന്റെ ചില അനുയായികളുടെ വോട്ടുകൾ കൂടി ലഭിച്ചതോടെ മൊത്തം വോട്ട് 71 ആക്കി ഉയർത്താൻ സാധിച്ചു. എന്നാൽ കഴിഞ്ഞ റൗണ്ടിൽ 82 വോട്ട് നേടിയ പെന്നിക്ക് ഈ റൗണ്ടിൽ കാര്യമായ നേട്ടമൊന്നും ഉണ്ടാക്കാൻ ആയില്ല. അതേസമയം, നാലാം സ്ഥാനത്താണെങ്കിലും തനിക്ക് പ്രസക്തിയുണ്ടെന്ന് തെളിയിച്ചുകൊണ്ട് കെമി ബാഡെനോക്ക് ഇത്തവണ കഴിഞ്ഞ റൗണ്ടിലേതിനേക്കാൽ 9 വോട്ട് കൂടുതൽ നേടി.
ഇപ്പോൾ എല്ലാ ശ്രദ്ധയും ഇന്ന് നടക്കുന്ന നാലാം റൗണ്ട് വോട്ടെടുപ്പിലേക്കാണ്. മത്സരത്തിൽ തുടരാനായി, ഒരു എതിരാളിയെ എങ്കിലും പുറകിലാക്കാൻ ബാഡെനോക്കിന് കഴിയുമോ എന്നാണ് എല്ലാവരും ഇപ്പോൾ ഉറ്റുനോക്കുന്നത്. ഋഷിക്ക് ശേഷം കഴിഞ്ഞ റൗണ്ടിൽ വോട്ടുകളുടെ എണ്ണത്തിൽ ഏറ്റവും വലിയ വർദ്ധനവ് വരുത്തിയത് ബാഡെനോക്ക് ആയിരുന്നു. മത്സരത്തിൽ എല്ലാവരേയും അതിശയിപ്പിച്ചുകൊണ്ട് കുതിച്ചു കയറിയ പെന്നി മൊർഡൗണ്ടിന്റെ കുതിപ്പ് ഏറെക്കുറെ നിലച്ചു എന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.
Post Your Comments