പാലക്കാട്: പാലക്കാട് സമ്പത്ത് കസ്റ്റഡി കൊലപാതക കേസില്‍ ഉള്‍പ്പെട്ട രണ്ടു പേരെ കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കി. ഡി.വൈ.എസ്.പി രാമചന്ദ്രൻ, സിവിൽ പോലീസ് ഓഫീസർ ബിനു ഇട്ടൂപ്പ് എന്നിവരെയാണ് കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കിയത്. പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഇരുവരും നൽകിയ ഹർജിയില്‍ എറണാകുളം സി.ബി.ഐ കോടതിയുടേതാണ് ഉത്തരവ്.
മലമ്പുഴയിലെ റിവർസൈഡ് കോട്ടേജിൽ വെച്ച് കൊലക്കേസ് പ്രതിയായ സമ്പത്ത് കസ്റ്റഡി മര്‍ദ്ദനത്തെത്തുടർന്ന് മരിച്ചെന്നാണ് കേസ്. പ്രതികളെ രക്ഷിക്കാൻ പാലക്കാട് ടൗൺ സ്റ്റേഷനിലെത്തി കേസ് രേഖകൾ അടക്കം തിരുത്തിയെന്നായിരുന്നു ഡി.വൈ.എസ്.പി രാമചന്ദ്രനെതിരായ കുറ്റം. കേസ് അട്ടിമറിക്കാൻ സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ചതിനാണ് ബിനു ഇട്ടൂപ്പിനെ പ്രതി ചേർത്തിരുന്നത്.
കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മറ്റൊരു പ്രതി നൽകിയ ഹർജി കോടതിയുടെ പരിഗണനയിലാണ്. സമ്പത്തിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയെന്നാണ് മറ്റ് നാലു പോലീസുകാർക്കെതിരായ കുറ്റം. പാലക്കാട്ടെ ഷീല വധക്കേസിലെ പ്രതി സമ്പത്ത് 2010 മാര്‍ച്ച് 29നാണ് മലമ്പുഴ റിവര്‍സൈഡ് കോട്ടേജില്‍ വച്ച് പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെടുന്നത്.
Post Your Comments