തിരുവനന്തപുരം: മൂന്നാഴ്ച യാത്രാ വിലക്കേര്‍പ്പെടുത്തിയ ഇന്‍ഡിഗോ വിമാനത്തില്‍ കയറില്ലെന്ന് ശപഥം ചെയ്തിരിക്കുകയാണ് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. കമ്പനിയെ ബഹിഷ്‌കരിക്കാന്‍ തന്നെയാണ് ഇ.പിയുടെ തീരുമാനം. ഇതോടെ, ഇ,പിക്ക് കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേയ്ക്കുള്ള യാത്ര തീര്‍ത്തും ഒഴിവാക്കേണ്ടി വരുമെന്നാണ് പിന്നാമ്പുറ സംസാരം.
Read Also: അടിവസ്ത്ര തിരിമറിയും മന്ത്രി ആന്റണി രാജുവും!! 28 വര്‍ഷം മുൻപുള്ള കേസ് വീണ്ടും ഉയരുമ്പോൾ
കണ്ണൂരില്‍നിന്ന് നിരന്തരം തിരുവനന്തപുരത്തേക്ക് ഇന്‍ഡിഗോയില്‍ യാത്ര ചെയ്യുന്നയാളാണ് ഇ.പി ജയരാജന്‍. വിലക്കു വന്ന ദിവസവും അദ്ദേഹം വിമാന ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. അത് കാന്‍സല്‍ ചെയ്യുമെന്നാണ് അദ്ദേഹം പറയുന്നത്. തലസ്ഥാന നഗരിയിലേയ്ക്ക് എത്താന്‍ അദ്ദേഹത്തിന്റെ ഏക ആശ്രയം ഇന്‍ഡിഗോ വിമാനമാണ്. ഒരു സുപ്രഭാതത്തില്‍ ഇന്‍ഡിഗോ വിമാനത്തിന് ബഹിഷ്‌കരണം പ്രഖ്യാപിച്ചതോടെ വെട്ടിലാകുന്നത് അദ്ദേഹം തന്നെയാണ്. കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ആകെ നാല് വിമാനങ്ങളാണ് റെഗുലറായി സര്‍വീസ് നടത്തുന്നത്. ഇതില്‍ മൂന്നും ഇന്‍ഡിഗോ ആണെന്നാണ് വിവരം. നാലാമത്തേത് എയര്‍ ഇന്ത്യ വിമാനമാണ്. ഇതാകട്ടെ ഡല്‍ഹി വഴി കറങ്ങിയാണ് തിരുവനന്തപുരത്ത് എത്തുന്നത്. ഏകദേശം 14 മണിക്കൂര്‍ യാത്രയാണ് ഡല്‍ഹി വഴിയുള്ളത്. തന്റെ സ്വന്തം തട്ടകമായ കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് എത്താന്‍ ഇനിമുതല്‍ ഇ.പി ജയരാജന് കൂടുതല്‍ സമയം വേണ്ടിവരും എന്നുസാരം.
ഇന്‍ഡിഗോ വൃത്തികെട്ട കമ്പനിയാണെന്നും അവരുടെ ഫ്‌ളൈറ്റ് സര്‍വീസ് ബഹിഷ്‌കരിക്കുന്നുവെന്നുമാണ് ജയരാജന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ തന്റെ കുടുംബാംഗങ്ങളും വിമാനം ബഹിഷ്‌കരിക്കുമെന്നും അദ്ദേഹം പ്രതിജ്ഞ ചെയ്തിട്ടുണ്ട്.
മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ചവരെ കൈയേറ്റം ചെയ്തതിനാണ് ജയരാജന് ഇന്‍ഡിഗോ എയര്‍ലൈന്‍സ് മൂന്നാഴ്ച യാത്രാ വിലക്ക് പ്രഖ്യാപിച്ചത്. പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് രണ്ടാഴ്ചത്തെ വിലക്കും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.
നടന്നുപോയാലും ഇനി ഇന്‍ഡിഗോയില്‍ കയറില്ലെന്ന ശപഥം ചെയ്ത ഇ.പി ജയരാജന് കമ്പനിയുടെ വിമാനത്തില്‍ ഇനി യാത്ര ചെയ്യില്ല. നിലവാരമില്ലാത്ത കമ്പനിയാണത്. ഇന്നത്തെ ടിക്കറ്റ് അടക്കം റദ്ദാക്കി. ഇന്‍ഡിഗോ വിമാനത്തില്‍ യാത്ര ചെയ്തിലെങ്കില്‍ തനിക്ക് ഒന്നും സംഭവിക്കില്ല. ആക്രമികളെ സംരക്ഷിക്കുന്ന നിലപാടാണ് അവര്‍ക്കുള്ളത്. ശരിക്കും എനിക്ക് അവാര്‍ഡ് നല്‍കേണ്ടതാണ്. അവര്‍ക്ക് ഉണ്ടാകേണ്ട ചീത്തപ്പേര് തടഞ്ഞത് ഞാനാണ്. താന്‍ ആരാണെന്ന് പോലും അവര്‍ക്കറിയില്ല എന്നാണ് തോന്നുന്നത്. നടന്ന് പോയാലും ഇനിയവരുടെ വിമാനത്തില്‍ കയറില്ല. കൂട്ടുകച്ചവടത്തിന്റെ ലക്ഷണങ്ങളാണ് ഇതെല്ലാം’ -ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.
Post Your Comments