തിരുവനന്തപുരം: വര്‍ദ്ധിച്ചു വരുന്ന ഇന്ധനച്ചെലവിനെ തുടർന്ന് കെ.എസ്.ആര്‍.ടി.സിയ്ക്ക് ഉണ്ടാകുന്ന നഷ്ടം വളരെ വലുതാണ്. അതിനാൽ, ഇന്ധനച്ചെലവ് കുറയ്ക്കുന്നതിനായി ഹൈഡ്രജനില്‍ ഓടുന്ന പുതിയ ബസുകള്‍ വാങ്ങുന്നതിനും നിലവിലുള്ള ബസുകളെ ഹൈഡ്രജനിലേക്ക് മാറ്റുന്നതിനും തീരുമാനമെടുത്തിരിക്കുകയാണ് കെ.എസ്.ആര്‍.ടി.സി.
ഇത്തരത്തിൽ, ഒരു ബസ് ഹൈഡ്രജനിലേക്ക് മാറ്റാന്‍ പത്ത് ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഡീസലിനെക്കാള്‍ കുറഞ്ഞ വിലയിൽ ഹൈഡ്രജന്‍ തദ്ദേശീയമായി നിര്‍മ്മിക്കുന്നതിനും പദ്ധതിയുണ്ട്. ഇതിനായി ഹൈഡ്രജന്‍ എന്‍ജിന്‍ വികസിപ്പിച്ച അശോക് ലൈലാന്‍ഡ് കമ്പനിയുടെ സഹായവും കെ.എസ്.ആര്‍.ടി.സി തേടിയിട്ടുണ്ട്.
അടുത്തിടെ, നിലവിലുള്ള ഫ്യൂവല്‍ സെല്‍ സംവിധാനത്തില്‍ നിന്ന് വ്യത്യസ്തമായ ഇന്റേണല്‍ കമ്പസ്റ്റ്യന്‍ എന്‍ജിൻ അശോക് ലൈലാന്‍ഡ് കമ്പനി നിര്‍മ്മിച്ചിരുന്നു. ഹൈഡ്രജന്‍ എന്‍ജിന്റെ പ്രവര്‍ത്തനം വിലയിരുത്താന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍. ജ്യോതിലാലിന്റെ നേതൃത്വത്തില്‍ ഉന്നത ഉദ്യോഗസ്ഥ സംഘം ശനിയാഴ്ച തമിഴ്നാട്ടിലെ ഹൊസ്സൂര്‍ പ്ലാന്റ് സന്ദര്‍ശിച്ചിരുന്നു.
ഹൈഡ്രജന്‍ നിര്‍മ്മാണത്തിന് വ്യാപകമായ സാധ്യതയുള്ളതിനാല്‍ ഇത്തരം വാഹനങ്ങള്‍ സംസ്ഥാനത്തിന് അനുയോജ്യമാണെന്നാണ് ഗതാഗത വകുപ്പ് വിലയിരുത്തുന്നത്.
Post Your Comments