നികുതി ദായകർക്ക് ഓൺലൈനായി നികുതി അടയ്ക്കാനുള്ള സംവിധാനവുമായി എത്തിയിരിക്കുകയാണ് ഫെഡറൽ ബാങ്ക്. സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സുമായി സഹകരിച്ചാണ് പുതിയ സംവിധാനം ഫെഡറൽ ബാങ്ക് സജ്ജീകരിച്ചത്. പുതിയ പോർട്ടലിലൂടെ നിരവധി സേവനങ്ങളാണ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്.
ആദായ നികുതിയുടെ ഇ-ഫയലിംഗ് പോർട്ടലിലെ ഇ-പേ ടാക്സ് മുഖാന്തരമാണ് പണം അടയ്ക്കാൻ കഴിയുക. ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ്, യുപിഐ, നെറ്റ് ബാങ്കിംഗ്, നെഫ്റ്റ്/ ആർടിജിഎസ് എന്നിവയിലൂടെ നികുതി അടയ്ക്കാൻ സാധിക്കും. കൂടാതെ, കൗണ്ടർ വഴി നേരിട്ട് പണം അടയ്ക്കാവുന്നതാണ്.
പുതിയ സംവിധാനം നിലവിൽ വന്നതോടെ, നികുതി അടയ്ക്കുന്നതുമായി ബന്ധപ്പെട്ടുള്ള കാലതാമസം ഒഴിവാക്കാൻ കഴിയും. നേരിട്ട് നികുതി പിരിക്കുന്നതിന് കേന്ദ്ര ഗവൺമെന്റിൽ നിന്ന് കഴിഞ്ഞ സാമ്പത്തിക വർഷമാണ് ഫെഡറൽ ബാങ്ക് അംഗീകാരം നേടിയത്. 2022 ജൂലൈ 1 മുതലാണ് ഇത് പ്രാബല്യത്തിലായത്.
Post Your Comments