ചെന്നൈ: പ്ലസ് വൺ വിദ്യാർത്ഥിനിയെ വിവാഹം ചെയ്ത് തരണമെന്ന് ആവശ്യപ്പെട്ട് ആത്മഹത്യ ഭീഷണി മുഴക്കി പത്തൊൻപതുകാരൻ. വെള്ളിയാഴ്ച രാവിലെയാണു ദക്ഷിണ ചെന്നൈയിലെ ക്രോംപേട്ടില്‍ വിദ്യാര്‍ത്ഥി കൂറ്റന്‍ വൈദ്യുതി ടവറില്‍ വലിഞ്ഞുകയറിയത്. ആരും കാണാതെ, ടെന്‍ഷന്‍ ലൈനുകള്‍ക്കിടയിലൂടെ വിദ്യാർത്ഥി ടവറിന്റെ ഏറ്റവും മുകളിലെത്തി നിലയുറപ്പിച്ചപ്പോഴാണു സമീപവാസികള്‍ കാണുന്നത്.
പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ ഭാഗത്തുനിന്ന് എതിര്‍പ്പുണ്ടാകരുതെന്നായിരുന്നു ഒരാവശ്യം. ഇതെല്ലാം ടവറിനു മുകളിലിരുന്നു വിളിച്ചു പറയുകയും ചെയ്തു. അനുകൂല മറുപടി ഉടനുണ്ടായില്ലെങ്കില്‍ താഴേക്കു ചാടുമെന്നായി കാമുകന്‍. വിവരമറിഞ്ഞെത്തിയ വൈദ്യുതി ബോര്‍ഡ് ജീവനക്കാര്‍ നഗരത്തിലേക്കുള്ള ഹൈ ടെന്‍ഷന്‍ ലൈന്‍ ഓഫ് ചെയ്തു. ഇതോടെ ക്രോംപേട്ടിലും സമീപ പ്രദേശങ്ങളിലും വൈദ്യുതി നിലച്ചു.
ഫയര്‍ഫോഴ്സും പൊലീസും ബന്ധുക്കളും സ്ഥലത്തെത്തി യുവാവിനെ ആശ്വസിപ്പിച്ചു താഴെയിറക്കാന്‍ ശ്രമിച്ചെങ്കിലും യുവാവ് തയാറായില്ല. ഒടുവില്‍ അറ്റകൈയായി പൊലീസ് ഒരു തന്ത്രം പ്രയോഗിച്ചു. കാമുകിയായ പെൺകുട്ടിയെ സ്ഥലത്ത് എത്തിച്ചു. താഴെയിറങ്ങി വന്നാല്‍ മാത്രമേ ബന്ധം തുടരൂ എന്ന് കാമുകി ഉറപ്പിച്ചു പറഞ്ഞു. ഇതോടെ കാമുകിയുടെ ആവശ്യത്തിനു മുന്നില്‍ യുവാവ് വഴങ്ങി.
പതുക്കെ ഇയാൾ ടവറില്‍നിന്ന് ഇറങ്ങാന്‍ തുടങ്ങി. ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരും പൊലീസും ചേര്‍ന്നു ബാക്കി ദൂരം താഴെയിറക്കുകയും ചെയ്തു. രണ്ടു മണിക്കൂറിലേറെ നാടകം കഴിഞ്ഞു താഴെയെത്തിയ യുവാവിനെ കൗണ്‍സിലിങ്ങിനു വിടാന്‍ നിർദ്ദേശിച്ചിരിക്കുകയാണ് പൊലീസ്. എന്നാൽ, ഇവരുടെ വിവാഹക്കാര്യത്തിൽ പെൺകുട്ടിയുടെ വീട്ടുകാർ എന്ത് തീരുമാനം എടുത്തെന്ന് അറിയില്ല.
Post Your Comments