Latest NewsKeralaNews

കനത്ത മഴയെ തുടര്‍ന്നുണ്ടായ സാഹചര്യത്തെ ആശുപത്രിയുടെ പ്രശ്‌നമായി ചിത്രീകരിക്കുന്നത് നിര്‍ഭാഗ്യകരമെന്ന് ആരോഗ്യ മന്ത്രി

തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്നുണ്ടായ സാഹചര്യത്തെ ആശുപത്രിയുടെ പ്രശ്‌നമായി ചിത്രീകരിക്കുന്നത് നിര്‍ഭാഗ്യകരമാണെന്ന്  ആരോഗ്യ മന്ത്രി വീണാ ജോർജ്. 7 ഗര്‍ഭിണികള്‍ പ്രസവത്തിനായി ഇപ്പോള്‍ അട്ടപ്പാടി കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ ലേബര്‍ റൂമില്‍ ഉണ്ട്. 72 കിടപ്പുരോഗികളും ആശുപത്രിയില്‍ ഉണ്ട്. ഇവര്‍ക്ക് ആവശ്യമായ എല്ലാ ചികിത്സയും ലഭ്യമാക്കുന്നുണ്ട്. സിസേറിയനും അടിയന്തര ശസ്ത്രക്രിയകള്‍ ഉള്‍പ്പടെ എല്ലാ പ്രവര്‍ത്തനങ്ങളും തുടരും. ഒരു രോഗിയെയും മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയിട്ടില്ലെന്നും ഒരു മാസം മുന്‍പ് നിശ്ചയിച്ച ഇലക്ടീവ് സര്‍ജറി പുനഃക്രമീകരിക്കുകയാണ് ചെയ്തതെന്നും വീണാ ജോർജ് പറഞ്ഞു. ഈ രണ്ട് രോഗികളും നാളയോ മറ്റന്നാളോ ആശുപത്രിയില്‍ അഡ്മിറ്റ് ആകുമെന്നും തൊട്ടടുത്ത ദിവസം ശസ്ത്രക്രിയ നടക്കുമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

6 പേരെ, സുഖം പ്രാപിച്ചതിന് ശേഷമാണ് ഡിസ്ചാര്‍ജ് ചെയ്തത്. ഒരു കാന്‍സര്‍ രോഗി ഗുരുതരാവസ്ഥയിലാണുള്ളത്. കൂടുതല്‍ വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിന് തൃശ്ശൂർ മെഡിക്കല്‍ കോളേജിലേക്കാണ് മാറ്റിയത്. വെള്ളം ലഭ്യമല്ലാത്തതിന്റെ പേരിലല്ല മാറ്റിയതെന്നും​ മന്ത്രി കൂട്ടിച്ചേർത്തു.

ജില്ലയുടെ ചുമതലയുള്ള മന്ത്രി കെ കൃഷ്ണന്‍കുട്ടിയുമായും, മന്ത്രി കെ. രാധാകൃഷ്ണനുമായും ആശയവിനിമയം നടത്തിയിട്ടുണ്ട്. ശിരുവാണിപ്പുഴയില്‍ നിന്നാണ് കോട്ടത്തറ ആശുപത്രിയില്‍ വെള്ളമെത്തുന്നത്. അതിന് പ്രത്യേക പൈപ്പ് ലൈനുമുണ്ട്. ശക്തമായ മഴയെത്തുടര്‍ന്ന് പുഴയിലെ വെള്ളം ചെളി കലര്‍ന്നു. ഇതിനെത്തുടര്‍ന്ന്, കഴിഞ്ഞ ദിവസം വൈകുന്നേരം മുതല്‍ വെള്ളത്തിന്റെ ശക്തി കുറഞ്ഞു. ഈ സാഹചര്യത്തില്‍ മോട്ടോര്‍ അടിയന്തരമായി നന്നാക്കുന്നതിനോടൊപ്പം, രോഗികളെയും, ആശുപത്രിയുടെ പ്രവര്‍ത്തനങ്ങളേയും ബാധിക്കാതിരികാനുള്ള ക്രമീകരണങ്ങള്‍ അധികൃതര്‍ ചെയ്തു.

‘യുദ്ധകാലാടിസ്ഥാനത്തില്‍ സ്വീകരിക്കേണ്ട എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ട്. പുതിയൊരു മോട്ടോര്‍ കൂടി ആശുപത്രി വാങ്ങിയിട്ടുണ്ട്. മുന്‍ പ്രളയ സമയങ്ങളില്‍ ചെയ്തിട്ടുള്ള പോലെ ചിറ്റൂരില്‍ നിന്നും വെള്ളം ലാബിലും ഓപ്പറേഷന്‍ തീയറ്ററിലും ലഭ്യമാക്കാന്‍ ക്രമീകരണം ചെയ്തു.
ദേശീയ ഗുണനിലവാര സര്‍ട്ടിഫിക്കേഷന്‍ (89.6% സ്‌കോര്‍) ഈ വര്‍ഷം നേടിയെടുത്ത ഒരു ആശുപത്രിയെ സംബന്ധിച്ച് ആശങ്ക പരത്തുന്ന വാര്‍ത്ത പ്രചരിപ്പിക്കരുത്’- മന്ത്രി അഭ്യര്‍ത്ഥിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button