തിരുവനന്തപുരം: കാലാനുസൃതമായുള്ള നിയമ ഭേദഗതികൾ, വിധിന്യായങ്ങൾ തുടങ്ങിയ നിയമ പരിഷ്‌കാരങ്ങളെക്കുറിച്ച് നിയമവകുപ്പ് ഉദ്യോഗസ്ഥർ ബോധവാന്മാരാകേണ്ടത് അനിവാര്യമാണെന്ന് നിയമ വകുപ്പ് മന്ത്രി പി രാജീവ്. കൃത്യമായ ഇടവേളകളിൽ ഉദ്യോഗസ്ഥർക്ക് നിരന്തരമായ പരിശീലനം നൽകുന്നത് വലിയ രീതിയിൽ ഗുണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
Read Also: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ജിദ്ദയിലെത്തി: സൽമാൻ രാജാവുമായി കൂടിക്കാഴ്ച്ച നടത്തി
സാങ്കേതികത്വം പരമാവധി ഒഴിവാക്കി ജനോപകാരപ്രദമായ രീതിയിൽ നിയമം നടപ്പാക്കുന്നതിന് ഇത് സഹായകമാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. നിയമ വകുപ്പിലെ ജീവനക്കാർക്ക് നിയമങ്ങളെക്കുറിച്ചും സുപ്രീംകോടതി വിധിന്യായങ്ങളെക്കുറിച്ചും നിയമ നിർമാണത്തേക്കുറിച്ചുമുള്ള അറിവ് കാലോചിതമായി മെച്ചപ്പെടുത്തുന്നതിനായി നടത്തുന്ന വകുപ്പുതല പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിയമങ്ങൾ കൃത്യതയോടെ കൈകാര്യം ചെയ്യാതിരിക്കുന്നത് നീതി വൈകുന്നതിന് കാരണമാകുമെന്ന് മുഖ്യ പ്രഭാഷണം നടത്തിയ ചീഫ് സെക്രട്ടറി ഡോ. വി പി ജോയ് പറഞ്ഞു. എല്ലാവർക്കും ഒരുപോലെ നീതി ഉറപ്പാക്കാൻ നിയമങ്ങൾക്ക് സാധിക്കണം. ‘ക്രിമിനൽ നടപടി സംഹിത – ഒരു അവലോകനം’ എന്ന വിഷയം കേരള ഹൈക്കോടതി മുൻ ജഡ്ജിയും കാർഷിക കാടാശ്വാസ കമ്മീഷൻ ചെയർമാനുമായ ജസ്റ്റിസ് കെ എബ്രഹാം മാത്യു അവതരിപ്പിച്ചു. നിയമ സെക്രട്ടറി വി. ഹരിനായർ അധ്യക്ഷനായി. നിയമ (ഭരണ) വകുപ്പ് അഡീഷണൽ നിയമ സെക്രട്ടറി എൻ ജീവൻ, നിയമ (നോഡൽ) വകുപ്പ് ജോയിന്റ് സെക്രട്ടറി ഡി ജിഷ തുടങ്ങിയവർ പങ്കെടുത്തു.
Read Also: നിയമസഭയില്‍ പറഞ്ഞത് അവിടെത്തന്നെ അവസാനിക്കണം: എം.എം.മണിയെ പിന്തുണച്ച് സി.പി.എം
Post Your Comments