Latest NewsKeralaNews

‘വീട്ടിലുള്ളയാള്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിന്റെ അത്ര കുഴികള്‍ ദേശീയപാതയിലില്ല’: മുഹമ്മദ് റിയാസിനോട് മുരളീധരന്‍

പാലം പണിത് ദിവസങ്ങള്‍ക്കകം തകര്‍ന്നുവീണതിന്റെ ജാള്യത മറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ മെക്കിട്ടുകേറാം എന്നാണ് മന്ത്രി കരുതുന്നത്

ന്യൂഡല്‍ഹി: സ്വന്തം കഴിവുകേട് മറച്ചുവയ്ക്കാന്‍ കേന്ദ്രത്തെ പഴിചാരി രക്ഷപ്പെടാന്‍ ശ്രമിക്കരുതെന്നു സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിനോട് കേന്ദ്രമന്ത്രി വി മുരളീധരന്‍. മന്ത്രി റിയാസിന്റെ വീട്ടിലുള്ളയാള്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിന്റെയത്ര കുഴികള്‍ ദേശീയപാതയില്‍ ഇല്ലെന്നും മുരളീധരന്‍ പരിഹസിച്ചു.

ഇന്ന് രാവിലെ നിയമസഭയിൽ കേന്ദ്രമന്ത്രി വി മുരളീധരനെ മന്ത്രി മുഹമ്മദ് റിയാസ് പരിഹസിച്ചിരുന്നു. വി മുരളീധരന്‍ നടത്തുന്ന വാര്‍ത്താ സമ്മേളനങ്ങളെക്കാള്‍ കുഴികള്‍ ദേശീയ പാതയിലുണ്ട് എന്നായിരുന്നു മുഹമ്മദ് റിയാസ് പറഞ്ഞത്. ഇതിനായിരുന്നു മുരളീധരന്റെ മറുപടി.

read also: 45 തോക്കുകളുമായി ദമ്പതികള്‍ വിമാനത്താവളത്തില്‍ പിടിയില്‍

കേന്ദ്രമന്ത്രിയുടെ വാക്കുകൾ ഇങ്ങനെ,

‘കേരളത്തിലെ പി‌ഡബ്ള്യൂഡി റോഡിലെ കുഴികള്‍ എണ്ണിനോക്കിയതിന് ശേഷം ദേശീയപാതയിലേയ്ക്ക് നോക്കിയാല്‍ പോരെ? കേരളത്തിലെ റോഡുകള്‍ പശതേച്ച്‌ ഒട്ടിച്ചാണോ ഉണ്ടാക്കുന്നതെന്ന് ഹൈക്കോടതി ചോദിച്ചത് ഈ പൊതുമരാമത്ത് മന്ത്രിയോടാണ്. ആ മന്ത്രിയാണ് ദേശീയപാത എങ്ങനെ പരിപാലിക്കണമെന്ന് ഞങ്ങളെ പഠിപ്പിക്കാന്‍ വരുന്നത്. കൂളിമാട് പാലം തകര്‍ന്ന വിഷയത്തില്‍ സിമന്റ് കുഴച്ചവര്‍ക്കെതിരെ നടപടിയെടുത്തിട്ട് രക്ഷപ്പെടുത്തേണ്ടവരെയെല്ലാം രക്ഷപ്പെടുത്തിയ മന്ത്രിയാണ് ഇപ്പോള്‍ ഞങ്ങളെ ഉപദേശിക്കാന്‍ വരുന്നത്.

പാലം പണിത് ദിവസങ്ങള്‍ക്കകം തകര്‍ന്നുവീണതിന്റെ ജാള്യത മറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ മെക്കിട്ടുകേറാം എന്നാണ് മന്ത്രി കരുതുന്നത്. കേരളത്തിലെ ജനങ്ങള്‍ ദിവസേന ദുരിതം അനുഭവിക്കുകയാണ്. മന്ത്രി വിമാനയാത്ര ഒഴിവാക്കി ഇടയ്ക്കൊക്കെ റോഡ് മാര്‍ഗം സഞ്ചരിച്ചാലേ സാധാരണക്കാര്‍ എത്രമാത്രം ദുരിതം അനുഭവിക്കുന്നുണ്ടെന്ന് മനസിലാക്കാന്‍ സാധിക്കുകയുള്ളൂ. സ്വന്തം കഴിവുകേട് മറച്ചുവയ്ക്കാന്‍ ഞങ്ങളെ പഴിചാരി രക്ഷപ്പെടാന്‍ ശ്രമിക്കരുത്. കേന്ദ്രമന്ത്രി ജയ്‌ശങ്കറിന്റെ സന്ദര്‍ശനം സംസ്ഥാന സര്‍ക്കാരിന്റെ നെഞ്ചിടിപ്പ് കൂട്ടിയിരിക്കുകയാണ്. അദ്ദേഹം കേന്ദ്രപദ്ധതികള്‍ നിരീക്ഷിക്കാന്‍ പോയത് വിമര്‍ശിച്ചാല്‍ നെഞ്ചിടിപ്പ് മാറില്ല.

ഞാന്‍ വാര്‍ത്താസമ്മേളനങ്ങള്‍ നടത്തുന്നതില്‍ മന്ത്രി അസ്വസ്ഥത പ്രകടിപ്പിച്ചു. എന്നാല്‍ അദ്ദേഹത്തിന്റെ വീട്ടിലുള്ളയാള്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിന്റെ അത്ര കുഴികള്‍ ദേശീയപാതയിലില്ല. കൊവിഡ് കാലത്ത് എന്തൊക്കെ ഉപദേശങ്ങളാണ് നല്‍കിയത്. എല്ലാവരും കൊതുക് കയറാന്‍ അനുവദിക്കാതെ വാതില്‍ അടച്ചിരിക്കണം, അരി കഴുകിവേണം ചെമ്പിലിടാന്‍ തുടങ്ങി വലിയ വലിയ ഉപദേശങ്ങള്‍ നല്‍കി. അത് നിര്‍ത്തിവച്ചത് എപ്പോഴാണെന്ന് നമുക്കറിയാം. സ്വര്‍ണക്കടത്തിന്റെ വാര്‍ത്തകള്‍ വന്നപ്പോള്‍ മാദ്ധ്യമങ്ങളുടെ ചോദ്യങ്ങളെ നേരിടാനാകാതെ ഒളിച്ചോടി. മുഖ്യമന്ത്രിയെപ്പോലെ മാധ്യമങ്ങളോട് കടക്ക് പുറത്തെന്ന് പറയുന്ന ശീലം എനിക്കില്ല. മാദ്ധ്യമങ്ങളെ ഞാന്‍ ഇനിയും കാണും’- വി മുരളീധരന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button