KeralaLatest NewsNews

‘ദേശീയ പാതയിലെ കുഴികൾ കൂടി എണ്ണണം’: കേന്ദ്രമന്ത്രിമാരെ പരിഹസിച്ച് മുഹമ്മദ് റിയാസ്

തിരുവനന്തപുരം: കേന്ദ്ര മന്ത്രിമാരെ പരിഹസിച്ച് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. കേരളത്തില്‍ വരുന്ന കേന്ദ്ര മന്ത്രിമാര്‍ ദേശീയപാതയിലെ കുഴികള്‍ എണ്ണാനും അത് അടയ്ക്കാനും തയ്യാറാകണമെന്ന് അദ്ദേഹം പരിഹസിച്ചു. പൂർത്തിയാകാറായ പദ്ധതികൾക്ക് മുന്നിൽ നിന്ന് പടമെടുത്ത് പോകുന്ന കേന്ദ്ര മന്ത്രിമാർ ദേശീയ പാതയിലെ കുഴികൾ കൂടി എണ്ണണമെന്നാണ് മന്ത്രിയുടെ പരിഹാസം. നിയമസഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കേരളത്തിൽ ജനിച്ച് വളർന്ന ഒരു കേന്ദ്രമന്ത്രിയുണ്ട്. അദ്ദേഹം നടത്തുന്ന വാർത്താ സമ്മേളനങ്ങളേക്കാൾ കുഴികൾ ദേശീയ പാതയിലുണ്ട്. പലതവണ പരാതി പറഞ്ഞിട്ടും ഫലമുണ്ടായില്ല. ദേശീയ പാത വികസനത്തിന് ഭൂമി ഏറ്റെടുക്കാൻ 25 ശതമാനം തുകയാണ് കേരളം നൽകിയത്. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനവും തയ്യാറാകാത്ത കാര്യമാണിത്. എല്ലാവരെയും ഉൾക്കൊള്ളിച്ചു കൊണ്ടാണ് വികസന പദ്ധതികളുമായി മുന്നോട്ടുപോകുന്നത്. വികസനത്തിന്‍റെ എവർറോളിംഗ് ട്രോഫി ആഗ്രഹിച്ചല്ല ഇത്’, മന്ത്രി പറഞ്ഞു.

അതേസമയം ദേശീയ പാത വികസനം നടക്കുന്നു എന്നത് ഒരു യാഥാർഥ്യമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. ദേശീയ പാത വികസനത്തിൽ പ്രതിപക്ഷം സഹകരിക്കുമ്പോൾ മന്ത്രി പ്രകോപനം സൃഷ്ടിക്കുന്നത് ശരിയല്ലെന്നും വി.ഡി. സതീശൻ പറഞ്ഞു.

ഇതിനിടെ വി.ഡി.സതീശനെതിരെ ഒളിയമ്പുമായി മന്ത്രി മുഹമ്മദ് റിയാസ് രംഗത്തെത്തി. താൻ വിമർശിച്ചത് കേന്ദ്രത്തെ ആയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രത്തെ താൻ വിമർശിക്കുമ്പോൾ സഭയിൽ ബി.ജെ.പി പ്രതിനിധി ഉണ്ടായിരുന്നെങ്കിൽ അവർക്ക് പ്രകോപനം ഉണ്ടാകുമെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. അവരില്ലാത്ത സഭയിൽ മറ്റുള്ളവർക്ക് എങ്ങനെ പ്രകോപനം ഉണ്ടായെന്ന് റിയാസ് ചോദിച്ചു. പ്രകോപനം ഉണ്ടായാൽ തനിക്കൊന്നും ചെയ്യാനില്ലെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button