തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ വർഷത്തിൽ മദ്യ വിൽപ്പനയിലൂടെ നേടിയത് 16619 കോടിയുടെ വരുമാനമെന്ന് കണക്കുകൾ. 2021 മെയ് മുതൽ ഈ വർഷം മേയ് വരെയുള്ള കണക്കാണിത്. ഒരു വർഷം കൊണ്ട് വിറ്റഴിച്ചത് 18 കോടി ലിറ്റർ മദ്യമാണ്. ഒന്നാം പിണറായി സര്ക്കാരിന്റെ കാലത്ത് അഞ്ചു വർഷം കൊണ്ട് 64619 കോടി രൂപയായിരുന്നു മദ്യത്തിൽ നിന്നുള്ള വരുമാനം.
രണ്ടാം പിണറായി സർക്കാർ ഒരു വർഷം പൂർത്തിയാക്കുമ്പോൾ മദ്യവിൽപ്പനയിലും മദ്യ ഉപഭോഗത്തിലും റെക്കോഡ് വർദ്ധനയാണ്. കഴിഞ്ഞ ഒരു വർഷം ബിവറേജസ് ഔട്ട്ലറ്റ് വഴി സർക്കാർ വിറ്റത് 18 കോടി ലിറ്റർ മദ്യമാണ്. ഇതുവഴി സർക്കാരിന് ലഭിച്ച വരുമാനം 16619 കോടി രൂപ. വിദേശ മദ്യത്തിന് പുറമെ കഴിഞ്ഞ വർഷം 7 കോടി 82 ലക്ഷം ലിറ്റർ ബിയറും 12 ലക്ഷം ലിറ്റർ വൈനും വിൽപ്പന നടത്തി.
മേൽപ്പറഞ്ഞ കണക്കു പ്രകാരം പ്രതിദിനം മലയാളി കുടിക്കുന്നതാകട്ടെ അഞ്ചു ലക്ഷം ലിറ്റർ മദ്യവും. വിഷുവും ഈസ്റ്ററും ഒന്നിച്ചു വന്നതോടെ ഏപ്രിൽ 13, 14 ദിവസങ്ങളിൽ 133 കോടിയുടെ മദ്യവിൽപ്പനയാണ് നടന്നത്. രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് ഏറ്റവും കൂടുതൽ വിൽപ്പന നടന്നത് 2021 ഡിസംബർ മാസമാണ്. 1643 കോടി രൂപയുടെ മദ്യവിൽപ്പനയാണ് ഡിസംബറിൽ നടന്നത്.
Post Your Comments