അഹമ്മദാബാദ്: മയക്കുമരുന്ന് കേസില്‍ ജയിലില്‍ കഴിയുന്ന മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിനെ വീണ്ടും അറസ്റ്റ് ചെയ്തു. 2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. ട്രാന്‍സ്ഫര്‍ വാറന്റുമായി എത്തിയ ഗുജറാത്ത് പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് സഞ്ജീവ് ഭട്ടിനെ അറസ്റ്റ് ചെയ്തത്. വൈകീട്ടോടെ അറസ്റ്റ് രേഖപ്പെടുത്തിയതായി അഹമ്മദാബാദ് ക്രൈംബ്രാഞ്ച് ഡിസിപി ചൈതന്യ മണ്ഡലിക് അറിയിച്ചു.
ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട കേസില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ക്ലീന്‍ ചിറ്റ് ലഭിച്ചതിന് പിന്നാലെ, സുപ്രീംകോടതിയുടെ നിര്‍ദ്ദേശപ്രകാരമെടുത്ത കേസിലാണ് ആര്‍ ബി ശ്രീകുമാറും ടീസ്ത സെതല്‍വാദും അറസ്റ്റ് ചെയ്യപ്പെട്ടത്. വഞ്ചനാക്കുറ്റം, വ്യാജ തെളിവ് ഉണ്ടാക്കല്‍, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങി വകുപ്പുകള്‍ ചേര്‍ത്താണ് മൂന്നുപേരേയും അറസ്റ്റ് ചെയ്തിരിക്കുന്നത്. അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിക്കെതിരെ ഗൂഢാലോചന നടത്തിയതും കലാപം അടിച്ചമർത്താൻ ശ്രമിച്ച സർക്കാരിനെതിരെ പ്രവർത്തിച്ചതും കോടതിയിൽ തെളിയിക്കപ്പെട്ടു.
മോദിയടക്കം 64 പേരുടെ ക്ലീന്‍ ചിറ്റ് സുപ്രീംകോടതി ശരിവെക്കുകയും ചെയ്തിരുന്നു. സാമൂഹിക പ്രവര്‍ത്തക ടീസ്ത സെതല്‍വാദിനും ഗുജറാത്ത് മുന്‍ ഡിജിപി ആര്‍ ബി ശ്രീകുമാര്‍ എന്നിവര്‍ക്ക് ശേഷം കേസില്‍ അറസ്റ്റ് ചെയ്യപ്പെടുന്ന മൂന്നാമനാണ് സഞ്ജീവ് ഭട്ട്. രാജസ്ഥാനിലെ അഭിഭാഷകനെ കള്ളക്കേസില്‍ കുടുക്കാന്‍ മയക്കുമരുന്ന് സ്ഥാപിച്ചുവെന്ന 27 വര്‍ഷം പഴക്കമുള്ള കേസിലാണ് സഞ്ജീവ് ഭട്ട് ജയിലില്‍ കഴിയുന്നത്.
Post Your Comments