പത്തനംതിട്ട: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ രോഗികൾക്ക് മികച്ച ചികിത്സ ലഭ്യമാക്കുന്നത് ലക്ഷ്യമിട്ടാണ് താലൂക്ക്, ജില്ലാ, ജനറൽ ആശുപത്രികളിൽ സ്‌പെഷ്യാലിറ്റി സർവീസുകൾ ആരംഭിക്കുന്നതെന്നു ആരോഗ്യ, വനിതാശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ്. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ നിർമ്മാണം പൂർത്തിയാക്കിയ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഓരോ സർക്കാർ ആശുപത്രികളിലും രോഗി സൗഹൃദമായ അടിസ്ഥാന സൗകര്യവികസനവും സമീപനവുമാണ് സർക്കാരിന്റെ ലക്ഷ്യം. പൊതുജനാരോഗ്യ സംരക്ഷണത്തിൽ തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനം മാതൃകാപരമാണ്. ആരോഗ്യ മേഖലയിൽ സംസ്ഥാനം മികവ് നേടിയത് കൂട്ടായപ്രവർത്തനത്തിലൂടെയാണെന്നും മന്ത്രി പറഞ്ഞു.
ജില്ലയിലെ ആശുപത്രികളുടെ വികസനത്തിനായും കൂട്ടായ പ്രവർത്തമാണ് നടക്കുന്നത്. ഓക്‌സിജൻ പ്ലാന്റ് പ്രവർത്തന സജ്ജമായതോടെ കോഴഞ്ചേരി താലൂക്ക് ആശുപത്രി ഓക്‌സിജൻ ഉത്പ്പാദനത്തിൽ സ്വയം പര്യാപ്തത നേടി. ആശുപത്രിയുടെ പുതിയ ക്യാഷ്യാലിറ്റി, ഒ.പി ബ്ലോക്ക്, ജില്ലാ ടിളബി ഓഫീസ് നിർമ്മാണം ഉടൻ ആരംഭിക്കും. നേത്ര രോഗ ചികിത്സയ്ക്കായുള്ള യൂണിറ്റ് നിർമ്മാണം ആരംഭിച്ചതായും ലാബ് പ്രവർത്തനം പുതിയ കെട്ടിടത്തിലേക്ക് മാറ്റുമെന്നും മന്ത്രി പറഞ്ഞു.
കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ നിർമ്മാണം പൂർത്തിയാക്കിയ ഓക്‌സിജൻ പ്ലാന്റ്, സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്, ബയോഗ്യാസ് പ്ലാന്റ്, ഹൈ ടെൻഷൻ വൈദ്യുതി ട്രാൻസ്‌ഫോമർ എന്നിവയുടെ ഉദ്ഘാടനവും സ്വിച്ച് ഓൺ കർമവും മന്ത്രി നിർവഹിച്ചു.
വി.കെ.എൽ ഗ്രൂപ്പ് ചെയർമാൻ വർഗീസ് കുര്യൻ, ജില്ലാ ക്യാൻസർ സെന്റർ ഡയറക്ടർ ഡോ. കെ.ജി ശശിധരൻ പിള്ള എന്നിവരെ ജില്ലാ പഞ്ചായത്ത് ആദരിച്ചു.
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ അധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എം.പി, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ആർ. അജയകുമാർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാ തോമസ്, ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി, കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിജി വർഗീസ് ജോൺ, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജിജി മാത്യു, ജില്ലാ പഞ്ചായത്തംഗങ്ങളായ ജോർജ് എബ്രഹാം, ജെസി അലക്‌സ്, ശ്രീനാദേവി കുഞ്ഞമ്മ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിജിലി പി. ഈശോ, ഗീതു മുരളി, ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. എൽ. അനിതകുമാരി, സി.പി.ഐ(എം) ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു, കേരളാ കോൺഗ്രസ് (ജോസഫ്) ജില്ലാ പ്രസിഡന്റ് വിക്റ്റർ ടി.തോമസ്, എൻ.സി.പി സംസ്ഥാന നിർവാഹകസമിതിയംഗം ചെറിയാൻ ജോർജ് തമ്പു, എൽ.ജെ.ഡി ജില്ലാ പ്രസിഡന്റ് മനോജ് മാധവശേരിൽ, കോൺഗ്രസ് എസ് ജില്ലാ ജനറൽ സെക്രട്ടറി ബി. ഷാഹുൽ ഹമീദ്, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രം മാനേജർ ഡോ.എസ്. ശ്രീകുമാർ, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.എസ് പ്രതിഭ തുടങ്ങിയവർ പങ്കെടുത്തു.
Post Your Comments