Latest NewsKerala

ശാസ്ത്രീയ മാര്‍ഗങ്ങളിലൂടെയുള്ള ജനസംഖ്യാ നിയന്ത്രണം വികസിത സമൂഹത്തിന് അനിവാര്യം: ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ഇന്ന് ലോക ജനസംഖ്യാദിനം. ലോകത്തിലെ വിഭവങ്ങൾ സുസ്ഥിരമല്ലാത്ത നിരക്കിൽ ഉപയോഗിക്കപ്പെടുന്നതിനാൽ അമിത ജനസംഖ്യ ഒരു നിർണായക ആശങ്കയാണ്. ലോക ജനസംഖ്യ 500 കോടി തികഞ്ഞതിന്റെ ഓര്‍മ്മയ്ക്ക് 1987 ജൂലൈ 11 നാണ് ആദ്യമായി ജനസംഖ്യാ ദിനം ആചരിച്ചത്. 33 വര്‍ഷങ്ങളായി ജൂലൈ 11 സ്ഥിരം ജനസംഖ്യാദിനമായി ആചരിക്കുന്നുണ്ടെങ്കിലും ബോധവത്കരണം അത്ര ഫലപ്രദമാക്കുന്നില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

1999ല്‍ ലോക ജനസംഖ്യ 600 കോടിയും 2011 ല്‍ 700 കോടിയും പിന്നിട്ടു. 2030-ഓടെ 8.6 ബില്യണിലേക്കും 2050-ഓടെ 9.8 ബില്യണിലേക്കും എത്തുമെന്നും പ്രതീക്ഷിക്കുന്നു.ശാസ്ത്രീയ മാര്‍ഗങ്ങളിലൂടെയുള്ള ജനസംഖ്യാ നിയന്ത്രണം വികസിത സമൂഹത്തിന് അനിവാര്യമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. ‘ജനസംഖ്യാ നിയന്ത്രണം വ്യക്തികളുടെ ആരോഗ്യ സംരക്ഷണത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ കഴിയുന്ന സാഹചര്യം സൃഷ്ടിക്കുന്നു. കുടുംബാസൂത്രണം കുടുംബത്തിന്റെ പുരോഗതിയെ ഏറെ സഹായിക്കും.’

‘എപ്പോള്‍ ഗര്‍ഭധാരണം നടത്തണമെന്ന് തീരുമാനിക്കുന്നതിനും അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യം ഉറപ്പുവരുത്തുവാനും കുടുംബാസൂത്രണത്തിലൂടെ സാധിക്കുന്നു. മാത്രമല്ല, കുട്ടികളുടെ എണ്ണം പരിമിതപ്പെടുത്തുന്നതോടൊപ്പം കുട്ടികളെ നന്നായി വളര്‍ത്തുവാനും അവര്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കാനും സാധിക്കുന്നു.’ അതിലൂടെ ഭാവിയില്‍ ആ വ്യക്തിയുടെ മാത്രമല്ല സമൂഹത്തിന്റേയും രാജ്യത്തിന്റേയും പുരോഗതിയ്ക്ക് കാരണമാകുമെന്നും മന്ത്രി വ്യക്തമാക്കി.

എല്ലാവര്‍ക്കും കുടുംബാസൂത്രണ മാര്‍ഗങ്ങളെപ്പറ്റി അവബോധം ഉണ്ടായിരിക്കണം. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിന് പ്രസവങ്ങള്‍ തമ്മില്‍ കുറഞ്ഞത് മൂന്ന് വര്‍ഷങ്ങളുടെ ഇടവേള വേണം. താല്കാലിക ഗര്‍ഭനിരോധന മാര്‍ഗങ്ങളായ കോണ്ടം, ഗര്‍ഭനിരോധന ഗുളികകള്‍ എന്നിവ സബ് സെന്ററില്‍ നിന്നും ലഭ്യമാണ്. കോപ്പര്‍ ടി നിക്ഷേപിക്കുവാനുള്ള സൗകര്യം പ്രാഥമികാരോഗ്യ കേന്ദ്രം മുതല്‍ മുകളിലേക്കുള്ള ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്നും ലഭ്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. .

shortlink

Related Articles

Post Your Comments

Related Articles


Back to top button