ന്യൂഡൽഹി: രാജ്യത്ത് ജനസംഖ്യാ നിയന്ത്രണത്തിനായി ഉടൻ നിയമം കൊണ്ടുവരുമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് സിങ്ങ്. ശക്തമായ പല തീരുമാനങ്ങളുമെടുക്കാൻ ബി.ജെ.പി സർക്കാരിന് കഴിഞ്ഞിട്ടുണ്ടെന്നും ഇത്തരം തീരുമാനങ്ങൾ ഇനിയുമുണ്ടാകുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. ബറോണ്ട ഐ.സി.എ.ആറിലെ ‘ഗരീബ് കല്യാൺ സമ്മേളനി’ൽ പങ്കെടുക്കാൻ റായ്പൂരിൽ എത്തിയപ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം.
എന്നാൽ, ജനസംഖ്യാ നിയന്ത്രണവുമായി ബന്ധപ്പെട്ട് ആദ്യമായാണ് ഒരു കേന്ദ്രമന്ത്രി പ്രതികരിക്കുന്നത്. മുമ്പ് പല ബി.ജെ.പി നേതാക്കളും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ ധാമി, അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശർമ എന്നിവരും ആവശ്യം ഉന്നയിച്ചിരുന്നു.
അതേസമയം, ഛത്തീസ്ഗഡ് കോൺഗ്രസിനെതിരെയും മന്ത്രി രൂക്ഷവിമർശനമാണ് നടത്തിയത്. കേന്ദ്രത്തിന്റെ വിവിധ പദ്ധതികൾ നടത്തുന്നതിൽ വീഴ്ച വരുത്തിയെന്ന ആരോപണം ഉന്നയിച്ചായിരുന്നു മന്ത്രിയുടെ വിമർശനം. പദ്ധതി നടത്തിപ്പിൽ സംസ്ഥാന സർക്കാര്‍ വളരെ പിന്നിലാണെന്ന് അദ്ദേഹം ആരോപിച്ചു.
Post Your Comments