ന്യൂഡല്‍ഹി: തട്ടിപ്പുകേസില്‍ ജയിലില്‍ കഴിയുന്ന സുകേഷ് ചന്ദ്രശേഖറെ കുറിച്ച് അവിശ്വസനീയമായ വിവരങ്ങള്‍ പുറത്തുവന്നു. ഇയാള്‍ ജയില്‍ അധികൃതര്‍ക്ക് വ്യാപകമായി കൈക്കൂലി നല്‍കുന്നതായാണ് വിവരം. അനധികൃത ഇടപാടുകള്‍ നടത്താനാണ് ഇയാള്‍ ജയില്‍ അധികൃതര്‍ക്ക് കൈക്കൂലി നല്‍കുന്നതെന്നാണ് റിപ്പോര്‍ട്ട്. ജയിലിന് പുറത്തുള്ളവരുമായി ബന്ധപ്പെടുന്നതിന് ഫോണുകള്‍ അടക്കമുള്ള സൗകര്യങ്ങള്‍ കൈക്കൂലിക്ക് പകരമായി ജയില്‍ അധികൃതര്‍ നല്‍കിയതായും സാമ്പത്തിക കുറ്റകൃത്യ വിഭാഗം വ്യക്തമാക്കി.
Read Also:ചോറൂണ് ചടങ്ങിനിടെ ആനക്കൊട്ടിലിന്റെ മേല്‍ക്കൂര ഇടിഞ്ഞുവീണ് അപകടം
200 കോടിയുടെ തട്ടിപ്പ് കേസില്‍ പിടിയിലായ സുകേഷ് ചന്ദ്രശേഖര്‍ ഡല്‍ഹിയിലെ രോഹിണി ജയിലിലാണ് ഇപ്പോഴുള്ളത്. ഇയാളില്‍ നിന്ന് ജയിലിലെ 81 ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കൈക്കൂലി നല്‍കിയതിന്റെ രേഖകളടങ്ങിയ തെളിവുകളും കണ്ടെത്തിയിട്ടുണ്ട്.
ജയില്‍ ജീവനക്കാരില്‍നിന്ന് തന്റെ ജീവന് ഭീഷണിയുണ്ടെന്നും തന്നോട് പണം ആവശ്യപ്പെടുന്നെന്നും ഇയാള്‍ നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ 12.5 കോടി രൂപ തന്റെ പക്കല്‍ നിന്ന് തീഹാര്‍ ജയിലിലെ ജീവനക്കാര്‍ തട്ടിയെടുത്തതായി ഇയാള്‍ ആരോപിച്ചിരുന്നു.
ബിസിനസുകാരനില്‍ നിന്നും 200 കോടി രൂപ തട്ടിയെടുത്തെന്നാണ് ഇയാള്‍ക്കെതിരായ പ്രധാന പരാതി. ഇതിന് പുറമെ 20 ഓളം കവര്‍ച്ച കേസുകളും ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ജയിലിനുള്ളില്‍ കിടന്നും ഇയാള്‍ പണമിടപാടുകള്‍ നിയന്ത്രിച്ചിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. നേരത്തെ സുകേഷിന്റെ ഭാര്യയായ ലീന മരിയ പോളിന്റെ വീട്ടില്‍ ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. ഇവര്‍ക്കും ഈ കേസില്‍ പങ്കുണ്ടെന്നാണ് വിവരം.
Post Your Comments