മധ്യപ്രദേശ്: ആക്ടിവിസ്റ്റ് മേധാ പട്കറിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്തു. ആദിവാസി കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ പേരിൽ മേധാ പട്കറും മറ്റ് ചിലരും ഫണ്ട് ദുരുപയോഗം ചെയ്തതായി ആരോപണം ഉയർന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് മേധാ പട്കറിനും മറ്റ് 11 പേർക്കുമെതിരെയാണ് മധ്യപ്രദേശിലെ ബർവാനിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
ആദിവാസി കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ധനസഹായം നൽകാമെന്ന് പറഞ്ഞ് മേധാ പട്കർ 13 കോടിയിലധികം രൂപ തട്ടിയെടുത്തതായി, പരാതി നൽകിയ പ്രീതം രാജ് എഫ്.ഐ.ആറിൽ ആരോപിച്ചു. 2007 നും 2022 നും ഇടയിൽ ആദിവാസി ദരിദ്രരുടെ വിദ്യാഭ്യാസത്തിനായി ശേഖരിച്ച സംഭാവനകളുടെ കണക്കില്ലാത്തതിനാൽ, മേധാ പട്കർ ഫണ്ട് ദുരുപയോഗം ചെയ്തതായും പരാതിയിൽ പറയുന്നു.
‘നർമദ നവനിർമ്മാൺ അഭിയാൻ’ ഫൗണ്ടേഷനിലൂടെ മേധാ പട്കർ 13 കോടിയിലധികം രൂപ സമാഹരിച്ചതായും വിദ്യാഭ്യാസത്തിനായി സംഭാവന അഭ്യർത്ഥിച്ച് സർക്കാർ വിരുദ്ധ വികാരം ഇളക്കിവിട്ടെന്നും പ്രീതം രാജ് എഫ്.ഐ.ആറിൽ ആരോപിച്ചു. മേധാ പട്കറെ കൂടാതെ, പർവീൺ റോമു ജഹാംഗീർ, വിജയ ചൗഹാൻ, കൈലാഷ് അവസ്യ, മോഹൻ പട്ടീദാർ, ആശിഷ് മാൻഡ്‌ലോയ്, സഞ്ജയ് ജോഷി തുടങ്ങിയവരെയാണ് എഫ്.ഐ.ആറിൽ പ്രതി ചേർത്തിരിക്കുന്നത്.
Post Your Comments