പാലക്കാട് ജില്ലാ ആസ്ഥാനത്ത് നിന്ന് 60 കിലോമീറ്റര്‍ അകലെയായി ഉള്ള ഒരു പ്രശസ്തമായ മലയും വിനോദസഞ്ചാര കേന്ദ്രവുമാണ് നെല്ലിയാമ്പതി. ഭാരതപ്പുഴ, ചാലക്കുടിപ്പുഴ, കാവേരി നദി എന്നിവയുടെ പ്രധാനപ്പെട്ട വൃഷ്ടിപ്രദേശമാണ് നെല്ലിയാമ്പതി. തേയില, കാപ്പി തോട്ടങ്ങള്‍ക്കും ശീതളമായ കാലാവസ്ഥയ്ക്കും പ്രശസ്തമാണ് നെല്ലിയാമ്പതി. പാവപ്പെട്ടവരുടെ ഊട്ടി എന്ന അപരനാമത്തിലും നെല്ലിയാമ്പതി അറിയപ്പെടുന്നു. നിത്യഹരിത വനമേഖലയായ നെല്ലിയാമ്പതിയുടെ വിസ്തൃതി 82 ചതുരശ്ര കിലോമീറ്ററാണ്. ധാരാളം ചോലക്കാടുകളും പുല്‍മേടുകളുമുണ്ട്. ഏറ്റവും ഉയരമേറിയ പാടഗിരി സമുദ്രനിരപ്പില്‍ നിന്ന് 1585.08 മീറ്റര്‍ ഉയരത്തിലാണ്. ജനുവരി മുതല്‍ മെയ് വരെ പകല്‍ തണുപ്പുകുറഞ്ഞ കാലാവസ്ഥയും ജൂണ്‍ മുതല്‍ ഡിസംബര്‍ വരെ തണുപ്പുകൂടിയ കാലാവസ്ഥയുമാണ്.
പേരിനു പിന്നില്‍
നെല്ലി ദേവതയുടെ ഊര് എന്നാണ് നെല്ലിയാമ്പതിയുടെ അര്‍ത്ഥം. കേരളത്തിലെ ആദിമനിവാസികള്‍ തങ്ങളുടെ ദൈവങ്ങള്‍ മലകളിലും മരങ്ങളിലും വസിക്കുന്നുവെന്ന് സങ്കല്പിച്ചിരുന്നവരാണ്. ഇതില്‍ തന്നെ കാര്‍ഷിക വൃത്തിയിലേര്‍പ്പെട്ടിരുന്നവര്‍ അമ്മദൈവങ്ങളെ മാത്രമേ ആരാധിച്ചിരുന്നുള്ളൂ. ഇത്തരത്തില്‍ നെല്ലിമരത്തില്‍ ആസ്ഥാനമാക്കിയ ദേവതയുടെ പേരില്‍ നിന്നാണ് നെല്ലിയാമ്പതിയുടെ സ്ഥലനാമോല്പ്പത്തി. (പതി എന്നാല്‍ ഊര് എന്നര്‍ത്ഥം). പാവങ്ങളുടെ ഊട്ടി എന്ന അപരനാമത്തിലും നെല്ലിയാമ്പതി അറിയപ്പെടുന്നുണ്ട്.
ഭൂമിശാസ്ത്രം
നെല്ലിയാമ്പതി പ്രദേശത്തെ ആദ്യത്തെ പട്ടണമായ കൈകാട്ടി നെന്മാറയില്‍ നിന്ന് 26 കിലോമീറ്റര്‍ അകലെയാണ്. കൈകാട്ടിയില്‍ നിന്ന് 9 കിലോമീറ്റര്‍ അകലെയുള്ള പോത്തുണ്ടി ഡാം അടുത്തുള്ള നെല്‍വയലുകളില്‍ കാര്‍ഷിക ജലസേചനത്തിന് ജലം നല്‍കുന്നു. നെല്ലിയാമ്പതി മലയുടെ താഴ്വാരത്തിലാണ് ഈ അണക്കെട്ട്. ഇവിടെ നിന്ന് റോഡ് 17 കിലോമീറ്ററോളം വളഞ്ഞുപുളഞ്ഞ് മുകളിലേക്ക് പോവുന്നു. ധാരാളം ഹെയര്‍പിന്‍ വളവുകള്‍ ഈ വഴിയില്‍ ഉണ്ട്. പോത്തുണ്ടി ഡാം കഴിയുമ്പോള്‍ കാണുന്ന സര്‍ക്കാര്‍ വനങ്ങളില്‍ ഭീമാകാരമായ തേക്ക് മരങ്ങളെ കാണാം. നെല്ലിയാമ്പതിയിലേക്കുള്ള റോഡ് വളരെ ഇടുങ്ങിയതാണ്. വഴിയില്‍ കുരങ്ങ്, മാന്‍, മുള്ളന്‍പന്നി തുടങ്ങിയ കാട്ടുമൃഗങ്ങളെ കാണാം. മഴക്കാലത്ത് ഈ വഴിയില്‍ നിന്ന് പല വെള്ളച്ചാട്ടങ്ങളെയും കാണാം. ഉയരത്തില്‍ നിന്നുള്ള പോത്തുണ്ടി ഡാമിന്റെ ദൃശ്യം വളരെ മനോഹരമാണ്.
സൗകര്യങ്ങള്‍
നെല്ലിയാമ്പതി മലകളിലെ ഒരു ചെറിയ കാട്ടരുവി
കൈകാട്ടിയില്‍ സര്‍ക്കാര്‍ നടത്തുന്ന ഒരു അതിഥിഭവനം ഉണ്ട്. സസ്യ-സസ്യേതര ഭക്ഷണം ഇവിടേ ലഭ്യമാണ്.
പുറം ലോകവുമായുള്ള ഏക പൊതു ഗതാഗത മാര്‍ഗ്ഗം കെ.എസ്.ആര്‍.ടി.സി.യുടെ ബസ്സുകള്‍ ആണ്. പാലക്കാടിനും നെല്ലിയാമ്പതിക്കും ഇടയ്ക്ക് സര്‍ക്കാര്‍ ബസ്സുകള്‍ ഓടുന്നു. മലമ്പ്രദേശങ്ങളില്‍ ജീപ്പുകളാണ് പൊതുവെ ഉള്ള ഗതാഗത മാര്‍ഗ്ഗം. പച്ചക്കറികളും പലചരക്കു സാധനങ്ങളും നെന്മാറയില്‍ നിന്ന് നെല്ലിയാമ്പതിയിലേക്ക് ജീപ്പുകളില്‍ കൊണ്ടുവരുന്നു.
കൈകാട്ടിക്ക് അടുത്തുള്ള വിനോദസഞ്ചാര സ്ഥലങ്ങള്‍
നെല്ലിയാമ്പതി സീറാര്‍ കുണ്ടില്‍ നിന്നുള്ള പാലക്കാട് ജില്ലയുടെ കാഴ്ച
കൈകാട്ടിക്ക് അടുത്തായി പല മനോഹരമായ സ്ഥലങ്ങളും ഉണ്ട്. കേശവന്‍പാറ എന്ന സ്ഥലത്തുനിന്നും നോക്കിയാല്‍ താഴെ താഴ്വാരത്തിന്റെ മനോഹരമായ പ്രകൃതി ദൃശ്യം കാണാം.
മറ്റൊരു പ്രധാന വിനോദസഞ്ചാര ആകര്‍ഷണമാണ് സീതാര്‍കുണ്ട്. രാമനും ലക്ഷ്മണനും സീതയും വനവാസക്കാലത്ത് ഇവിടെ ജീവിച്ചിരുന്നു എന്നാണ് വിശ്വാസം. സീത ഇവിടത്തെ കാട്ടുചോലയില്‍ നിന്ന് വെള്ളമെടുത്ത് പൂജകള്‍ അര്‍പ്പിച്ചു എന്നും വിശ്വസിക്കപ്പെടുന്നു. മലമുകളില്‍ നിന്ന് ദൂരെനിന്നു തന്നെ സീതാര്‍കുണ്ട് കാണാം. ദൂരെയുള്ള ചുള്ളിയാര്‍, മീങ്കാര അണക്കെട്ടുകളും കൊല്ലങ്കോട് പട്ടണവും മലമുകളില്‍ നിന്ന് കാണാന്‍ കഴിയും.
Post Your Comments