ഹൈദരാബാദ് സന്ദര്‍ശിക്കുന്നവര്‍ ഒരിക്കലും മിസ് ചെയ്യാന്‍ പാടില്ലാത്ത നിരവധി കാഴ്ച്ചകളും അനുഭവങ്ങളുമുണ്ട്. ചാര്‍മിനാര്‍ മുതല്‍ ഹൈദരാബാദി ബിരിയാണി വരെ നീണ്ടു കിടക്കുന്നതാണ് ഹൈദരാബാദിലെ കാഴ്ചകൾ. എത്ര തവണ എത്ര സമയമെടുത്തു പോയാലും ഓരോ തവണയും എന്തൊക്കെയോ ഹൈദരാബാദിൽ കാണുവാൻ ബാക്കിയാകും എന്ന കാര്യത്തിൽ സംശയമില്ല. നൈസാമിന്‍റെ നഗരമെന്നും മുത്തുകളുടെ നഗരമെന്നും അറിയപ്പെടുന്ന ഇവിടെ എത്തിയാൽ ആദ്യം യാത്ര പ്ലാനിലുണ്ടാവുക ഫിലിം സിറ്റി തന്നെയായിരിക്കും. ഹൈദരാബാദ് എത്തുന്നവർ പ്രധാനമായും സന്ദർശിക്കേണ്ട സ്ഥലങ്ങൾ ഇതാ..
ചാർമിനാർ
ഹൈദരാബാദില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന ചാര്‍മിനാർ, സന്ദര്‍ശകരുടെ ഇഷ്ട കേന്ദ്രങ്ങളിലൊന്നാണ്. രാജഭരണത്തിന്‍റെ അടയാളമായ ചാര്‍മിനാറിന് ചുറ്റും ആയിരങ്ങള്‍ തെരുവുകച്ചവടത്തിലൂടെ ഉപജീവന മാര്‍ഗം കണ്ടെത്തുന്നുമുണ്ട്. പേരു പോലെ തന്നെ നാല് മിനാരങ്ങളോടു കൂടിയ കെട്ടിടമാണ് ചാര്‍മിനാര്‍. രാത്രിയിലും പകലും വ്യത്യസ്ത കാഴ്ച്ചകള്‍ സമ്മാനിക്കുന്നു എന്നതാണ് പ്രത്യേകത. രാത്രിയില്‍ ചാര്‍മിനാര്‍ കാണുന്നത് മറ്റൊരു അനുഭവമാണ്. ഗ്രൈനൈറ്റ്, ചുണ്ണാമ്പുകല്ല്, കരിങ്കല്ല് എന്നിവ ഉപയോഗിച്ചാണ് ചാര്‍മിനാര്‍ നിര്‍മ്മിച്ചിരിക്കുന്നത്.
നഗരത്തിരക്കുകള്‍ക്കിടയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ചാര്‍മിനാര്‍ സന്ദര്‍ശിക്കാന്‍ നിരവധിപ്പേരാണ് ഇവിടെ എത്തുന്നത്. യുനെസ്‌കോയുടെ പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള സ്ഥലമാണ് ചാര്‍മിനാര്‍. ചാര്‍മിനാറില്‍ വരുന്നവര്‍ക്ക് വിശാലമായ ഷോപ്പിംഗ് അനുഭവവും ലഭിക്കും. ഇതിന്റെ സമീപ പ്രദേശങ്ങളില്‍ നിരവധി കടകള്‍ കാണാം. നഗരഹൃദയത്തില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ മാറിയാണ് ചാര്‍മിനാര്‍ സ്ഥിതി ചെയ്യുന്നത്.
റാമോജി ഫിലിം സിറ്റി
സിനിമാ പ്രേമികള്‍ ഒരിക്കലും സന്ദര്‍ശിക്കാന്‍ വിട്ടുപോകാത്ത സ്ഥലമാണ് റാമോജി ഫിലിം സിറ്റി. ബോളിവുഡ് മുതല്‍ നമ്മുടെ മലയാളം സിനിമകള്‍ക്ക് വരെ ലൊക്കേഷനായിട്ടുള്ള സ്ഥലമാണിവിടം. ഇരുപത് ഫിലിം യൂണിറ്റുകളെ ഒരേ സമയം ഫിലിം സിറ്റിയില്‍ ഉള്‍ക്കൊള്ളാനാകും. ലണ്ടന്‍ സ്ട്രീറ്റ്, ഹോളിവുഡ് സിഗ്നേജ്, ജാപ്പനീസ് ഗാര്‍ഡന്‍സ്, എയര്‍പോര്‍ട്ട്, ആശുപത്രി, വിവിധതരം ഭൂപ്രകൃതിയിലുള്ള സ്ഥലങ്ങള്‍, ലബോറട്ടറികള്‍ തുടങ്ങിയവ ഇതിനുള്ളിലുണ്ട്. ഇതെല്ലാം ഷൂട്ടിങ്ങിനായി ഉപയോഗിക്കുന്ന സ്ഥലങ്ങളാണ്. വെറുതെ കറങ്ങുക മാത്രമല്ല, വിവിധതരം വിനോദ പരിപാടികളും സിറ്റിക്കുള്ളിലുണ്ട്. സാഹസിക വിനോദങ്ങള്‍, ടോയ് ട്രെയിന്‍ റൈഡ് തുടങ്ങിയവയും ആസ്വദിക്കാം.
റാമോജി ഫിലിം സിറ്റിയിലെ സന്ദര്‍ശന സമയം
മുതിര്‍ന്നവര്‍ക്ക് 900 രൂപയും കുട്ടികള്‍ക്ക് 800 രൂപയാണ് ഇവിടത്തെ ടിക്കറ്റ് നിരക്ക്. സന്ദര്‍ശന സമയം രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം എട്ടു വരെ. നഗരത്തില്‍ നിന്ന് 25 കിലോമീറ്റര്‍ മാറിയാണ് റാമോജി ഫിലിം സിറ്റി സ്ഥിതി ചെയ്യുന്നത്.
ഹുസൈന്‍ സാഗര്‍ തടാകം
ഏഷ്യയിലെ ഏറ്റവും വലിയ മനുഷ്യനിര്‍മ്മിത തടാകം എന്നറിയപ്പെടുന്ന ഹുസൈന്‍ സാഗര്‍ തടാകം ഹൈദരാബാദിലാണുള്ളത്. തടാകത്തിന്റെ മധ്യഭാഗത്ത് തലയുയര്‍ത്തി നില്‍ക്കുന്ന ബുദ്ധപ്രതിമയാണ് ഇവിടത്തെ ഹൈലൈറ്റ്. നഗരത്തില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ മാറി സ്ഥിതി ചെയ്യുന്ന ഈ സ്ഥലം വിശ്രമവേളകള്‍ക്കായി ഉപയോഗപ്പെടുത്താം. തടാകം കാണാന്‍ ടിക്കറ്റുകള്‍ എടുക്കേണ്ട ആവശ്യമില്ല. എന്നാല്‍ ഹുസൈന്‍ സാഗറുമായി ബന്ധപ്പെട്ട് നിരവധി വിനോദ പരിപാടികള്‍ ഒരുക്കിയിട്ടുണ്ട്. തടാകത്തിന് സമീപത്തെ ലുംബിനി പാര്‍ക്കില്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയുണ്ട്.
സന്ദര്‍ശന സമയം
സാധാരണ ദിവസങ്ങളില്‍ വൈകുന്നേരം 7.15നാണ് ഷോ ആരംഭിക്കുക. അമ്പത് രൂപയാണ് ഒരാള്‍ക്കുള്ള ടിക്കറ്റ് നിരക്ക്. വാഹനം പാര്‍ക്ക് ചെയ്യുന്നതിന് 10 രപ നല്‍കണം.
ഗോല്‍ക്കൊണ്ട കോട്ട
നഗര ഹൃദയത്തില്‍ നിന്ന് ഒമ്പതു കിലോമീറ്റര്‍ മാറിയാണ് ഗോല്‍ക്കൊണ്ട കോട്ട സ്ഥിതി ചെയ്യുന്നത്. 1600ലാണ് ഈ കോട്ട പണികഴിപ്പിച്ചത്. ചരിത്രകഥകള്‍ നിരവധി പറയാനുണ്ട് ഗോല്‍ക്കൊണ്ട കോട്ടയ്ക്ക്. കോഹിന്നൂര്‍ വജ്രം സൂക്ഷിച്ചിരുന്ന സ്ഥലം എന്ന നിലയിലാണ് ഈ കോട്ട ലോകശ്രദ്ധ നേടിയത്. ഗോല്‍ക്കൊണ്ടയിലെ അത്ഭുത കാഴ്ച്ചകള്‍ കാണാന്‍ നിരവധിപ്പേരാണ് ദിവസവും വരുന്നത്. വൈകുന്നേരങ്ങളില്‍ ഇവിടം സന്ദര്‍ശിച്ചാല്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയ്ക്കും കൂടി സാക്ഷ്യം വഹിക്കാം.
സന്ദര്‍ശന സമയം
രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം അഞ്ച് വരെയാണ് ഇവിടത്തെ സന്ദര്‍ശന സമയം. ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് അഞ്ച് രൂപ ടിക്കറ്റ് എടുത്താല്‍ മതിയാകും.
സ്‌നോ വേള്‍ഡ്
ഇന്ത്യയിലെ ആദ്യത്തെ സ്‌നോ തീംഡ് പാര്‍ക്ക് ഹൈദരാബാദിലാണുള്ളത്. ഹുസൈന്‍ സാഗര്‍ തടാകത്തിന് സമീപം ലോവര്‍ ടാങ്ക് ബണ്ട് റോഡിലാണ് സ്‌നോ വേള്‍ഡ് പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. ഓരേസയം 2400 സന്ദര്‍ശകരെ വരെ ഈ പാര്‍ക്കില്‍ ഉള്‍ക്കൊള്ളാനാകും. പൂജ്യം ഡിഗ്രിയിലും താഴെയുള്ള തണുപ്പ് ഇവിടെ അനുഭവിക്കാനാകും എന്നതാണ് പ്രത്യേകത. ഇരുപത് ഡിഗ്രി സെല്‍ഷ്യസ് തണുപ്പിലാണ് തുടക്കം. അത് പിന്നെ പൂജ്യം ആകും. അധികം വൈകാതെ മൈനസ് ഡിഗ്രിയിലേക്ക് പോകും.
Read Also:- റഷ്യൻ മുന്നേറ്റം തടയണം: കിഴക്കൻ യൂറോപ്പിൽ കൂടുതൽ സൈന്യത്തെ വിന്യസിക്കാൻ ഉത്തരവിട്ട് യുഎസ്
മഞ്ഞു വീഴ്ച്ച നേരിട്ട് അനുഭവിക്കാന്‍ സാധിക്കാത്തവര്‍ക്ക് സ്‌നോ വേള്‍ഡിലേക്ക് വരാം. കുട്ടികളുമൊത്ത് സമയം ചെലവിടാന്‍ പറ്റിയ സ്ഥലമാണിത്. നിരവധി റൈഡുകളും ഒരുക്കിയിട്ടുണ്ട്. പരസ്പരം മഞ്ഞു വാരിയെറിഞ്ഞ് കളിക്കാനാണ് ഏവരും ഇഷ്ടപ്പെടുന്നത്. വേനല്‍ക്കാലത്ത് പാര്‍ക്ക് സന്ദര്‍ശിക്കുന്നതാണ് നല്ലത്. മെയ് മാസം മുതല്‍ സെപ്റ്റംബര്‍ മാസം വരെ ഉചിതമായിരിക്കും.
സന്ദര്‍ശന സമയം
രാവിലെ 11 മുതല്‍ വൈകുന്നേരം 8 വരെയാണ് ഇവിടത്തെ സന്ദര്‍ശന സമയം. മുതിര്‍ന്നവര്‍ക്ക് 450 രൂപയാണ് ടിക്കറ്റ് നിരക്ക്. പത്താം ക്ലാസിന് താഴെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് 250 രൂപയും അതിന് മുകളിലേക്കുള്ള വിദ്യാര്‍ത്ഥികള്‍ക്ക് 300 രൂപയും ഈടാക്കും.
Post Your Comments