മുംബൈ: ബിനോയ് കോടിയേരിക്കെതിരെ ബിഹാർ സ്വദേശിനി നൽകിയ പീഡനക്കേസ് ഒത്തുതീർപ്പാക്കാനുള്ള ശ്രമം ബോംബെ ഹൈക്കോടതി തടഞ്ഞതോടെ കോടിയേരി കുടുംബം വീണ്ടും വെട്ടിലായിരിക്കുകയാണ്. കേസ് ഒത്തുതീതീർപ്പായി എന്ന് കാണിച്ച് ബിനോയിയും പരാതിക്കാരിയായ ബീഹാർ സ്വദേശിനിയും കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ പറയുന്ന കാര്യങ്ങൾ സി.പി.എമ്മിനെയും പ്രതിരോധത്തിലാക്കാൻ സാധ്യത. ബീഹാർ സ്വദേശിനിയെ തനിക്കറിയില്ലെന്നും, കുട്ടി തന്റേതല്ലെന്നുമായിരുന്നു ഇത്രയും നാൾ ബിനോയ് ആവർത്തിച്ച് പറഞ്ഞിരുന്നത്. എന്നാൽ, കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ കുട്ടി തന്റേത് തന്നെയെന്ന് ബിനോയ് സമ്മതിക്കുകയാണ്.
തങ്ങളുടെ കുട്ടിയുടെ ഭാവി ഓർത്താണ് കേസ് ഒത്തുതീർക്കാൻ തീരുമാനിച്ചതെന്ന് ബിനോയ് കോടിയേരിയും യുവതിയും ഒപ്പിട്ട അപേക്ഷയിൽ പറയുന്നു. എന്നാൽ, ഇത് പരിഗണിക്കാനാവില്ലെന്ന് പറഞ്ഞ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഹർജി തള്ളുകയായിരുന്നു. കേസ് ഉയർന്ന് വന്നപ്പോൾ അത് പാർട്ടിയെയും പാർട്ടി സെക്രട്ടറിയേയും താറടിച്ച് കാണിക്കാനുള്ള വ്യാജ പരാതിയെന്നായിരുന്നു സി.പി.എം സ്വീകരിച്ച നിലപാട്. ബിനോയ് കോടിയേരിയെ സംരക്ഷിക്കാൻ സൈബർ സഖാക്കൾ സോഷ്യൽ മീഡിയയിൽ പ്രതിരോധ കോട്ട പണിയുകയും ചെയ്തു.
Also Read:മരിച്ചവരെ സ്വപ്നം കണ്ടാൽ
പരാതിക്കാരി പരാതിയുമായി രംഗത്തെത്തിയപ്പോൾ ഇതിനെ എതിർത്തയാളായിരുന്നു ബിനോയി. തനിക്ക് ഈ യുവതിയുമായി ബന്ധമില്ലെന്നും ഇത് ബ്ളാക്ക് മെയിലിംഗ് ആണെന്നുമായിരുന്നു അന്ന് ബിനോയ് ആവർത്തിച്ച് പറഞ്ഞത്. എന്നാൽ, അതേ ബിനോയ് തന്നെ ഇന്ന് അത് തിരുത്തി പറയുന്ന കാഴ്ചയാണ് കാണാനാകുന്നത്.
കേസ് ഒത്തുതീർപ്പാക്കാനുള്ള വാദത്തിനിടെ ഇരുവരും വിവാഹിതരായതാണോ എന്ന് ജസ്റ്റിസ് നിതിൻ ജാംദാർ ചോദിച്ചപ്പോൾ, വിവാഹം ചെയ്തിട്ടില്ലെന്ന് ബിനോയിയുടെ അഭിഭാഷകനും വിവാഹം ചെയ്തിട്ടുണ്ടെന്ന് യുവതിയുടെ അഭിഭാഷകനും കോടതിമുമ്പാകെ വ്യക്തമാക്കി. യുവതി മൂന്നുവർഷംമുമ്പ് നൽകിയ കേസ് കള്ളക്കേസായിരുന്നെന്നാണ് ബിനോയി കോടതിയിൽ ഇതുവരെ വാദിച്ചത്. ഇന്നലെ നൽകിയ അപേക്ഷയിൽ തങ്ങളുടെ കുട്ടി ആണെന്നും കുട്ടിയുടെ ഭാവിയെ കരുതി കേസ് ഒത്തുതീർപ്പാക്കിയെന്നും ബിനോയ് കുറ്റസമ്മതം നടത്തുമ്പോൾ വെട്ടിലാവുന്നത് ബിനോയിയെ ഇതുവരെ സംരക്ഷിച്ച് പിടിച്ചിരുന്ന കോടിയേരി ബാലകൃഷ്ണനാണ്.
തനിക്കെതിരായ പരാതി വ്യാജമാണെന്നും എഫ്ഐആര്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ബിനോയ് കോടിയേരിയാണ് ആദ്യം ബോംബൈ ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്ന് ഡിഎൻഎ പരിശോധനയിലൂടെ കുട്ടിയുടെ പിതൃത്വം തെളിയിക്കാൻ കോടതി ഉത്തരവിട്ടു. ഇതേ തുടര്‍ന്ന് നടത്തിയ ഡിഎൻഎ പരിശോധനയുടെ ഫലം രണ്ട് വര്‍ഷമായി കോടതിയുടെ പരിഗണനയിൽ ഇരിക്കുകയാണ്. ഹൈക്കോടതിയൽ സമർപ്പിച്ച ഡി.എൻ.എ. പരിശോധനാ റിപ്പോർട്ട് ഇതുവരെ പുറത്തുവിട്ടിട്ടില്ല.
Also Read:ഷിൻസോ ആബേയുടെ മരണം: കൊലയാളിയെ ‘ഹീറോ’ ആക്കി ചൈന, ഷാംപെയ്ൻ പൊട്ടിച്ച് ആഘോഷം
കേസ് ഉയർന്ന് വന്നപ്പോൾ, ബിനോയിയെ പിന്തുണച്ച് കൊണ്ട് കോടിയേരി ബാലകൃഷ്ണൻ പത്രസമ്മേളനം വരെ നടത്തിയിരുന്നു. കൃത്യമായി പറഞ്ഞാൽ മൂന്ന് വർഷം മുൻപായിരുന്നു അത്. തന്റെ മകൻ ആരോപണ വിധേയനായിരുന്നു എന്നാണ് കോടിയേരി അന്ന് പറഞ്ഞത്. നിരപരാധിത്വം തെളിയിക്കേണ്ടത് ബിനോയിയുടെ വ്യക്തിപരമായ ഉത്തരവാദിത്തം ആണെന്ന് കോടിയേരി പറഞ്ഞെങ്കിലും, അദ്ദേഹം മകനെ പൂർണമായും തള്ളിപ്പറഞ്ഞിരുന്നില്ല.
അതേസമയം, കോടികൾ നൽകിയാണ് കേസ് ഒത്തുതീർപ്പിലേക്കെത്തിയതെന്നാണ് ഉയരുന്ന ആരോപണം. ബിനോയിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് പത്രം വീക്ഷണം രംഗത്തെത്തി. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു വ്യവസായിയുടെ മധ്യസ്ഥതയിലാണ് കേസ് ഒത്തുതീർപ്പാക്കിയതെന്നാണ് വീക്ഷണം റിപ്പോർട്ട് ചെയ്യുന്നത്. യുവതിക്ക് വിദേശത്ത് ജോലിയും കുട്ടിക്ക് ജീവനാംശമായി വലിയൊരു തുകയും നൽകാനാണ് ഇവർ തീരുമാനിച്ചതെന്നാണ് സൂചന.
Post Your Comments