
ന്യൂഡൽഹി: മുൻ ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബേയുടെ കൊലപാതക വാർത്ത ഞെട്ടിപ്പിക്കുന്നതാണ്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടയിൽ ഏറ്റവും അറിയപ്പെടുന്ന ജാപ്പനീസ് രാഷ്ട്രീയക്കാരനായിരുന്നു മുൻ പ്രധാനമന്ത്രി ഷിൻസോ ആബേ. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ മരണം ലോകമെമ്പാടുമുള്ള അദ്ദേഹത്തിന്റെ സമകാലികരെ ഉലച്ചു.
ആബേയുടെ മരണത്തിൽ ജപ്പാന് നഷ്ടമായത് ഒരു അപൂർവ രാഷ്ട്രതന്ത്രജ്ഞനെയാണ്. ജപ്പാനിൽ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായിരുന്ന വ്യക്തിയാണ് അദ്ദേഹം. സമാനതകളില്ലാത്ത പ്രതിബദ്ധതയോടും കർമ്മബോധത്തോടും കൂടി ആബേ ജപ്പാനെയും ലോകത്തെയും സേവിച്ചുവെന്ന് ലോകം ഒന്നടങ്കം പറയുന്നു. മികച്ച കാഴ്ചപ്പാടുകളുള്ള നേതാവായിരുന്നു അദ്ദേഹം. ഇന്ത്യ, അമേരിക്ക, ഓസ്‌ട്രേലിയ, തായ്‌വാൻ എന്നിവിടങ്ങളിൽ അദ്ദേഹം നടത്തിയ സന്ദർശനം സൗഹൃദത്തിലേക്കുള്ള പാതയായിരുന്നു. ഈ രാജ്യങ്ങളുമായുള്ള ബന്ധം ഊട്ടിഉറപ്പിക്കുന്നതിൽ അദ്ദേഹം അസാധാരണ പങ്കാളിയായി.
ആബേ തന്റെ ഭരണകാലത്ത് അമേരിക്കയും ജപ്പാനും തമ്മിലുള്ള ബന്ധം ‘പുതിയ ഉയരങ്ങളിലേക്ക്’ കൊണ്ടുപോയി. ജപ്പാൻ-ഇന്ത്യ ബന്ധത്തിന്റെ കാര്യത്തിലും അദ്ദേഹം അങ്ങനെ തന്നെ ചെയ്തു. ഇതിനകം വളർന്നുവരുന്ന ജപ്പാൻ-ഇന്ത്യ ബന്ധം കൂടുതൽ ആഴത്തിലാക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ആഴത്തിലുള്ള വ്യക്തിപരമായ ബന്ധവും ആബേ സ്ഥാപിച്ചിരുന്നു.
Also Read:ശിവഗിരി മഠം ട്രസ്റ്റ് ബോർഡ് അംഗം സ്വാമി ഗുരുപ്രസാദിനെതിരെ പീഡന പരാതിയുമായി മലയാളി നഴ്‌സ്
ഇന്ത്യ, യുണൈറ്റഡ് സ്റ്റേറ്റ്സ്, യുണൈറ്റഡ് കിംഗ്ഡം, ഫ്രാൻസ്, റഷ്യ, ഓസ്‌ട്രേലിയ, ഇന്തോനേഷ്യ, തായ്‌വാൻ എന്നിവിടങ്ങളിൽ നിന്നുള്ള ലോകമെമ്പാടുമുള്ള ഉന്നത നേതാക്കളും രാഷ്ട്രീയക്കാരും ആബേയുടെ മരണത്തിൽ അഗാധമായ ദുഃഖം പ്രകടിപ്പിച്ചതിൽ അതിശയിക്കാനില്ല. ‘എന്റെ പ്രിയ സുഹൃത്ത് ആബേ ഷിൻസോയ്‌ക്കെതിരായ ആക്രമണത്തിൽ അഗാധമായ വിഷമമുണ്ട്. ഞങ്ങളുടെ ചിന്തകളും പ്രാർത്ഥനകളും അദ്ദേഹത്തിനും കുടുംബത്തിനും ജപ്പാനിലെ ജനങ്ങൾക്കും ഒപ്പമുണ്ട്’, എന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തത്.
ജപ്പാൻ-ഇന്ത്യ ബന്ധം പ്രോത്സാഹിപ്പിക്കുന്നതിൽ ആബേയുടെ ചരിത്രപരമായ ശ്രമങ്ങൾ കണക്കിലെടുക്കുമ്പോൾ, അദ്ദേഹത്തിന്റെ ദാരുണമായ വിയോഗത്തിൽ ഒരു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിക്കാൻ മോദി സർക്കാർ തീരുമാനിച്ചത് എന്തുകൊണ്ടും ആവശ്യമായിരുന്നുവെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി വളരെ അടുത്ത ബന്ധം പുലർത്തിയിരുന്ന ആബേയ്‌ക്ക് ഇന്ത്യ പത്മവിഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്.
അതേസമയം, ജപ്പാന്റെ അടുത്ത അയൽരാജ്യമായ ചൈനയിൽ നിന്നുള്ള ഒരു ഉന്നത നേതാവും ഇതുവരെ ആബേയുടെ മരണത്തിൽ ദുഃഖം പ്രകടിപ്പിച്ചിട്ടില്ല എന്നത് ആശ്ചര്യകരമാണ്.
പടിഞ്ഞാറൻ ജപ്പാനിലുള്ള നാര മേഖലയിൽ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയുമായി ബന്ധപ്പെട്ട് വേദിയിൽ പ്രസംഗിക്കുന്നതിനിടെയായിരുന്നു ഷിൻസോ ആബേയ്‌ക്ക് നേരെ അക്രമി വെടിയുതിർത്തത്. മുൻ പ്രധാനമന്ത്രിയുടെ നെഞ്ചിൽ വെടിയേൽക്കുകയും അദ്ദേഹത്തെ ചോരവാർന്ന നിലയിൽ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. എന്നാൽ, ഹൃദയാഘാതം കൂടി സംഭവിച്ചതോടെ ആബേയുടെ ആരോഗ്യനില കൂടുതൽ വഷളാകുകയായിരുന്നു. മരുന്നുകളോട് പ്രതികരിക്കാതെയായ അദ്ദേഹം വൈകാതെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
Post Your Comments