Latest NewsKeralaMollywoodNewsEntertainment

മലയാള സിനിമയിലെ പവർ സ്റ്റാർ ആര്? ബാബു ആന്റണിയുടെ തിരിച്ചുവരവ് ചർച്ചയാകുമ്പോൾ

കൊടും ഭീകരന്മാരായ പ്രതിനായകൻമാരെ മികവാർന്ന രീതിയിലാണ് ബാബു ആൻറണി അവതരിപ്പിച്ചത്

മലയാള സിനിമയിലെ പവർ സ്റ്റാർ ആരാണ് എന്ന് ചോദിച്ചാൽ അതിനൊരു ഉത്തരമേ പറയാനുള്ളൂ ബാബു ആൻറണി. 90കളിൽ മലയാളി യുവത്വത്തെ അതിഭീകരമായ വിധത്തിൽ ആകർഷിച്ച ആക്ഷൻ താരമായിരുന്നു ബാബു ആൻറണി. താരത്തിന്റേത് പോലെ മുടി നീട്ടി വളർത്തി ജീൻസും ഷർട്ടും ഇട്ട് നടന്നിരുന്ന സ്റ്റൈൽ മന്നന്മാർ ഒരുപാട് കേരളത്തിലുണ്ടായിരുന്നു.

വലിയൊരു ആരാധക വൃന്ദത്തെ സൃഷ്ടിച്ച, ബാബു ആൻറണിയുടെ സിനിമ ചരിത്രം തുടങ്ങുന്നത് ഭരതന്റെ ചിലമ്പ് എന്ന ചിത്രത്തിലൂടെയാണ്. പിന്നീട് എണ്ണം പറഞ്ഞ ഒട്ടനവധി സിനിമകളുടെ ഭാഗമായി മാറുവാൻ അദ്ദേഹത്തിനു കഴിഞ്ഞു. ഒരു ഘട്ടത്തിൽ അദ്ദേഹം വില്ലൻ വേഷങ്ങളിലായിരുന്നു തിളങ്ങി നിന്നിരുന്നത്. രണ്ടാമത്തെ ഘട്ടത്തിലാണ് സഹനായക സ്ഥാനത്തേക്ക് പ്രമോഷൻ നേടിയത്. മൂന്നാംഘട്ടത്തിൽ ബാബു ആന്റണി എന്നുപറയുന്ന നടൻ മലയാള സിനിമയിൽ പുതിയൊരു ചരിത്രമായി മാറുകയാണ് ചെയ്തത്.

read also: അപകടമല്ല, അനാസ്ഥ: എം.എ. യൂസഫലിയുടെ ഹെലിക്കോപ്റ്റർ അപകടത്തിൽപ്പെട്ട സംഭവത്തിൽ ഡി.ജി.സി.എ റിപ്പോർട്ട് പുറത്ത്

പൂവിന് പുതിയ പൂന്തെന്നൽ, മൂന്നാം മുറ, ദൗത്യം, ജാഗ്രത, കാർണിവൽ, നാടുവാഴികൾ ,കോട്ടയം കുഞ്ഞച്ചൻ ഉൾപ്പെടെ ഉള്ള ചിത്രങ്ങളിൽ കൊടും ഭീകരന്മാരായ പ്രതിനായകൻമാരെ മികവാർന്ന രീതിയിലാണ് ബാബു ആൻറണി അവതരിപ്പിച്ചത്. ആരാധകരെ ആകർഷിച്ചത് പ്രധാനമായും അദ്ദേഹത്തിന്റെ ഉയരമായിരുന്നു . രണ്ടാമത് ഫൈറ്റ് ചെയ്യാനുള്ള അനായാസമായ ശരീരവഴക്കം. ബാബു ആന്റണിയുടെ അഭ്യാസങ്ങൾക്കൊക്കെ വലിയ ഒരു ഭംഗി തന്നെ ഉണ്ടായിരുന്നു. വെള്ളിത്തിരയിൽ അവ പ്രത്യക്ഷപ്പെടുമ്പോൾ കാണികൾ ഇരമ്പിയാർത്തിരുന്നു.

ബാബു ആന്റണിക്ക് പ്രതിനായകനിൽ നിന്നും ഒരു പ്രമോഷൻ ലഭിക്കുന്നത് സഹനടൻ എന്ന നിലയിലാണ്. മലയാളത്തിലെ സൂപ്പർ താര നടന്മാർക്കൊപ്പം ബാബു ആന്റണി ഉണ്ടെങ്കിൽ അതിൽ നായകൻ ജയിക്കും എന്നൊരു വിശ്വാസം കണ്ടുകൊണ്ടിരിക്കുന്ന പ്രേക്ഷകനിൽ ഉണ്ടാകുമായിരുന്നു. പെട്ടെന്ന് നമുക്ക് പറയാൻ കഴിയുന്ന ഉദാഹരണം കൗരവർ പോലുള്ള സിനിമകളാണ്. ആൻറണി (മമ്മൂട്ടി ) വൈകാരികമായ അവസ്ഥകളിലൂടെ സഞ്ചരിക്കുന്ന ചിത്രമാണ് കൗരവർ എങ്കിൽ പോലും ബാബു ആന്റണി എന്ന കഥാപാത്രത്തിന് മതിയായ പ്രാധാന്യം ചിത്രത്തിൽ ലഭിച്ചിരുന്നു എന്നതാണ് വാസ്തവം. ഇത്തരത്തിലാണെങ്കിലും വൈശാലി ഉൾപ്പെടെയുള്ള സിനിമകളിൽ വളരെ മികവാർന്ന അഭിനയ ശേഷിയുള്ള കഥാപാത്രങ്ങളും ബാബു ആൻറണിക്ക് ലഭിച്ചിട്ടുണ്ട്. പിന്നീട്, സമാന്തര സിനിമയുടെ ഭാഗമാകുന്ന അദ്ദേഹത്തിന് അതുപോലെതന്നെ സൂഫി പറഞ്ഞ കഥ, യുഗപുരുഷൻ ,മൂന്നാം നാൾ ഞായറാഴ്ച ഉൾപ്പെടെയുള്ള സിനിമകളിൽ മികവാർന്ന വേഷങ്ങൾ ലഭിക്കുന്നുണ്ട്

90കളിൽ മലയാള സിനിമയുടെ ചരിത്രത്തിൽ സൂപ്പർതാരങ്ങൾക്ക് പോലും ഭീഷണിയാവുന്ന തരത്തിലാണ് ബാബു ആന്റണി നായകനിരയിലേക്ക് ഉയർന്നുവന്നത്. ഇന്ത്യൻ മിലിട്ടറി ഇന്റലിജെന്റ്സ് , ചന്ത, അറേബ്യ, സ്ട്രീറ്റ്, ബോക്സർ, സ്പെഷ്യൽ സ്ക്വാഡ്, രാജകീയം, യുവശക്തി, ഗ്ലോറിയ ഫെർണാണ്ടസ് ഫ്രം യുഎസ്എ, ക്യാപ്റ്റൻ, ജനനായകൻ അടക്കമുള്ള ഒട്ടനവധി സിനിമകളിൽ നായകനായി. ഭൂരിപക്ഷം ചിത്രങ്ങളും വലിയ വിജയമാകുകയും നായകനിരയിലെയ്ക്ക് ഉയർത്തപ്പെടുകയും ചെയ്ത കാലയളവിൽ ബാബു ആന്റണി പ്രകടിപ്പിച്ച ഒരു കമന്റ് ഇവിടെ ഓർമ്മിക്കാവുന്നതാണ്. ‘മലയാള സിനിമയിൽ വയറില്ലാത്ത ഏക നായകനാണ് താനെന്നാണ്’- ബാബു ആന്റണി അഭിപ്രായപ്പെട്ടത്. എന്നാൽ, ഒരേ ടൈപ്പിൽ ഒരുക്കപ്പെട്ട ചിത്രങ്ങൾക്ക് വിപണിയിൽ സ്വീകാര്യ നേടുവാൻ കഴിയാതെ വന്നതോടെ പരാജയങ്ങളും അദ്ദേഹത്തെ തേടിയെത്തി.

മുടി നീട്ടി വളർത്തി മാരക ഫൈറ്റ് സീനുകൾ മാത്രം കുത്തി നിറച്ച് വന്നാൽ ചിത്രം വിജയിക്കില്ല എന്നൊരു ബോധം നിർമ്മാതാക്കൾക്കും ഉണ്ടായി. അക്കാലത്ത് പ്രേംകുമാർ ,ജഗദീഷ് അടക്കമുള്ള താരങ്ങൾ നായകന്മാരായ ചിത്രങ്ങളിൽ ഒരു സൂപ്പർതാര പരിവേഷത്തോടെ തന്നെ ബാബു ആന്റണി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഹിറ്റ്ലർ ബ്രദേഴ്സ്, ഉപ്പുകണ്ടം ബ്രദേഴ്സ് അടക്കമുള്ള സിനിമകൾ ഉദാഹരണം. പരാജയത്തിൻ്റെ വക്കത്ത് നിൽക്കുന്ന നായകന്റെ രക്ഷയ്ക്ക് എത്തുന്ന അതിമാനുഷികനായ ഒരു കഥാപാത്രമായി ബാബു ആന്റണി ഇത്തരം ചിത്രങ്ങളിൽ നിറഞ്ഞുനിന്നിരുന്നു എന്നത് ഏറെ രസകരമായിരുന്നു.

പിന്നീട് പലതരം പ്രശ്നങ്ങളിൽപ്പെട്ടു സിനിമയിൽ നിന്നും പിൻവാങ്ങിയ ബാബു ആന്റണി വീണ്ടും പ്രതിനായകൻ ആയിട്ടാണ് തിരിച്ചെത്തുന്നത്. ഉത്തമൻ പോലുള്ള ചിത്രങ്ങൾ ഉദാഹരണം. മലയാളത്തിലെ വമ്പൻ താരങ്ങൾ മുഴുവൻ ഒന്നിച്ച് അമ്മയുടെ ട്വന്റി 20 എന്ന ചിത്രത്തിൽ അഡ്വക്കേറ്റ് രമേശൻ നമ്പ്യാരുടെ സുഹൃത്ത് വിക്രം ഭായ് എന്ന കഥാപാത്രമായി ബാബു ആന്റണി എത്തി. പുതിയ കാലഘട്ടത്തിൽ എത്തുമ്പോൾ ഇടുക്കി ഗോൾഡ്, വില്ലാളിവീരൻ, കരിങ്കുന്നംന്നം സിക്സസ് ഉൾപ്പെടെയുള്ള ചിത്രങ്ങളിലൂടെ സിനിമയിൽ സജീവമായി. അതുപോലെതന്നെ കായംകുളം കൊച്ചുണ്ണി എന്ന ചരിത്ര സിനിമയിൽ വളരെ വ്യത്യസ്തമായ ഒരു കഥാപാത്രത്തെയും ബാബു ആന്റണി അവതരിപ്പിച്ചു. തൊണ്ണൂറുകളിലെ ആക്ഷൻ ചിത്രങ്ങളുടെ ഒരു തുടർച്ചയായാണ് പവർസ്റ്റാർ എത്തുന്നത്.

ജനപ്രിയ സംവിധായകൻ ഒമർ ലുലു ഒരുക്കുന്ന പവർസ്റ്റാർ പഴയ സൂപ്പർതാരത്തിന്റെ തിരിച്ചുവരവ് അറിയിക്കുമെന്ന് തന്നെയാണ് ഏതൊരു സിനിമ പ്രേക്ഷകനും പ്രതീക്ഷിക്കുന്നത്.

പത്ത് വർഷങ്ങൾക്ക് ശേഷം ബാബു ആന്റണി നായകനായി തിരിച്ചെത്തുന്ന ചിത്രം റോയൽ സിനിമാസും ജോയ് മുഖർജി പ്രൊഡക്ഷൻസും ചേർന്നാണ് നിർമ്മിക്കുന്നത്. അന്തരിച്ച തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫാണ് സിനിമയുടെ രചന നിർവഹിച്ചത്. റിയാസ് ഖാൻ, ഷമ്മി തിലകൻ, അബു സലിം, ശാലു റഹീം, അമീർ നിയാസ്, ഹരീഷ് കണാരൻ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്നു.

രശ്മി അനിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button