തൃശൂർ: കുന്നംകുളത്ത് ഓടുന്ന കാറിൽ നിന്നും യുവതിയെ തള്ളിയിട്ട ആൺസുഹൃത്ത് പോലീസ് പിടിയിൽ. അപകടത്തിൽ തലയ്ക്ക് പരിക്കേറ്റ മുനമ്പം സ്വദേശിയായ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയുടെ ആൺസുഹൃത്തായ കാവീട് സ്വദേശി അർഷാദിനെ പോലീസ് പിടികൂടി. വിവാഹം കഴിക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് പ്രശ്നത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ട്.
പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന 22 കാരിയും അർഷാദും കഴിഞ്ഞ 20 ദിവസമായി ഒരുമിച്ചായിരുന്നു താമസം. യുവതി വിവാഹിതയാണ്. ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ചാണ് അർഷാദിനൊപ്പം പോയത്. വിവാഹത്തിൽ നിന്നും അർഷാദ് പിന്മാറിയതാണ് ഇവർക്കിടയിൽ പ്രശ്നങ്ങൾ ഉണ്ടാകാൻ കാരണമായത്. വിവാഹം കഴിക്കണമെന്ന് യുവതി ദിവസവും നിർബന്ധിച്ച് കൊണ്ടിരുന്നു. സാധിക്കില്ലെന്ന് യുവാവും.
സംഭവദിവസം ഇരുവരും ഒരുമിച്ച് കുന്നംകുളം നഗരത്തിൽ എത്തിയിരുന്നു. കാറിൽ നിന്നും ഇറങ്ങിയ യുവതി അർഷാദുമായി വാക്ക് തർക്കത്തിൽ ഏർപ്പെട്ടു. ഇതിനിടെ, യുവതി കാറിലേക്ക് കയറുന്നതിനിടെ അർഷാദ് വണ്ടിയെടുത്തു. യുവതിയെ തള്ളിയിടാനായി അർഷാദ് കാറിന്റെ വേഗത കൂട്ടുകയും കുറയ്ക്കുകയും ചെയ്തു. ഇതോടെ റോഡിലേക്ക് തെറിച്ച് വീണ് യുവതിക്ക് തലയ്ക്ക് പരിക്കേൽക്കുകയായിരുന്നു. അർഷാദ് ലഹരിക്ക് അടിമയാണെന്ന് പോലീസ് പറയുന്നു. വധശ്രമത്തിനാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
Post Your Comments