തിരുവനന്തപുരം: സിപിഐഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററിന് നേരെ എറിഞ്ഞത് ഏറുപടക്കത്തിന്റെ സ്വഭാവം മാത്രമുള്ള, വീര്യം കുറഞ്ഞ സ്‌ഫോടക വസ്തുവെന്ന് ഫോറന്‍സിക് വിഭാഗത്തിന്റെ പ്രാഥമിക നിഗമനം. സംഭവ സ്ഥലത്ത് നിന്നും ശേഖരിച്ച രാസ വസ്തുക്കളില്‍ പൊട്ടാസ്യം ക്ലോറൈറ്റ്, നൈട്രേറ്റ്, അലൂമിനിയം പൗഡര്‍ എന്നിവ കണ്ടെത്തി. സംസ്ഥാന ഫോറന്‍സിക് ലബോറട്ടറിയിലെ എക്‌സപ്ലോസീവ് വിഭാഗമാണ് പ്രാഥമിക പരിശോധന നടത്തിയത്.
ഡിറ്റനേറ്ററിന്റെ സഹായത്തോടെയാണ് ബോംബ് സ്‌ഫോടനം നടത്തുക. എന്നാല്‍, ഇവിടെ സ്‌ഫോടക വസ്തു വലിച്ചെറിയുകയായിരുന്നു. അതേസമയം സംഭവം നടന്ന് ഒരാഴ്ച്ചയോട് അടുക്കുമ്പോഴും കേസില്‍ ഇതുവരേയും പൊലീസിന് ഒരു പ്രതിയെ പോലും പിടിക്കാന്‍ കഴിഞ്ഞില്ല. എഡിജിപിയും കമ്മീഷണറും 4 ഡിവൈഎസ്പിമാരും അടക്കം 17 പേരടങ്ങുന്ന സംഘം ‘അതി ശക്തമായ’ അന്വേഷണമാണ് നടത്തുന്നത്.
ശേഖരിച്ച സാംപിളുകളില്‍ വിശദ പരിശോധനക്കായി കോടതി മുഖേന ഫോറന്‍സിക് സയന്‍സ് ലാബ് ഡയറക്ടര്‍ കൈമാറി. വീര്യം കുറഞ്ഞ സ്‌ഫോടക വസ്തു നിര്‍മ്മിക്കുന്നതിന് ഉപയോഗിക്കുന്ന രാസവസ്തുക്കളാണിത്. ഒരാഴ്ച്ചക്കകം അന്തിമ റിപ്പോര്‍ട്ട് കോടതിക്ക് നല്‍കും.
Post Your Comments