Latest NewsIndiaNews

‘എന്നെ സംബന്ധിച്ചിടത്തോളം മാംസവും മദ്യവും കഴിക്കുന്ന ദേവിയാണ് കാളി’; വിവാദ പ്രസ്താവനയുമായി മഹുവ മൊയ്ത്ര

ഡൽഹി: കാളി ദേവി സിഗരറ്റ് വലിക്കുന്നതായി കാണിക്കുന്ന സംവിധായിക ലീന മണിമേഖലയുടെ ഡോക്യുമെന്ററി ചിത്രത്തിന്റെ പോസ്റ്റർ വിവാദമായിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് വിവാദ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് തൃണമൂൽ കോൺഗ്രസ് എം.പി. മഹുവ മൊയ്ത്ര. തന്നെ സംബന്ധിച്ചിടത്തോളം മാംസവും മദ്യവും കഴിക്കുന്ന ദേവിയാണ് കാളിയെന്ന് മഹുവ മൊയ്ത്ര പറഞ്ഞു. കാളി ദേവി സിഗരറ്റ് വലിക്കുന്നതായി കാണിക്കുന്ന സിനിമാ പോസ്റ്റർ വിവാദമായതിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കവെയാണ് മൊയ്‌ത്ര ഇക്കാര്യം പറഞ്ഞത്.

‘കാളി എന്നെ സംബന്ധിച്ചിടത്തോളം മാംസം കഴിക്കുന്ന, മദ്യം സ്വീകരിക്കുന്ന ദേവതയാണ്. നിങ്ങളുടെ ദേവതയെ സങ്കൽപ്പിക്കാൻ നിങ്ങൾക്ക് സ്വാതന്ത്ര്യമുണ്ട്. ചില സ്ഥലങ്ങളിൽ ദൈവങ്ങൾക്ക് വിസ്കി അർപ്പിക്കുന്നു, മറ്റ് ചില സ്ഥലങ്ങളിൽ അത് ദൈവനിന്ദയാകും,’ മഹുവ മൊയ്ത്ര വ്യക്തമാക്കി.

‘നിങ്ങൾ സിക്കിമിലേക്ക് പോകുമ്പോൾ, അവർ കാളി ദേവിക്ക് വിസ്കി വിളമ്പുന്നത് നിങ്ങൾ കാണാം. എന്നാൽ, നിങ്ങൾ ഉത്തർപ്രദേശിലേക്ക് പോകുമ്പോൾ നിങ്ങൾ ദേവിക്ക് വിസ്കി പ്രസാദമായി സമർപ്പിക്കുന്നുവെന്ന് അവരോട് പറഞ്ഞാൽ, അവർ അതിനെ മതനിന്ദ എന്ന് വിളിക്കും’, മഹുവ മൊയ്ത്ര പറഞ്ഞു.

സംവിധായിക ലീന മണിമേഖല ചിത്രത്തിന്റെ പോസ്റ്റർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിന് പിന്നാലെയാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്. ചിത്രത്തിന്റെ പോസ്റ്റർ ലീന മണിമേഖല സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെയാണ് വിവാദം ആരംഭിച്ചത്. കാളി ദേവിയുടെ വേഷം ധരിച്ച ഒരു സ്ത്രീ, സിഗരറ്റ് വലിക്കുന്നതിനോടൊപ്പം ത്രിശൂലം, അരിവാൾ, എൽ.ജി.ബി.ടി.ക്യു പ്ലസ് കമ്മ്യൂണിറ്റിയുടെ പതാക എന്നിവ കയ്യിലേന്തിയിരിക്കുന്നതാണ് പോസ്റ്ററിൽ ചിത്രീകരിച്ചിരിക്കുന്നത്.

ഇത് മതനിന്ദയാണെന്നും മതവികാരം വ്രണപ്പെടുത്തുന്നതുമാണെന്നും ആവശ്യപ്പെട്ട ഒരു വിഭാഗം, ഇതിനെതിരെ നടപടിയെടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോടും ആവശ്യപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button