ചരക്ക് സേവനം നികുതിയുമായി ബന്ധപ്പെട്ട് പുതിയ അറിയിപ്പുമായി കേന്ദ്രം. ജിഎസ്ടിയുടെ 28 ശതമാനം സ്ലാബ് ഒഴിവാക്കില്ലെന്നാണ് കേന്ദ്രം അറിയിച്ചിട്ടുള്ളത്. അതേസമയം, മറ്റ് സ്ലാബുകളായ 5, 12, 18 എന്നിവയുടെ പരിഷ്കരണവുമായി ബന്ധപ്പെട്ട് ചർച്ചകൾ സംഘടിപ്പിക്കാൻ തയ്യാറാണെന്ന് കേന്ദ്ര റവന്യൂ സെക്രട്ടറി തരുൺ ബജാജ് അറിയിച്ചിട്ടുണ്ട്.
നിലവിൽ, 28 ശതമാനത്തിൽ ഉൾപ്പെട്ട സ്ലാബിലെ ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും സെസ് കൂടി ഈടാക്കുന്നുണ്ട്. സംസ്ഥാനങ്ങൾക്ക് കേന്ദ്രം നഷ്ട പരിഹാരം നൽകുന്നത് സെസ് സമാഹരണത്തിൽ നിന്നാണ്. ജിഎസ്ടി വരുമാനത്തിൽ ഇടിവ് രേഖപ്പെടുത്തുന്ന സംസ്ഥാനങ്ങൾക്കാണ് കേന്ദ്രം നഷ്ട പരിഹാരം നൽകേണ്ടത്. പുകയില ഉൽപ്പന്നങ്ങൾ പോലുള്ളവയാണ് 28 ശതമാനത്തിന്റെ സ്ലാബിൽ ഉൾപ്പെടുന്നത്.
Also Read: ‘ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിൽ ഭയവും വിമുഖതയും നിറഞ്ഞു നിൽക്കുന്നു’: അഭിഷേക് സിംഘ്‌വി എം.പി
പെട്രോളിയം ഉൽപ്പന്നങ്ങളെ ജിഎസ്ടിക്ക് കീഴിൽ ഉൾപ്പെടുത്തുന്ന പ്രവർത്തനം ഉടൻ നടപ്പാക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നികുതി വരുമാനത്തിലെ മുഖ്യപങ്കും പെട്രോളിയം ഉൽപ്പന്നങ്ങളിൽ നിന്നാണ്. അതിനാൽ, സംസ്ഥാന സർക്കാരുകളുടെ ആശങ്കകൾ പരിഹരിച്ചതിനുശേഷം മാത്രമേ, പെട്രോളിയം ഉൽപ്പന്നങ്ങളുടെ ജിഎസ്ടിയുമായി ബന്ധപ്പെട്ട കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുകയുള്ളൂ. ‘5, 12, 18 ശതമാനം സ്ലാബുകൾ നികുതി കുറച്ചോ ലയിപ്പിച്ചോ രണ്ടു സ്ലാബുകളാക്കി ചുരുക്കാനുള്ള ചർച്ചകൾ നടക്കുന്നുണ്ട്. ഒറ്റ സ്ലാബ് ആക്കി മാറ്റാനുള്ള പ്രവർത്തനങ്ങൾ സമ്പദ് വ്യവസ്ഥയ്ക്ക് വെല്ലുവിളി ഉയർത്താൻ സാധ്യതയുണ്ട്’, കേന്ദ്ര റവന്യൂ സെക്രട്ടറി തരുൺ ബജാജ് പറഞ്ഞു.
Post Your Comments