തിരുവനന്തപുരം: സംസ്ഥാനത്ത് വെല്ലുവിളിയായി പകർച്ചപ്പനി രൂക്ഷം. പത്ത് ദിവസത്തിനിടെ 1,44,524 പേരാണ് പനി ബാധിതരായി ചികിത്സ തേടിയത്. ശരാശരി 6000- 7000 പനിക്കേസുകളാണ് ജൂണിൽ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിരുന്നതെങ്കിൽ ജൂലൈ ആദ്യം തന്നെ പ്രതിദിന കേസുകൾ 15,000 പിന്നിട്ടു.
ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട് പ്രകാരം ഡെങ്കിപ്പനിയും എലിപ്പനിയും വർദ്ധിക്കുന്നു. പത്ത് ദിവസത്തിനിടെ 272 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 1033 പേരിൽ ഡെങ്കിപ്പനി ബാധ സംശയിക്കുന്നുണ്ട്. പത്ത് ദിവസത്തിൽ 63 എലിപ്പനി കേസുകളും റിപ്പോർട്ട് ചെയ്തു. ജൂണിൽ 3,50,783 പേർക്കാണ് പകർച്ചപ്പനി ബാധിച്ചത്. 623 പേർക്ക് ഡെങ്കിപ്പനിയും 235 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു.
വിവിധ പനികൾ ബാധിച്ച് ഒരു മാസത്തിനിടെ 44 പേർ മരിച്ചു. ആരോഗ്യപ്രവർത്തകർ വ്യാപകമായി രോഗബാധിതരാകുന്നതും ആശുപത്രികൾ രോഗ ബാധിതരെ കൊണ്ട് നിറയുന്നതുമാണ് പ്രധാന വെല്ലുവിളി. ഇതോടൊപ്പം കോവിഡ് കേസുകളും ഉയരുന്നുണ്ട്. പനി രോഗമല്ല, രോഗലക്ഷണമായി കാണണമെന്ന നിലയിലെ ജാഗ്രതാനിർദേശവും ആരോഗ്യവകുപ്പ് നൽകിയിട്ടുണ്ട്. കോവിഡ്, ഡെങ്കിപ്പനി, എലിപ്പനി, മലമ്പനി, ചിക്കന്‍ഗുനിയ, ചെള്ളുപനി, എച്ച്1 എന്‍1, ചിക്കന്‍പോക്‌സ്, സിക, ജപ്പാന്‍ ജ്വരം, വെസ്റ്റ് നൈല്‍ വൈറസ് എന്നീ അസുഖങ്ങളുടെ ലക്ഷണമാകാം എന്നതിൽ കൂടിയാണ് നിർദ്ദേശം.
Post Your Comments