കർക്കിടക മാസത്തിൽ ഒഴിച്ച് കൂടാനാവാത്ത ഒന്നാണ് കർക്കിടക കഞ്ഞി. ശാരീരിക ആരോഗ്യത്തിന് ഏറെ ഉത്തമമായ ഒന്നാണ് കർക്കിടക മാസത്തിൽ തയ്യാറാക്കുന്ന ഔഷധ കഞ്ഞി. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും ശരീര പുഷ്ടിയ്ക്കും ഏറെ മികച്ചതാണ് കർക്കിടക കഞ്ഞി.
കർക്കിടക മാസത്തിൽ കുറഞ്ഞത് ഏഴ് ദിവസമെങ്കിലും ഔഷധക്കഞ്ഞി കുടിക്കണം. ദേഹരക്ഷയ്ക്കായി പ്രത്യേക കൂട്ടുകൾ ചേർത്താണ് കർക്കിടക കഞ്ഞി തയ്യാറാക്കുന്നത്. പ്രമേഹം, വാതം, സന്ധിവേദന, എന്നീ പ്രശ്‌നങ്ങൾക്കുള്ള മികച്ച മരുന്നാണ് കർക്കിടക മാസത്തിലെ ഔഷധക്കഞ്ഞി സേവ. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിച്ച് നിർത്താനും ശരീരത്തിലെ ചൂട് കുറയ്ക്കാനും ക്ഷീണമകറ്റാനും ചർമ്മ സൗന്ദര്യം വർദ്ധിപ്പിക്കാനും കർക്കിടക കഞ്ഞി സഹായിക്കും.
കഞ്ഞി കുടിക്കുന്ന ദിവസങ്ങളിൽ നിർബന്ധമായും പഥ്യം പാലിക്കണം. ചായ, ഇറച്ചി, മീൻ, മദ്യപാനം, സിഗരറ്റു വലി, തുടങ്ങിയവ കർക്കിടക കഞ്ഞി കുടിക്കുമ്പോൾ ഒഴിവാക്കണം. കഞ്ഞി കുടിച്ച് തുടർന്നുള്ള കുറച്ചുനാളുകളും ഈ പഥ്യം പാലിക്കണമെന്ന് ആരോഗ്യ വിദഗ്ധർ നിർദ്ദേശിക്കുന്നു. ഏഴു ദിവസമാണ് കഞ്ഞി കുടിക്കുന്നതെങ്കിൽ പതിനാലു ദിവസം പഥ്യം പാലിക്കണമെന്നാണ് ആയുർവേദ ആചാര്യന്മാർ നിർദ്ദേശിക്കുന്നത്.
ദഹനപ്രശ്നങ്ങൾ പരിഹരിക്കാനും ശരീരത്തിൽ ജലാംശം നിലനിർത്താനും ആരോഗ്യം നിലനിർത്താനുമെല്ലാം കഞ്ഞി കുടിക്കുന്നത് നല്ലതാണ്. കുറുന്തോട്ടി വേര്, കരിങ്കുറിഞ്ഞി, അരിയാറ്, ജീരകം, ഉലുവ, അയമോദകം, ചുക്ക് എന്നിവയാണ് ഔഷധക്കഞ്ഞിയിലെ പ്രധാന ഇനങ്ങൾ. തഴുതാമ, കയ്യോന്നി, മുക്കുറ്റി, തിരുതാളി, കീഴാർനെല്ലി, പനിക്കൂർക്ക, വിഷ്ണുകാന്തി തുടങ്ങിയ ദശപുഷ്പങ്ങളും കർക്കിടക കഞ്ഞിയിൽ ചേർക്കാറുണ്ട്.
Post Your Comments