തിരുവനന്തപുരം: പീഡനക്കേസില്‍ പി.സി ജോര്‍ജിന് കോടതി ജാമ്യം അനുവദിച്ചെങ്കിലും പരാതിക്കാരി നിയമ പോരാട്ടം നടത്താനൊരുങ്ങുന്നു. കീഴ്‌ക്കോടതി ജാമ്യത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരി മാദ്ധ്യമങ്ങളോട് പറഞ്ഞു. കൂടുതല്‍ തെളിവുകള്‍ ഉണ്ടെന്നും പരാതിക്കാരി ചൂണ്ടിക്കാട്ടി.
പരാതി നല്‍കാന്‍ വൈകിയെന്ന് ചൂണ്ടിക്കാട്ടിയാണ് പി.സി ജോര്‍ജിന് ജാമ്യം അനുവദിച്ചത്.
‘സംഭവത്തിന് ശേഷം ചികിത്സയിലായിരുന്നു. ആശുപത്രിയില്‍ നിന്നും ഇറങ്ങിയ ശേഷമാണ് പരാതി നല്‍കിയത്. അതിന് മുന്‍പ് തന്റെ ഒരു ബന്ധുവിനെ ഇക്കാര്യം അറിയിച്ചിരുന്നു’, പരാതിക്കാരി വ്യക്തമാക്കി.
ഇപ്പോള്‍ പ്രചരിക്കുന്ന ഓഡിയോ താനും പി.സി ജോര്‍ജും തമ്മില്‍ സംസാരിച്ചത് തന്നെയാണെന്നും അവര്‍ പറഞ്ഞു. പി.സി ജോര്‍ജിന്റെ ശാരീരിക ഉപദ്രവം തടയാന്‍ താന്‍ ശ്രമിച്ചിരുന്നുവെന്നും അവര്‍ ആരോപിച്ചു.
‘രാഷ്ട്രീയമായ വിവാദങ്ങളിലേക്ക് തന്നെ വലിച്ചഴക്കുകയാണ്. സ്ത്രീയെന്ന നിലയില്‍ അപമാനിച്ചത് മറച്ചു വയ്ക്കുകയാണ് ഇവിടെ. തന്നെ മോശക്കാരിയാണെന്ന് വരുത്തി തീര്‍ത്താലും പറയാനുള്ളത് പറയും’, അവര്‍ പറഞ്ഞു.
‘പി.സി ജോര്‍ജിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണം. തന്നോട് മോശമായി പെരുമാറിയോയെന്നു പി.സി ജോര്‍ജ് സ്വന്തം മന:സാക്ഷിയോട് ചോദിക്കണം. ഒളിഞ്ഞും തെളിഞ്ഞും സംസാരിക്കാതെ പരസ്യ സംവാദത്തിന് തയ്യാറാകണം’ , പരാതിക്കാരി ആവശ്യപ്പെട്ടു.
ശനിയാഴ്ചയല്ല പരാതി കൊടുത്തത്. രണ്ടാഴ്ച മുന്‍പ് പരാതി നല്‍കിയിരുന്നു. പൊലീസിന് അവരുടേതായ ചില നടപടിക്രമങ്ങളുണ്ട്. അതുകൊണ്ടാവാം അറസ്റ്റ് ശനിയാഴ്ച നടന്നതെന്നും പരാതിക്കാരി പറഞ്ഞു. ഇടതുപക്ഷ നേതാക്കളുമായി ബന്ധമില്ല. പൊലീസില്‍ പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും പരാതിക്കാരി പറഞ്ഞു.
ഫെബ്രുവരി 10-ന് വൈകുന്നേരം നാലിന് തൈക്കാട് ഗസ്റ്റ് ഹൗസിലെ 404-ാം നമ്പര്‍ മുറിയില്‍ പി.സി ജോര്‍ജ് പരാതിക്കാരിയെ സ്വര്‍ണക്കടത്തു കേസ് ചര്‍ച്ചചെയ്യാനെന്ന വ്യാജേന വിളിച്ചുവരുത്തി ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതി. ബലപ്രയോഗം നടത്തിയെന്നും ഫോണിലൂടെ അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നും പരാതിയിലുണ്ട്. ഐ.പി.സി. 354, 354 എ വകുപ്പുകള്‍ പ്രകാരമാണ് കേസ്. പരമാവധി അഞ്ചുവര്‍ഷത്തെ ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരുന്നത്.
Post Your Comments