തിരുവനന്തപുരം: പീഡന പരാതിയിൽ പി.സി ജോർജ് അറസ്റ്റിൽ. സോളാർ കേസ് പ്രതിയുടെ പീഡന പരാതിയിൽ ആണ് മുൻ എം.എൽ.എ പി.സി ജോർജിനെ പോലീസ് അറസ്റ്റ് ചെയ്തത്. മ്യൂസിയം പോലീസ് ആണ് പി.സി ജോർജിനെതിരെ കേസെടുത്തത്. സോളാർ കേസ് പ്രതിയുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നീക്കം. ലൈംഗിക താത്പര്യത്തോടെ കടന്നുപിടിച്ചെന്നായിരുന്നു യുവതിയുടെ പരാതി. സ്ത്രീത്വത്തെ അപമാനിച്ചെന്നും പരാതിയിൽ പറയുന്നുണ്ട്. ഗൂഢാലോചന കേസിൽ പി.സി ജോർജ് ചോദ്യം ചെയ്യലിന് ഹാജരായപ്പോഴാണ് അറസ്റ്റ്.
അതേസമയം, മുഖ്യമന്ത്രി പിണറായി വിജയനെതിരെ പി.സി കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. പിണറായി തന്നെ വേട്ടയാടുകയാണെന്നായിരുന്നു അദ്ദേഹം ആരോപിച്ചത്. ഇതിന് പ്രതികാരം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയ്‌ക്കെതിരായ ഗൂഢാലോചന കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനായി എത്തിയപ്പോൾ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
Also Read:എകെജി സെന്ററിന്റെ മതിലിലേക്ക് പടക്കം എറിഞ്ഞ സംഭവം: ഒരാള്‍ക്ക് കൂടി പങ്കുള്ളതായി പോലീസ്
പിണറായിക്ക് അധികാരം പോകുമോയെന്ന പേടിയാണെന്നും നിരന്തരം തനിക്കെതിരെ കേസെടുക്കുകയാണെന്നും പി.സി ജോർജ് മാധ്യമങ്ങളോട് പറഞ്ഞു. 7 തവണ എം.എൽ.എ ആയ തന്റെ മുഴുവൻ സ്വത്തുക്കളും പിണറായിക്ക് നൽകാമെന്നും പിണറായിയുടെ സ്വത്തിന്റെ നാലിലൊരു ഭാഗം പോലും തനിക്കില്ലെന്നും പി.സി ജോർജ് പറഞ്ഞു.
‘മുഖ്യമന്ത്രിയും കുടുംബവും കള്ളക്കടത്തു നടത്തിയതിനു താൻ എന്ത് തെറ്റ് ചെയ്തു. ലാവ്‌ലിൻ കേസ് വന്നാൽ പിണറായി അകത്താകും. പിണറായിക്കെതിരെ പ്രതികാരം ചെയ്യും. മാന്യമായി ജനങ്ങളെ അണിനിർത്തി ജനകീയമായിട്ടിരിക്കും പ്രതികാരം ചെയ്യുക. സരിതയുടെ രഹസ്യ മൊഴിയിൽ പേടിയില്ല. കണ്ടിട്ടുള്ള നേതാക്കളിൽ ഏറ്റവും മാന്യൻ താൻ ആണെന്ന് സരിത മുൻപ് പറഞ്ഞിട്ടുണ്ട്. സരിതയെ പോലെയുള്ള ഒരാൾ പറയുന്നതിനെക്കുറിച്ച് ചോദിക്കുന്നത് തന്നെ ശരിയല്ല. സരിതയ്ക്ക് മറുപടി ഇല്ല. പിണറായിക്ക് വട്ടിളകിയിരിക്കുകയാണ്. അധികാരം പോകുമോയെന്ന പേടിയാണ്. നിരന്തരം തനിക്കെതിരെ കേസെടുക്കുന്നു’- പി.സി ജോർജ് പ്രതികരിച്ചു.
Post Your Comments