തിരുവനന്തപുരം: എകെജി സെന്ററിന്റെ മതിലിലേയ്ക്ക് പടക്കം എറിഞ്ഞ സംഭവത്തില്‍ ഒരാള്‍ക്ക് കൂടി പങ്കുള്ളതായി പോലീസ് . സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. അക്രമിയ്ക്ക് വഴിയില്‍വെച്ച് ആരോ സ്ഫോടക വസ്തു കൈമാറുകയായിരുന്നുവെന്നും പോലീസ് പറയുന്നു.
അക്രമിയ്ക്ക് മറ്റൊരാളില്‍ നിന്നും സഹായം ലഭിച്ചതായി നേരത്തെ തന്നെ പോലീസിന് സംശയം ഉണ്ടായിരുന്നു. ഇത് സാധൂകരിക്കുന്ന ചില ദൃശ്യങ്ങള്‍ സിസിടിവി പരിശോധിച്ചതില്‍ നിന്നും ലഭിച്ചെന്ന് പോലീസ് വ്യക്തമാക്കി. സ്‌ഫോടക വസ്തു എറിയുന്നതിന് മുന്‍പ് അക്രമി എകെജി സെന്ററിന് മുന്‍പില്‍ എത്തി പരിശോധന നടത്തിയിരുന്നു. ആ സമയം ഇയാളുടെ വണ്ടിയില്‍ പ്ലാസ്റ്റിക് കവര്‍ ഉണ്ടായിരുന്നില്ല.
എന്നാല്‍, പടക്കം എറിയാന്‍ പിന്നീട് എത്തിയപ്പോള്‍ വണ്ടിയില്‍ പ്ലാസ്റ്റിക് കവര്‍ ഉണ്ടായിരുന്നുവെന്നും പോലീസ് പറഞ്ഞു. വഴിയില്‍ വെച്ച് മറ്റാരോ ആണ് പടക്കം അക്രമിയ്ക്ക് കൈമാറിയത്. ചുവന്ന സ്‌കൂട്ടറിലാണ് പ്രതി എത്തിയതെന്നും പോലീസ് വ്യക്തമാക്കുന്നു.
സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം പ്രത്യേക യോഗം ചേര്‍ന്നിരുന്നു. യോഗത്തില്‍ മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ച് ചര്‍ച്ച ചെയ്തിരുന്നു. ഇതിലാണ് പ്രതിയ്ക്ക് മറ്റൊരാളില്‍ നിന്നും സഹായം ലഭിച്ചെന്ന വിലയിരുത്തലില്‍ പോലീസ് എത്തുന്നത്.
Post Your Comments