തിരുവനന്തപുരം: സോളർ കേസ് പ്രതി നൽകിയ പീഡന പരാതിയിൽ അറസ്റ്റിലായ മുൻ എം.എൽ.എ പി.സി.ജോര്‍ജിന് ജാമ്യം. തിരുവനന്തപുരം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. 2022 ഫെബ്രുവരി 10 ന് തൈക്കാട് ഗസ്റ്റ് ഹൗസിലെ റൂമിലേക്ക് വിളിച്ച് വരുത്തി ലൈംഗിക ചുവയോടെ സംസാരിക്കുകയും തുടർന്ന്, ബലപ്രയോഗം നടത്തുകയും ചെയ്തുവെന്ന പരാതിയിലാണ് ജാമ്യം. പീഡനശ്രമം, അശ്ലീല സന്ദേശം, കടന്നുപിടിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയായിരുന്നു പി.സി.ജോർജിനെതിരെ കേസെടുത്തത്.
അതേസമയം, മതവിദ്വേഷ പ്രസംഗമടക്കം മറ്റ് കേസുകളിൽ പ്രതിയായ പി.സി.ജോർജ് ജാമ്യം ലഭിച്ചാൽ സാക്ഷികളെ സ്വാധീനിക്കുമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ജാമ്യം അനുവദിച്ചാൽ രാഷ്ട്രീയ സ്വാധീനമുള്ള പ്രതി, പരാതിക്കാരിയെയും സാക്ഷികളെയും ഭീഷണിപ്പെടുത്തുമെന്നും പുറത്തിറങ്ങിയാൽ പ്രകോപന പ്രസംഗങ്ങൾ നടത്തി ക്രമസമാധാന പ്രശ്‌നം ഉണ്ടാക്കുമെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. കോടതി നൽകിയ ജാമ്യവ്യവസ്ഥ ലംഘിച്ച പ്രതിയാണെന്നും നിലവിൽ 9 കേസുകളില്‍ പ്രതിയാണെന്നും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി.
എന്നാൽ, മുൻ മുഖ്യമന്ത്രിക്കെതിരെ അടക്കം ബലാത്സംഗ പരാതി നൽകിയിട്ടുള്ളയാളാണ് പരാതിക്കാരി എന്നും കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും പ്രതിഭാഗം വാദിച്ചു. പരാതിക്കാരിക്ക് വിശ്വാസ്യതയില്ലെന്നും കർട്ടനു പിന്നിൽ മറ്റ് പലരുമാണെന്നും ജോർജിന്റെ അഭിഭാഷകന്‍ വാദിച്ചു. പരാതിക്കാരിയെക്കൊണ്ട് കള്ളപ്പരാതി നൽകുകയായിരുന്നുവെന്നും രോഗിയായ അദ്ദേഹത്തെ ജയിലിലടയ്ക്കരുതെന്നും പ്രതിഭാഗം വാദിച്ചു.
Post Your Comments