കൊച്ചി: സംസ്ഥാനത്തെ ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ 73 ശതമാനം വർദ്ധനയുണ്ടായാതായി ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്. 38 ലക്ഷം പേരാണ് ഈ വർഷം ആദ്യപാദത്തിൽ കേരളത്തിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ ചാമ്പ്യൻസ് ബോട്ട് ലീഗ് ഷെഡ്യൂള് ലോഞ്ചിങ്ങും, ജേഴ്സികളുടെ പ്രകാശനവും നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോവിഡ് ഇളവുകൾക്ക് പിന്നാലെ ടൂറിസം മേഖലയെ സർക്കാർ ബയോ ബബിൾ സംവിധാനത്തിലേക്ക് മാറ്റിയത് മേഖലക്ക് ഗുണം ചെയ്തുവെന്നും ഇത് മറ്റ് സംസ്ഥാനങ്ങളും ഏറ്റെടുത്തുവെന്നും മന്ത്രി റിയാസ് പറഞ്ഞു. ആഭ്യന്തര ടൂറിസം വർദ്ധിപ്പിക്കാനുള്ള മൂന്ന് പദ്ധതികളാണ് നടപ്പാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് വിദേശ വിനോദ സഞ്ചാരികളുടെ എണ്ണം ക്രമാനുഗതമായി വർദ്ധിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, കേരളത്തിലെ പ്രധാന വള്ളം കളി മത്സരങ്ങളെ കോർത്തിണക്കി നടത്തുന്ന ചാമ്പ്യൻസ് ബോട്ട് ലീഗിന്, സെപ്റ്റംബർ മുതൽ തുടക്കമാകുമെന്നും രണ്ടാമത് ചാമ്പ്യൻസ് ബോട്ട് ലീഗ് വിപുലമായി നടത്താനാണ് തീരുമാനിച്ചിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി. സെപ്റ്റംബർ 04 ന് ആലപ്പുഴയിൽ, പുന്നമടക്കായലിലെ പ്രശസ്തമായ നെഹ്‌റു ട്രോഫി വള്ളംകളിയോടെ ലീഗിനു തുടക്കമാകുമെന്നും, നവംബർ 26ന് കൊല്ലത്ത് അഷ്ടമുടിക്കായലിൽ നടത്തുന്ന പ്രസിഡന്റ്‌സ് ട്രോഫി മത്സരത്തോടെയാണ് ബോട്ട് ലീഗ് അവസാനിക്കുകയെന്നും റിയാസ് പറഞ്ഞു.
നെഹ്റു ട്രോഫി ആലപ്പുഴ, താഴത്തങ്ങാടി കോട്ടയം, പുളിങ്കുന്ന് ആലപ്പുഴ, പിറവം എറണാകുളം, മറൈൻ ഡ്രൈവ് എറണാകുളം, കോട്ടപ്പുറം തൃശൂർ, കൈനകരി ആലപ്പുഴ, കരുവാറ്റ ആലപ്പുഴ, മാന്നാർ പത്തനംതിട്ട, കായംകുളം ആലപ്പുഴ, കല്ലട കൊല്ലം, പ്രസിഡന്റ്‌സ് ട്രോഫി കൊല്ലം എന്നിങ്ങനെ 12 വള്ളം കളികളാണ് സംഘടിപ്പിക്കുന്നതെന്നും കൂടാതെ ഇത്തവണ മലപ്പുറം, കോഴിക്കോട് ജില്ലകളിലൂടെ ഒഴുകുന്ന ചാലിയാർ പുഴയിൽ ചെറു വള്ളങ്ങളുടെ പ്രത്യേക അനുബന്ധ മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments