തിരുവനന്തപുരം: ഉറവിട മാലിന്യ സംസ്‌കരണത്തിനായി തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കിച്ചണ്‍ ബിന്‍ വാങ്ങിയതില്‍ വന്‍ അഴിമതിയെന്ന് ബി.ജെ.പി. ബയോ കമ്പോസ്റ്റര്‍ കിച്ചണ്‍ ബിന്നുകള്‍ വാങ്ങിയതില്‍ 39.96 ലക്ഷം രൂപയുടെ അഴിമതി നടന്നതായി ആരോപണം. ബി.ജെ.പി അംഗം വി.ജി. ഗിരികുമാര്‍ ആണ് ആരോപണമുന്നയിച്ചത്. മുന്‍ നഗരസഭ സെക്രട്ടറിയുടെയും നിലവിലെ സെക്രട്ടറിയുടെയും റിപ്പോര്‍ട്ടുകളെ ആധാരമാക്കിയാണ് ഗിരികുമാര്‍ അഴിമതി ആരോപിച്ചിരിക്കുന്നത്.
അടുക്കള മാലിന്യം സംസ്‌കരിക്കാന്‍ നഗരവാസികള്‍ക്ക് കോര്‍പ്പറേഷന്‍ സൗജന്യമായി നല്‍കുന്നതാണ് ബയോ കമ്പോസ്റ്റര്‍ കിച്ചണ്‍ ബിന്നുകള്‍. ഇതിലാണ് അഴിമതി ആരോപണം ഉയർന്നിരിക്കുന്നത്.
കൗണ്‍സില്‍ യോഗത്തില്‍ പരമാര്‍ശിച്ച 2021 ജനുവരി 25ന് മുന്‍ സെക്രട്ടറി കെ.യു. ബിനി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ നിന്ന് 2020 ഒക്ടോബര്‍ 28 വരെയുള്ള ഫയലുകള്‍ വിശദമായി പരിശോധിച്ചപ്പോള്‍ മൊത്തം 26,295 കിച്ചണ്‍ ബിന്നുകള്‍ ഇറക്കിയതായി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, ഹെല്‍ത്ത് സൂപ്പര്‍വൈസറുടെ 2020 നവംബര്‍ രണ്ടിലെ റിപ്പോര്‍ട്ടില്‍ 25,820 ബിന്നുകള്‍ മാത്രമാണ് ഇറക്കിയതായി പറയുന്നത്. ഓരോ ഹെല്‍ത്ത് സര്‍ക്കിളിലും വിതരണം ചെയ്ത ബിന്നുകളുടെ എണ്ണം കണക്കാക്കുമ്പോള്‍ 24,075 ബിന്നുകള്‍ മാത്രമേയുള്ളൂ. അതായത് 2,220 ബിന്നുകള്‍ കുറവാണ്. കാണാതായ ബിന്നുകൾ എവിടെ എന്ന ചോദ്യമാണ് ബി.ജെ.പി ഉയർത്തുന്നത്.
Also Read:ബോറിസ് ജോൺസന്റെ മോശം പരാമർശം: യുകെ സ്ഥാനപതിയെ വിളിച്ചുവരുത്തി റഷ്യ
ശുചിത്വ മിഷന്‍ നിശ്ചയിച്ചിട്ടുള്ള പരമാവധി നിരക്കായ 1800 രൂപയ്ക്കാണ് കോര്‍പറേഷന്‍ ബിന്നുകള്‍ വാങ്ങിയിരിക്കുന്നത്. അതായത് ബിന്നുകളുടെ എണ്ണം കൂട്ടിക്കാണിച്ച് 39.96 ലക്ഷം രൂപയുടെ അഴിമതി നടത്തിയെന്നാണ് ഗിരികുമാര്‍ ആരോപിക്കുന്നത്. കണക്ക് സഹിതമാണ് അദ്ദേഹം തന്റെ സംശയം മുന്നോട്ട് വെയ്ക്കുന്നത്. കണക്കിലെ പൊരുക്കേടുകള്‍ വിശദമായ അന്വേഷണത്തിന് വിധേയമാക്കണമെന്നും ആരോഗ്യ സ്ഥിരം സമിതിയുടെ നേതൃത്വത്തില്‍ നേരിട്ട് പരിശോധന നടത്തണമെന്നും സെക്രട്ടറി ശുപാര്‍ശ ചെയ്തിരുന്നു. എന്നാൽ, ഇതുവരെ ഇക്കാര്യത്തിൽ തീരുമാനമായിട്ടില്ല. അഴിമതി പുറത്താകുമെന്ന് ഭയന്നാണ് ഇക്കാര്യം നടപ്പിലാക്കാത്തതെന്നാണ് ബി.ജെ.പി ആരോപിക്കുന്നത്.
അതേസമയം, ആരോപണം ഭരണസമിതി തള്ളിയില്ലെങ്കിലും കിച്ചണ്‍ ബിന്നുകള്‍ വാങ്ങിയതില്‍ അഴിമതിയില്ലെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍ പറഞ്ഞു.
Post Your Comments