തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകൾ വർദ്ധിക്കാതിരിക്കാൻ എല്ലാവരുടേയും സഹകരണവും ശ്രദ്ധയും ഉണ്ടാകണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്.. ആരോഗ്യ വകുപ്പ് നിരന്തരം യോഗങ്ങൾ വിളിച്ച് കോവിഡ് സാഹചര്യം വിലയിരുത്തുന്നുണ്ട്. എല്ലാ ജില്ലകൾക്കും പ്രതിരോധം ശക്തമാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. കോവിഡ് കേസുകൾ 1000ന് മുകളിൽ റിപ്പോർട്ട് ചെയ്ത എറണാകുളം, തിരുവനന്തപുരം ജില്ലകൾക്ക് പ്രത്യേക ജാഗ്രത നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് കോവിഡ് കേസുകൾ ചെറുതായി ഉയരുന്നെങ്കിലും ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് മന്ത്രി അറിയിച്ചു.
ആശുപത്രികളിലും ഐസിയുവിലും ചികിത്സ തേടുന്നവരുടെ എണ്ണം കുറവാണ്. 27,991 ആക്ടീവ് കേസുകളുണ്ടായിരുന്നതിൽ 1285 പേർ ആശുപത്രികളിലും 239 പേർ ഐസിയുവിലും 42 വെന്റിലേറ്ററുകളിലും ചികിത്സയിലുള്ളത്. പ്രായമായവരിലും അനുബന്ധ രോഗമുള്ളവരിലും വാക്സിൻ എടുക്കാത്തവരിലുമാണ് കൂടുതലും രോഗം ഗുരുതരമാകുന്നത്. അതിനാൽ തന്നെ അവർ കൂടുതൽ ശ്രദ്ധിക്കേണ്ടതാണെന്ന് മന്ത്രി നിർദ്ദേശിച്ചു.
എല്ലാ കാലവും നമുക്ക് അടച്ചിടൽ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കഴിയില്ല. കോവിഡിനോടൊപ്പം ജീവിക്കുക എന്നതാണ് പ്രധാനം. ആരിൽ നിന്നും ആരിലേക്കും കോവിഡ് ബാധിക്കാൻ സാധ്യതയുണ്ട്. അതിനാൽ വ്യക്തിപരമായ ശ്രദ്ധ ഏറെ പ്രധാനമാണ്. കോവിഡിനെ പ്രതിരോധിക്കാൻ എല്ലാവരും നിർബന്ധമായി മാസ്‌ക് ധരിക്കണം. ഇടയ്ക്കിടയ്ക്ക് സോപ്പും വെള്ളവും ഉപയോഗിച്ചോ സാനിറ്റൈസർ ഉപയോഗിച്ചോ കൈ വൃത്തിയാക്കണം. കൈ വൃത്തിയാക്കാതെ കണ്ണ്, മൂക്ക്, വായ് എന്നിവ സ്പർശിക്കരുത്. ആദ്യ ഡോസും രണ്ടാം ഡോസും കരുതൽ ഡോസും എടുക്കാനുള്ള എല്ലാവരും വാക്സിൻ എടുക്കേണ്ടതാണെന്ന് വീണാ ജോർജ് അഭ്യർത്ഥിച്ചു.
സ്‌കൂൾ തുറന്ന സാഹചര്യത്തിൽ കുട്ടികളെയും ശ്രദ്ധിക്കേണ്ടതാണ്. കൃത്യമായി മാസ്‌ക് ധരിപ്പിച്ച് മാത്രം സ്‌കൂളിൽ വിടുക. 12 വയസിന് മുകളിലുള്ള എല്ലാ കുട്ടികൾക്കും കോവിഡ് വാക്സിൻ നൽകുക. കുട്ടികളിൽ നിന്നും പ്രായമുള്ളവരിലേക്കും മറ്റസുഖമുള്ളവരിലേക്കും കോവിഡ് ബാധിക്കാൻ സാധ്യതയുള്ളതിനാൽ പ്രത്യേകം ശ്രദ്ധിക്കണം. കുട്ടികൾ സ്‌കൂളിൽ നിന്നും മുതിർന്നവർ ജോലിക്ക് പോയിട്ടും വീട്ടിൽ എത്തിയാലുടൻ വസ്ത്രങ്ങൾ മാറ്റി കുളിച്ചതിന് ശേഷം മാത്രമേ ഇവരുമായി ഇടപെടാവൂ. ജലദോഷം, പനി, ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങളുള്ളവർ ഇവരോട് ഇടപഴകരുത്. പുറത്ത് പോയി വരുന്നവരിൽ നിന്നും അവരിലേക്ക് രോഗം പടരാനും അവർക്ക് ഗുരുതരമാകാനും സാധ്യതയേറെയാണ്. രോഗലക്ഷണങ്ങളുള്ള കുട്ടികളെ സ്‌കൂളുകളിൽ വിടരുത്. അധ്യാപകരും ഇത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ ഡോക്ടറുടെ സേവനം തേടേണ്ടതാണ്. രോഗലക്ഷണങ്ങളുള്ളവർ കോവിഡ് പരിശോധന നടത്തുകയും വിശ്രമിക്കുകയും വേണം. പ്രായമായവർ, മറ്റനുബന്ധ രോഗമുള്ളവർ എന്നിവർക്ക് രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ആരോഗ്യ പ്രവർത്തകരെ വിവരമറിയിച്ച് വിദഗ്ധ ചികിത്സ ഉപ്പാക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Read Also: അനുമതിയില്ലാതെ ഹജ് നിർവ്വഹിക്കാനെത്തുന്നവർക്കെതിരെ കർശന നടപടി: മുന്നറിയിപ്പുമായി സൗദി അറേബ്യ
Post Your Comments