മുംബൈ: ദീർഘകാല സഖ്യകക്ഷിയായിരുന്ന ശിവസേന പിന്നിൽ നിന്നും കുത്തി എതിർചേരിക്കൊപ്പം ചേർന്ന് സർക്കാർ രൂപീകരിച്ചത് ബിജെപിക്ക് ഏറ്റവും വലിയ തിരിച്ചടിയായിരുന്നു . കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നേതൃത്വത്തിലായിരുന്നു ശിവേസന- ബിജെപി സഖ്യം തെരഞ്ഞെടുപ്പിനെ നേരിട്ടത്. സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷം സഖ്യം നേടുകയും ചെയ്തു. എന്നാൽ, അവിടെ നിന്നും ഫഡ്‌നാവിസിന് തിരിച്ചടിയേറ്റു. മുഖ്യമന്ത്രി പദവി വേണമെന്ന സേനയുടെ ആവശ്യം അംഗീകരിക്കാൻ ബിജെപി തയ്യാറായില്ല.
ഇതോടെ സേന മറുകണ്ടം ചാടുകയും ഉദ്ധവ് താക്കറെ മുഖ്യമന്ത്രി ആകുകയും ചെയ്തു. എൻസിപി- കോൺഗ്രസ് എംഎൽഎമാരെ ലക്ഷ്യമിടാതെ കൃത്യമായി ശിവസേനയെ തകർക്കാനുള്ള അവസരം നഷ്ടപ്പെടുത്തിയില്ല ബിജെപി. ഒപ്പം നിന്നു ചതിച്ച ഉദ്ധവ് താക്കറെയെ സ്വന്തം പാർട്ടിക്കാർ തന്നെ, അധികാരത്തിന്റെ പടിയിറക്കി വിടുമ്പോൾ ബിജെപിക്കും ദേവേന്ദ്രഫഡ്നാവിസിനും ഇത് ഇരട്ടിവിജയമാണ്. സംസ്ഥാന ഭരണം തിരിച്ചുകിട്ടുന്നതിനൊപ്പം ചതിച്ചവനെ തകർക്കാനും ബിജെപിയുടെ കരുനീക്കങ്ങൾക്ക് കഴിഞ്ഞു.
അതേസമയം, ബിജെപിയും ശിവസേന വിമതരും സർക്കാർ രൂപീകരണ ചർച്ചകൾ തുടങ്ങി. ഉദ്ധവിന്റെ രാജി ജനങ്ങളുടെ വിജയമെന്ന് ബിജെപി പ്രതികരിച്ചു. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിലെ ജനവിധിയെ ഉദ്ധവ് താക്കറെ അപമാനിച്ചുവെന്നും അതുകൊണ്ടാണു രാജിവയ്‌ക്കേണ്ടി വന്നതെന്നും ബിജെപി നേതാവ് സയ്ദ് ഷാനവാസ് ഹുസൈൻ പറഞ്ഞു. ജനവിധിയെ ബഹുമാനിച്ചില്ലെങ്കിൽ എന്താണു സംഭവിക്കുകയെന്ന് അവർ പഠിച്ചതിൽ സന്തോഷമുണ്ടെന്നും സയ്ദ് പറഞ്ഞു.
വിശ്വാസ വോട്ടെടുപ്പ് വ്യാഴാഴ്ച നടത്തണമെന്നു സുപ്രീംകോടതി ഉത്തരവിട്ടതിനു പിന്നാലെയാണ് ഉദ്ധവ് താക്കറെ ഫേസ്‌ബുക്കിലൂടെ രാജി പ്രഖ്യാപിച്ചത്. രാജ്യസഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തായിട്ട് പോലും മൂന്ന് സീറ്റുകൾ ബിജെപി. സ്വന്തമാക്കിയതിൽ തുടങ്ങിയ മഹാവികാസ് അഘാഡി സർക്കാരിന്റെ ഞെട്ടലിൽ നിന്ന് തുടങ്ങുന്നു മഹാരാഷ്ട്രയിലെ പുതിയ നാടകത്തിന്റെ ആരംഭം. പിന്നെ കണ്ടത് ഉദ്ധവിന്റെ വിശ്വസ്തൻ കൂടിയായിരുന്ന ശിവസേനാ നേതാവും മന്ത്രിയുമായ ഏക്നാഥ് ഷിൻഡെയുടെ കളിയാണ്. വിമതരെ കൂടെ നിർത്തി ഉദ്ധവിനെ വെല്ലുവിളിച്ച് റിസോർട്ട് രാഷ്ട്രീയത്തിന് തുടക്കമായി.
ആദ്യം ഗുജറാത്തിലെ റിസോർട്ടിൽ, പിന്നെ ഗുവാഹാട്ടിയിലെ റിസോർട്ടിൽ, അവിടെ നിന്നും ഗോവയിലേക്ക്. ഇനി രാജസ്ഥാനിലേക്കും ഓപ്പറേഷൻ താമര നീളുമോ എന്നേ കണ്ടറിയേണ്ടതുള്ളൂ. രാഷ്ട്രപതി തിരഞ്ഞെടുപ്പിനായി ദിവസങ്ങൾ ബാക്കി നിൽക്കെ പ്രതിപക്ഷ സ്ഥാനാർത്ഥികൾക്കായി ഡൽഹിയിൽ യോഗങ്ങൾ ചേരുന്നതിനിടെയായിരുന്നു കാലിനിടയിൽ നിന്ന് അഘാഡി സർക്കാരിന്റെ മണ്ണൊഴുകി പോവാൻ തുടങ്ങിയത്. പക്ഷെ തിരിച്ചറിയാൻ വൈകിപ്പോയി.
ശിവസേന ഹിന്ദുത്വ അജണ്ടയിലേക്ക് തിരിച്ചുപോവുക, കോൺഗ്രസ്-എൻസിപി സഖ്യം ഉപേക്ഷിക്കുക, ബിജെപിയുമായി ചേർന്ന് സർക്കാരുണ്ടാക്കുക. ഇത്രയും നിബന്ധനകൾ ഏക്നാഥ് ഷിൻഡെയും വിമതരും മുന്നോട്ട് വെച്ചപ്പോൾ അതെല്ലാം അംഗീകരിക്കാൻ തയ്യാറായിരുന്നു ഉദ്ധവ് താക്കറെ. പക്ഷ ഒറ്റ നിബന്ധന, വിമതരെയും കൂട്ടി മുംബൈയിൽ തിരിച്ചെത്തണം. പക്ഷെ ഇത് നിരസിച്ച ഷിന്ദേയ്ക്കും കൂട്ടർക്കുമെതിരെ അയോഗ്യതയെന്ന അവസാന വടിയും ഉദ്ധവ് താക്കറേയും ശിവസേനയുമെടുത്തപ്പോഴും പ്രതീക്ഷയിലായിരുന്നു അഘാഡി സഖ്യം.
പക്ഷെ, വ്യാഴാഴ്ച വിശ്വാസം തെളിയിക്കണമെന്ന ഗവർണർ ഭഗത് സിങ് കോഷിയാരിയുടെ നിലപാടാണ് അവരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചത്. ഇതിനെതിരെ സുപ്രീംകോടതിയെ വരെ സമീപിച്ചെങ്കിലും രക്ഷയില്ലാതായി. അവസാനം രാജിയിലുമെത്തി.ഉദ്ധവ് താക്കറെയുമായി നല്ല ബന്ധമായിരുന്നുവെങ്കിലും ഉദ്ധവിന്റെ മകനും കാബിനറ്റ് മന്ത്രിയുമായ ആദിത്യ താക്കറെയുടെ ഇടപെടലാണ് ഏകനാഥ് ഷിൻഡെയെ ചൊടിപ്പിച്ചത്. ഉദ്ധവിനെ സേന നേതാക്കൾക്ക് പോലും കാണാനാവില്ലെന്ന സ്ഥിതിയായി.
ആദിത്യ താക്കറെയുടെ പേരിൽ നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു. സുശാന്ത് രജ്പുത്തിന്റെ മാനേജരുടെ മരണത്തിൽ ഉൾപ്പെടെ സംശയനിഴലിൽ എത്തിയ ആദിത്യ താക്കറെ, കോൺഗ്രസും എൻസിപിയുമായി ഭരണത്തിലേറാൻ പിതാവിനെ നിർബന്ധിക്കുകയും ചെയ്തിരുന്നു. തന്റെ വകുപ്പിൽ പോലും ശിവസേനാ നേതാവ് സഞ്ജയ് റാവുത്തും ആദിത്യ താക്കറെയും ഇടപെടുന്നുവെന്ന പരാതിയായിരുന്നു ഷിൻഡെയ്ക്കുണ്ടായത്.
മാത്രമല്ല, ആദിത്യ താക്കറെയ്ക്ക് കാബിനറ്റ് പദവി കൊടുത്തപ്പോൾ പോലും ഷിൻഡെയ്ക്ക് വകുപ്പിന്റെ സ്വതന്ത്ര ചുമതല നൽകിയിരുന്നില്ല. ഇതിലെല്ലാം നിരാശനായിരുന്ന ഷിൻഡെയാണ് ഒരു സുപ്രഭാതത്തിൽ അസംതൃപ്തരായ ശിവസേന എംഎൽഎമാരെയും കൂട്ടി റിസോർട്ടിലേക്ക് പറന്നത്.
Post Your Comments