ഉദയ്പുർ: രാജ്യത്തെ ഞെട്ടിച്ച ഉദയ്പൂരിലെ താലിബാൻ മോഡൽ കൊലപാതകം ഏറ്റവും തിരിച്ചടിയായിരിക്കുന്നത് രാജസ്ഥാനിലെ ന്യൂനപക്ഷങ്ങൾക്കും സംസ്ഥാനം ഭരിക്കുന്ന കോൺഗ്രസിനുമാണെന്ന് വിലയിരുത്തൽ. അവശേഷിക്കുന്ന കോൺഗ്രസ് ഭരണത്തിന് അന്ത്യമാകുമെന്ന സൂചന ബിജെപി ഇതോടെ നല്കി കഴിഞ്ഞു. സംഭവത്തിൽ സർക്കാര് വീഴ്‌ച്ച ആരോപിച്ചു ബിജെപി രംഗത്തുണ്ട്. പട്ടാപ്പകൽ നിരപരാധിയായ യുവാവിനെ ക്രൂരമായി കൊലപ്പെടുത്തിയത് സംസ്ഥാന സർക്കാരിന്റെ പ്രേരണയാലാണെന്ന് വ്യക്തമാക്കുന്നുവെന്ന് മുൻ രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ ട്വീറ്റ് ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും ഭീകരർ വധഭീഷണി മുഴക്കിയിട്ടുണ്ട്. അശോക് ഗെലോട്ട് സർക്കാരിന്റെ ഭരണത്തിൽ ഹിന്ദുക്കൾ സുരക്ഷിതരല്ലെന്ന് ഉദയ്പുർ കൊലപാതകം തെളിയിച്ചുവെന്ന് രാജസ്ഥാൻ ബിജെപി അധ്യക്ഷൻ സതീഷ് പൂനിയ പറഞ്ഞു. സംഭവം ദുഃഖകരമാണെന്ന് പറഞ്ഞ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, സമാധാനത്തിന് ആഹ്വാനം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും അദ്ദേഹം കുറ്റപ്പെടുത്തി.
‘രാജ്യത്ത് ഇന്ന് സംഘർഷഭരിതമായ അന്തരീക്ഷമാണ്. എന്തുകൊണ്ടാണ് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും രാജ്യത്തെ അഭിസംബോധന ചെയ്യാത്തത്?. ആളുകൾക്കിടയിൽ വലിയ മാനസിക പിരിമുറുക്കമുണ്ട്. പ്രധാനമന്ത്രി പൊതുജനങ്ങളെ അഭിസംബോധന ചെയ്യണം. ഇത്തരം അക്രമങ്ങൾ വച്ചുപൊറുപ്പിക്കില്ല’- അദ്ദേഹം പറഞ്ഞു.
ഉദയ്പൂരിൽ വലിയ സംഘർഷാന്തരീക്ഷമാണ് നിലനിൽക്കുന്നത്. ഉദയ്പുരിൽ വ്യാപക പ്രതിഷേധം നടക്കുന്നതിനിടെ പൊലീസ് സംഘർഷം തടയുന്നതിനുള്ള മുൻകരുതൽ നടപടികൾ സ്വീകരിച്ചു. 600 പൊലീസുകാരെ അധികമായി വിന്യസിച്ചു. 24 മണിക്കൂർ നേരത്തേയ്ക്ക് ഇന്റർനെറ്റ് സേവനം മരവിപ്പിച്ചിട്ടുണ്ട്. ഉദയ്പുർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കർഫ്യൂ ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇന്നലെ അർദ്ധരാത്രിയിലും പ്രതിഷേധക്കാരെ തടയാൻ പോലീസിനായില്ല. നിരവധി മുസ്ലീം സ്ഥാപനങ്ങൾ ഇന്നലെ അടിച്ചു തകർക്കുകയും തീവെക്കുകയും ചെയ്തിട്ടുണ്ട്.
ജില്ലയിലെ ഏഴു മേഖലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രതിഷേധവുമായി പ്രദേശവാസികൾ തെരുവിലിറങ്ങിയതിനെ തുടർന്ന് സ്ഥലത്തെ കടകൾ അടപ്പിച്ചു. സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന കൊലപാതകത്തിന്റെ വീഡിയോ കാണരുതെന്നും പ്രചരിപ്പിക്കരുതെന്നും രാജസ്ഥാൻ പൊലീസ് നിർദ്ദേശം നൽകി.
Post Your Comments