തിരുവനന്തപുരം: പശ്ചിമഘട്ട മേഖലയിലെ 11 പഞ്ചായത്തുകളിലും ആറ് സംരക്ഷിത പ്രദേശങ്ങളിലും നടപ്പാക്കുന്ന ഇന്ത്യ ഹൈറേഞ്ച് മൗണ്ടൻ ലാൻഡ്സ്‌കേപ്പ് (ഐ.എച്ച്.ആർ.എം.എൽ) പദ്ധതി പ്രവർത്തനങ്ങളെ ആസ്പദമാക്കി സംഘടിപ്പിക്കുന്ന അനുഭവ വിജ്ഞാന വ്യാപന ദ്വിദിന ശിൽപ്പശാലയ്ക്ക് തുടക്കമായി. വെള്ളാർ ക്രാഫ്റ്റ് വില്ലേജിൽ നടക്കുന്ന ശിൽപ്പശാല ചീഫ് സെക്രട്ടറി ഡോ. വി.പി ജോയ് ഉദ്ഘാടനം ചെയ്തു. വിജയകരമായി നടപ്പാക്കുന്ന ഇന്ത്യ ഹൈറേഞ്ച് മൗണ്ടൻ ലാൻഡ്സ്‌കേപ്പ് പദ്ധതിയുടെ ഫലങ്ങൾ വിലയിരുത്തുകയും ആശയങ്ങൾ ക്രോഡീകരിച്ച് തുടർ ആസൂത്രണ – നയ രൂപീകരണ പ്രവർത്തനങ്ങൾ സജ്ജമാക്കുകയുമാണ് ശിൽപ്പശാലയുടെ ലക്ഷ്യം.
ഇന്ത്യ ഹൈറേഞ്ച് മൗണ്ടൻ ലാൻഡ്സ്‌കേപ്പ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയ പദ്ധതികൾ സംസ്ഥാനത്തിന്റെ ഭാവി വികസന പദ്ധതികളിൽ അനുകരണീയ മാതൃകയാണെന്നു ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച നവകേരളം കർമപദ്ധതി കോ-ഓർഡിനേറ്റർ ഡോ. ടി.എൻ സീമ പറഞ്ഞു. യു.എൻ.ഡി.പി ഇന്ത്യ റെസിഡന്റ് പ്രതിനിധി ഷോക്കോ നോഡ മുഖ്യ പ്രഭാഷണം നടത്തി. പദ്ധതിയുമായി ബന്ധപ്പെട്ട് തയാറാക്കിയ കൈപ്പുസ്തകം കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ ഡയറക്ടർ ഡോ. ജോയ് ഇളമൺ ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പിന് നൽകി പ്രകാശനം ചെയ്തു.
ശിൽപ്പശാലയുടെ ഭാഗമായി പദ്ധതി നടപ്പാക്കിയ പ്രദേശങ്ങളിലെ ഗ്രാമപഞ്ചായത്തുകളുടെ ഉത്പന്നങ്ങൾ അണിനിരത്തി സംഘടിപ്പിക്കുന്ന പ്രദർശനം തദ്ദേശ സ്വയംഭരണ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ഉദ്ഘാടനം ചെയ്തു. ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആനന്ദറാണി, അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമൻ ചെല്ലപ്പൻ, ഐ.എച്ച്.ആർ.എം.എൽ സ്റ്റേറ്റ് പ്രൊജക്ട് കോ-ഓർഡിനേറ്റർ അരുൺ രാമചന്ദ്രൻ, സ്റ്റേറ്റ് നോഡൽ ഓഫീസർ എസ്. സൺ തുടങ്ങിയവർ പങ്കെടുത്തു. ജൂൺ 30ന് വൈകിട്ടു നടക്കുന്ന സമാപന സമ്മേളനം വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. നവകേരളം കർമപദ്ധതി കോ-ഓർഡിനേറ്റർ ഡോ. ടി.എൻ സീമ, ഹരിത കേരളം മിഷൻ കൺസൾട്ടന്റ് ഏബ്രഹാം കോശി തുടങ്ങിയവർ പങ്കെടുക്കും.
Post Your Comments