2 കുട്ടികളുടെ അമ്മയെ ഹൈന്ദവാചാരപ്രകാരം വിവാഹം ചെയ്ത വൈദികൻ ഫാ. മുല്ലപ്പള്ളിൽ സ്ഥിരം പ്രശ്നക്കാരൻ

കണ്ണൂര്‍: സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട രണ്ടുകുട്ടികളുടെ മാതാവായ യുവതിയെ ഹൈന്ദവാചാര പ്രകാരം വിവാഹം ചെയ്ത വൈദികനെ പുറത്താക്കി തലശ്ശേരി അതിരൂപത. ഫാ. മാത്യു മുല്ലപ്പള്ളിലി(40)നെയാണ് സഭ പുറത്താക്കിയത്. പൗരോഹിത്യത്തില്‍ നിന്നും വിടുതല്‍ അനുവദിക്കണമെന്ന് ഇദ്ദേഹം നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു എന്നും ഇത് പ്രകാരം തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി പൗരോഹിത്യ ചുമതലയില്‍ നിന്ന് ഇദ്ദേഹത്തെ നീക്കം ചെയ്തതായും അതിരൂപത അറിയിച്ചു.

സോഷ്യല്‍ മീഡിയയിലൂടെയാണ് ഫാ. മാത്യു യുവതിയെ പരിചയപ്പെടുന്നത്. ഈ പരിചയം പിന്നീട് പ്രണയമായി മാറുകയായിരുന്നു. അതേസമയം വൈദികന്റെ വിവാഹത്തിൽ പല വിശ്വാസികൾക്കും ഞെട്ടൽ മാറിയിട്ടില്ല. കരിഞ്ഞുണങ്ങിയ തെങ്ങുകള്‍ പോലും പ്രാര്‍ത്ഥനയാല്‍ കായ്പിക്കാന്‍ കഴിവുള്ള വൈദികനാണ് ഫാ. മാത്യു മുല്ലപ്പള്ളിയെന്ന് വിശ്വസിച്ചിരുന്നവരായിരുന്നു ചിലര്‍. എന്നാല്‍ പിന്നീട് വിവാദങ്ങളില്‍ ഫാ. മാത്യു മുല്ലപ്പള്ളിയുടെ പേര് ഇടം പിടിച്ചു. 2020 ജൂണില്‍ ഇടവകയിലെ പോള്‍ അമ്പാട്ട് എന്നയാളുമായി ചില വൈദികര്‍ നടത്തിയ ഫോണ്‍ സംഭാഷണം പുറത്തുവന്നതാണ് സംഭവങ്ങളുടെ തുടക്കം.

പോളുമായി നടത്തിയ സംഭാഷണത്തില്‍ താന്‍ പ്രവര്‍ത്തിച്ചിരുന്ന ഇടവകകളിലെ ചില സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നതായി ഫാ. മാത്യു മുല്ലപ്പള്ളി വെളിപ്പെടുത്തിയതാണ് വിവാദമായത്. ഇതേ ഇടവകയിലെ മുന്‍ വൈദികനാണ് ഈ വിവാദത്തിന് പിന്നിലെന്നും ആരോപണമുണ്ടായിരുന്നു. പൊട്ടന്‍ പ്ലാവ് സെന്റ് ജോസഫ് ചര്‍ച്ചില്‍ വൈദികനായിരിക്കെയാണ് ഫാ. മാത്യു മുല്ലപ്പള്ളി വിവാദങ്ങളില്‍ പെടുന്നത്. തുടര്‍ന്ന്, ഇദ്ദേഹത്തെ പൊന്ന്യത്തേക്ക് സ്ഥലം മാറ്റുകയായിരുന്നു. 2020 ലാണ് വൈദികർക്കും ക്രിസ്ത്യാനികൾക്കും തലതാഴ്ത്തി നടക്കേണ്ട ഗതികേടിന് രണ്ട് വൈദികർ കാരണക്കാരായത്.

ഫാ.മാത്യു മുല്ലപ്പള്ളിൽ, ഫാ.ബിജു പൂത്തോട്ടാൽ എന്നീ വൈദികരായിരുന്നു നായകർ. എന്നാൽ, ഈ വൈദികരുടെ വ്യഭിചാര കഥകൾ പുറത്ത് അറിയിച്ച പോൾ അമ്പാട്ട് എന്ന വ്യക്തിക്കെതിരെ ഇരയായ യുവതി കണ്ണൂർ SP മുൻപാകെ ക്രിമിനൽ കേസ് ഫയൽ ചെയ്തിരുന്നു. തുടർന്ന് അമ്പാട്ട് പോളിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തിരുന്നു. ഒളിവിൽ പോയ പോൾ അമ്പാട്ട് മാസങ്ങൾക്ക് ശേഷമാണ് മുൻകൂർ ജാമ്യം ലഭിച്ച് നാട്ടിൽ എത്തിയത്. ഈ കേസ് പോൾ അമ്പാട്ടിനെതിരെ യുവതി കൊടുത്തതിന് പിന്നിൽ തലശ്ശേരി രൂപതയുടെ കരങ്ങളുണ്ട് എന്ന് വ്യാപകമായ ആരോപണമുണ്ടായിരുന്നു.

ഇതിൽ രണ്ട് വൈദികരുമായും ശരീരം പങ്കിട്ട യുവതിയെ സംഗതി വിവാദമായതിനെ തുടർന്ന് സഭയുടെ നേതൃത്വത്തിൽ ഇരിട്ടിയിലേയ്ക്ക് മാറ്റിയിരുന്നു. പക്ഷേ അധികം വൈകാതെ ഈ യുവതി ഇരിട്ടിയിലുള്ള ഒരു മുസ്ലീം യുവാവിനൊപ്പം ഒളിച്ചോടിയിരുന്നു. ഒടുവിൽ ഇരിട്ടി പോലീസിന്റെ നേതൃത്വത്തിൽ തമിഴ് നാട്ടിൽ വച്ച് ഇവരെ പിടികൂടി നാട്ടിലെത്തിച്ചു. ഇപ്പോൾ ഈ വിവാദ കേസിലെ നായകന്മാരിൽ ഒരുവനായ മാത്യു മുല്ലപ്പള്ളിയാണ് രണ്ട് കുട്ടികളുടെ മാതാവായ യുവതിയെ ഹൈന്ദവാചാരപ്രകാരം വിവാഹം ചെയ്തത്.

Share
Leave a Comment