കൊച്ചി: മസ്കത്തിൽ ഏജന്റുമാരുടെയും അറബികളുടെയും ക്രൂരപീഡനങ്ങൾക്ക് ഇരയായി ജീവിക്കുന്നതിനിടെ ചില സന്മനസുള്ളവരുടെ ഇടപെടലിൽ രണ്ടു വർഷം മുൻപു തിരികെയെത്തിയ ഫോർട്ട് കൊച്ചി സ്വദേശിനിയുടെ വാക്കുകളാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. രണ്ടു വർഷം വിദേശത്ത് അനുഭവിച്ച ദുരിത ജീവിത്തെക്കുറിച്ചു യുവതിയുടെ വെളിപ്പെടുത്തലുകൾ ഞെട്ടിക്കുന്നതാണ്.
യുവതിയുടെ വാക്കുകൾ ഇങ്ങനെ,
ഒരു വീടു പണിയണം, മക്കൾക്കു നല്ല വിദ്യാഭ്യാസം നൽകണം, മത്സ്യത്തൊഴിൽ ചെയ്യുന്ന ഭർത്താവിനു കാര്യമായ വരുമാനമില്ലാത്തതിനാൽ അദ്ദേഹത്തിനും സഹായമാകണം. ഇതിൽ കൂടുതലൊന്നും ആഗ്രഹിച്ചല്ല വിദേശ ജോലിക്കു തയാറായത്. താൽപര്യം അറിഞ്ഞ് സഹായിക്കാനെന്ന പേരിൽ അടുത്തു കൂടിയതാണ് അടുത്ത ബന്ധത്തിലുള്ള ഒരു സ്ത്രീ. വൈപ്പിനിൽ താമസിക്കുന്ന ജുമൈല ‘ഒരു വലിയ വീട്ടിൽ കുഞ്ഞിനെ നോക്കിയാൽ മാത്രം മതി, ആദ്യം 25,000 രൂപയും പിന്നെ 30,000 രൂപയും ശമ്പളം ലഭിക്കും. അടുക്കളപ്പണിക്കും ക്ലീനിങ്ങിനുമെല്ലാം വേറെ ആളുകളുണ്ട്’ ഇതായിരുന്നു വാഗ്ദാനം.
കുറച്ചുനാൾ വിദേശത്തു ജോലി ചെയ്തു മടങ്ങി വരാമെന്ന പ്രതീക്ഷയിലാണ് പോകാൻ തീരുമാനിച്ചത്. വിമാനത്താവളത്തിൽവച്ചാണ് കരുനാഗപ്പള്ളി സ്വദേശിയെന്നു പറയുന്ന ദിൽഷാദ് എന്നയാളെ പരിചയപ്പെടുന്നത്. ദുബായിൽ ഇവരുടെ ഓഫീസിലാണ് ക്രൂരമായ മർദ്ദനത്തിന് ഇരയാകുന്നത്. അടിവയറ്റിനു ചവിട്ടിയപ്പോൾ തെറിച്ചു വീണതെല്ലാം ഇന്നെന്ന പോലെ ഓർമയുണ്ട്. ചാട്ടവാറുകൊണ്ടു ക്രൂരമായി അടിച്ചു വേദനിപ്പിച്ചു. അതിന്റെ ദുരിതവും വേദനയുമെല്ലാം ഇപ്പോഴാണ് അനുഭവിക്കുന്നത്. തൊഴി കിട്ടിയതുകൊണ്ടാകും, ഗർഭാശയത്തിനു കാര്യമായ തകരാറു പറ്റി ഇപ്പോൾ ജോലിക്കു പോലും പോകാനാവാത്ത പ്രശ്നമുണ്ട്.
രണ്ടു ചെവിക്കുറ്റിയിലും മാറിമാറി അടിച്ചു. അപ്പോഴത്തെ അവസ്ഥ ഇപ്പോഴും ഓർക്കുമ്പോൾ ഭയങ്കര വിഷമം വരും. രണ്ടേ മുക്കാൽ ലക്ഷം രൂപ തന്നാലേ തിരിച്ചു പോകാനാകൂ എന്ന് ഓഫീസിൽനിന്നു പറഞ്ഞു. ഹിന്ദിയും അറബിയും അറിയില്ലാത്തതിനാൽ മലയാളം അറിയുന്ന ഒരാൾ വഴി ഇതെല്ലാം പറഞ്ഞു കേൾപ്പിച്ചു. ഏജന്റ് വഴിയാണ് പോകുന്നതെന്ന് അറിഞ്ഞിരുന്നെങ്കിൽ അതിനു മുതിരില്ലായിരുന്നു. ഇവിടെനിന്നു പോയവരിൽ ബേബി എന്നു പേരുള്ള മറ്റൊരു പെൺകുട്ടി കൂടിയുണ്ടായിരുന്നു. എന്നെ മാത്രമാണ് മസ്കത്തിലേയ്ക്കു കയറ്റി വിട്ടത്. ബേബിയെ മൂന്നു മാസം കഴിഞ്ഞു തിരികെ കൊണ്ടുവന്നെന്നു കേട്ടു.
ഓഫീസിൽ കൊണ്ടുപോയി ഉപദ്രവിക്കുന്ന കാര്യം നാട്ടിൽ അറിയിക്കാൻ പറ്റിയതാണ് രക്ഷയായത്. എംബസി ഇടപെടലിൽ അവർ രക്ഷപ്പെട്ടു. ഫോൺ പോലും തല്ലിപ്പൊട്ടിച്ചതിനാൽ എനിക്ക് നാട്ടിൽ അറിയിക്കാൻ പോലും സാധിക്കാതെ പോയി. ജുമൈലയ്ക്കൊപ്പം കരുനാഗപ്പള്ളി സ്വദേശി അൻവറും നിഷാദുമാണ് തന്നെ വിദേശത്തെത്തിച്ചു അറബിക്കു വിറ്റത്. ഇവർക്കെതിരെ പരാതി നൽകിയിട്ടും ഫലം കണ്ടിട്ടില്ല. പ്രതികളെ ആരെയും ഇതുവരെ അറസ്റ്റു ചെയ്തിട്ടില്ല. തിരിച്ചെത്തിയ ശേഷം മട്ടാഞ്ചേരി പൊലീസിൽ നേരിട്ടെത്തി പരാതി നൽകി. അതിനു മുൻപ് അമ്മ എത്രയോ തവണ പൊലീസ് സ്റ്റേഷൻ കയറി ഇറങ്ങി.
എന്തുവന്നാലും കുറ്റക്കാരുമായി ഒരു ഒത്തുതീർപ്പിനും തയാറല്ല എന്നതിൽ സംശയമില്ല. എന്റെ സഹോദരനെ വരെ പ്രതികൾ സമീപിച്ചു. ഇതിനിടെ ബന്ധുവായ സ്ത്രീയെ കാണാറുണ്ടെങ്കിലും മിണ്ടാറില്ല. അവർ വഴിമാറി പോകുന്നതാണ് പതിവ്. ഇത്രയുമായിട്ടും അൻവറിനെയും ദിൽഷാദിനെയും പോലെയുള്ളവർ ഞങ്ങളെപ്പോലെയുള്ള പെണ്ണുങ്ങളെ കൊണ്ടുപോയി വിറ്റു ജീവിക്കുകയാണ്. നഷ്ടപരിഹാരം വാങ്ങാനല്ല കേസ് കൊടുത്തിരിക്കുന്നത്. പൈസ വാങ്ങി സംഭവിച്ചതെല്ലാം മൂടിവച്ചിട്ട് ഒരു കാര്യവുമില്ല. കുറ്റക്കാരെ പുറത്തു കൊണ്ടുവന്നു ശിക്ഷ കൊടുക്കണമെന്നാണ് ആഗ്രഹം.– യുവതി പറഞ്ഞു.
Post Your Comments