
തിരുവനന്തപുരം : കാനഡയില്‍ ജോലി വാഗ്ദാനം ചെയ്ത് അഞ്ച് കോടിയിലധികം രൂപ തട്ടിയെടുത്തെന്ന പരാതിയുമായി ഉദ്യോഗാര്‍ത്ഥികള്‍. തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശിയായ അജിത് കുമാറിനെതിരെയാണ് ഉദ്യോഗാര്‍ത്ഥികള്‍ പരാതിയുമായി രംഗത്തെത്തിയത്.
സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നായി മുന്നൂറിലധികം ആളുകളില്‍ നിന്നായി അജിത് കുമാര്‍ പണം വാങ്ങിയെന്നാണ് പരാതി. കഴിഞ്ഞ മാര്‍ച്ചില്‍ പണം വാങ്ങിയ അജിത് കുമാര്‍ പിന്നീട് യാതൊരു തരത്തിലും ബന്ധപ്പെട്ടില്ലെന്നും പരാതിയില്‍ പറയുന്നു.
കാനഡയിലെ സ്ഥാപനങ്ങളില്‍ സൂപ്പര്‍വൈസര്‍, പാക്കിംഗ്, സെയില്‍സ്മാന്‍ എന്നീ തസ്തികകളിലേക്കാണ് അജിത് ജോലി വാഗ്ദാനം ചെയ്തത്. പലയിടങ്ങളിലായി അജിത് കുമാറിനെതിരെ പണം നല്‍കിയ ആളുകള്‍ പോലീസില്‍ പരാതി കൊടുത്തിട്ടുണ്ട്. അജിത് കുമാറിന്റെ അക്കൗണ്ടിലേക്കും ഇയാളുമായി ബന്ധമുള്ളവരുടെ അക്കൗണ്ടിലേക്കുമാണ് ഉദ്യോഗാര്‍ഥികള്‍ പണം അയച്ചത്. നിലവില്‍ അജിതിന്റെ ഫോണ്‍ പ്രവര്‍ത്തിക്കുന്നില്ല.
അതേസമയം, അജിത് കുമാറിനെതിരെ സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കിയിട്ടും എഫ്‌ഐആര്‍ ഇട്ടില്ലെന്ന ആക്ഷേപവും ഉദ്യോഗാര്‍ത്ഥികള്‍ക്കുണ്ട്. അജിത് കുമാറിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഉദ്യോഗാര്‍ത്ഥികള്‍ മുഖ്യമന്ത്രിയെയും സംസ്ഥാന പോലീസ് മേധാവിയെയും സമീപിച്ചിട്ടുണ്ട്.
Post Your Comments