Latest NewsKeralaNews

സേവന ഗുണനിലവാരം മെച്ചപ്പെടുത്തൽ പദ്ധതി എല്ലാ മെഡിക്കൽ കോളേജുകളിലും നടപ്പിലാക്കും: ആരോഗ്യ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളേജുകളിലും സേവന ഗുണനിലവാരം മെച്ചപ്പെടുത്തൽ പദ്ധതി നടപ്പിലാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആദ്യഘട്ടമായി അത്യാഹിത വിഭാഗങ്ങൾ രോഗീ സൗഹൃദമാക്കും. അത്യാഹിത വിഭാഗങ്ങളിൽ അസി. പ്രൊഫസർ റാങ്കിലുള്ള സീനിയർ ഡോക്ടർമാരുടെ സേവനം 24 മണിക്കൂറും ലഭ്യമാക്കും. അത്യാഹിത വിഭാഗത്തിലെത്തുന്നവരോട് അനുഭാവപൂർവമായ സമീപനം ജീവനക്കാർ സ്വീകരിക്കണമെന്നും മന്ത്രി നിർദ്ദേശം നൽകി. എല്ലാ മെഡിക്കൽ കോളേജുകളിലേയും സൂപ്രണ്ടുമാരുടെ യോഗത്തിലാണ് മന്ത്രി നിർദ്ദേശം നൽകിയത്.

രോഗികളുടെ കൂടെയെത്തുന്നവർക്ക് സഹായകരമായി രക്തം മുതലായ സാമ്പിളുകൾ ശേഖരിക്കാനുള്ള കളക്ഷൻ സെന്ററുകൾ അത്യാഹിത വിഭാഗത്തോടനുബന്ധിച്ച് സ്ഥാപിക്കും. രോഗികളുടെ വിവരങ്ങളും ഐസിയു വെന്റിലേറ്റർ തുടങ്ങിയവയുടെ വിവരങ്ങളും അറിയാൻ കൺട്രോൾ യൂണിറ്റുകൾ സ്ഥാപിക്കും. ഹൃദയസംബന്ധമായ രോഗങ്ങളുമായി വരുന്നവരുടെ അടിയന്തര ചികിത്സയ്ക്കായി ചെസ്റ്റ് പെയിൻ ക്ലിനിക്കുകൾ സ്ഥാപിക്കും. രോഗികൾക്ക് കുറഞ്ഞ സമയത്തിനുള്ളിൽ വേഗത്തിൽ വിദഗ്ധ ചികിത്സ ലഭ്യമാക്കാൻ അത്യാഹിത വിഭാഗത്തിൽ സൂപ്പർ സ്‌പെഷ്യാലിറ്റി സേവനമൊരുക്കും.

ചികിത്സാരംഗത്തും അക്കാഡമിക് രംഗത്തും ഗവേഷണ രംഗത്തും മികവ് പുലർത്തുന്ന ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് ഇനിഷ്യേറ്റീവ് തിരുവനന്തപുരത്തിന് പുറമേ ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, കോഴിക്കോട് മെഡിക്കൽ കോളേജുകളിൽ വ്യാപിപ്പിക്കും.

എല്ലാ മെഡിക്കൽ കോളേജുകളും മരുന്നിന്റെ ലഭ്യത ഉറപ്പ് വരുത്തണം. പോരായ്മകൾ ആശുപത്രികൾ തന്നെ കണ്ടെത്തി പരിഹരിക്കാൻ ഗ്യാപ്പ് അനാലിസിസ് നടത്തണം. പകർച്ചവ്യാധികളെ പ്രതിരോധിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി നിർദ്ദേശം നൽകി.

ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. ആശ തോമസ്, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. തോമസ് മാത്യു, എല്ലാ മെഡിക്കൽ കോളേജുകളിലേയും സൂപ്രണ്ടുമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button