Latest NewsKerala

ഒന്നര വയസുകാരന്റെ മുന്നിലിട്ട് മാതാവിനെ വെട്ടിക്കൊന്ന സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

പാലക്കാട്: പാലക്കാട് ഒന്നരവയസുകാരന്റെ മുന്നിലിട്ട് ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഒന്നരവയസുള്ള മകന്റെ കണ്മുന്നില്‍വെച്ചായിരുന്നു ദാരുണമായ കൊലപാതകം. കണ്ടുകണ്ടം വീട്ടിക്കാട് വീട്ടില്‍ അവിനാഷ്(30) ആണ് ഭാര്യ ദീപിക (28) യെ കൊടുവാള്‍ ഉപയോഗിച്ച് ഇന്ന് രാവിലെ വെട്ടിക്കൊന്നത്. ദീപികയുടെ കഴുത്തിലും കാലിലും കൈയിലുമാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ ദീപികയെ ഉടന്‍തന്നെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു.

മൃതദേഹം മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ദമ്പതിമാര്‍ തമ്മിലുണ്ടായ നിസാര വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. രാവിലെ എഴുന്നേറ്റ അവിനാഷ് മകനെ ഉമ്മ വെയ്ക്കാന്‍ ശ്രമിച്ചു. എന്നാല്‍ പല്ല് തേക്കാതെ കുട്ടിയെ ഉമ്മ വെയ്‌ക്കേണ്ടെന്നായിരുന്നു ഭാര്യയുടെ പ്രതികരണം. ഇതേച്ചൊല്ലിയുണ്ടായ വഴക്കാണ് ഭാര്യയെ ആക്രമിക്കുന്നതിലേക്ക് നയിച്ചതെന്നാണ് പോലീസ് നല്‍കുന്ന വിവരം. പ്രതിയെ കസ്റ്റഡിയിലെടുത്തു.

കരച്ചില്‍ കേട്ട് അയല്‍വാസികള്‍ എത്തിയപ്പോള്‍ ദീപിക വെട്ടേറ്റ് വീണു കിടക്കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. ഒന്നര വയസുകാരന്‍ ഐവിന്‍ അമ്മയെ കെട്ടിപ്പിടിച്ച് കരയുകയായിരുന്നു. കൊടുവാളുമായി സമീപത്ത് തന്നെ ഭര്‍ത്താവ് അവിനാശുമുണ്ടായിരുന്നു. ആളുകള്‍ എത്തിയതോടെ കടന്നുകളയാന്‍ അവിനാശ് നടത്തിയ ശ്രമം നാട്ടുകാര്‍ തടയുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

കോയമ്പത്തൂര്‍ സ്വദേശിനിയാണ് ദീപിക. വര്‍ഷങ്ങളായി ബെംഗളൂരുവില്‍ താമസിച്ചിരുന്ന ദമ്പതിമാര്‍ രണ്ടുമാസം മുമ്പാണ് നാട്ടില്‍ താമസം തുടങ്ങിയത്. അഗ്നിരക്ഷാസേനയുടെ കരാര്‍ ജോലികള്‍ ഏറ്റെടുത്ത് നടത്തിയിരുന്നയാളാണ് അവിനാഷ്. ഇയാള്‍ മാനസികപ്രശ്‌നങ്ങള്‍ക്ക് ചികിത്സ തേടിയിരുന്നതായും വിവരങ്ങളുണ്ട്. ഏകമകന്‍ ഐവിന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button