കണ്ണൂർ: സംസ്ഥാനങ്ങളില്‍ ഭരണം അട്ടിമറിക്കാനുള്ള ബി.ജെ.പിയുടെ ആയുധങ്ങള്‍ പണവും പദവിയും ഇഡിയുമാണെന്ന് സി.പി.എം നേതാവ് എം.വി. ജയരാജന്‍. ബി.ജെ.പി സർക്കാർ അധികാരത്തിൽ വന്നതോടെ കൂറുമാറ്റ രാഷ്ട്രീയം, റിസോർട്ട് രാഷ്ട്രീയമായി മാറിയെന്നും ജയരാജന്‍ പരിഹസിച്ചു. ബി.ജെ.പി സർക്കാർ മതത്തെ മുൻനിർത്തി വെറുപ്പ് വിതച്ച്, ജനങ്ങളെ വിഭജിച്ചുകൊണ്ട് ജനകീയ പ്രതിഷേധങ്ങളെ ഇല്ലാതാക്കുകയാണെന്നും ജയരാജന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിച്ചു.
എം.വി. ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
ആയാറാം ഗയാറാം ബിജെപിയുടെ ഭരണത്തിൽ
1967ലാണ് ആയാറാം ഗയാറാം എന്ന പ്രയോഗം രാജ്യത്തുണ്ടായത്. അന്ന് ഹരിയാനയിലെ കോൺഗ്രസ് എം.എൽ.എ. ഗയാലാൽ രണ്ടാഴ്ചക്കുള്ളിൽ മൂന്നുതവണ പാർട്ടി മാറി കൂറുമാറ്റത്തിൽ ചരിത്രം സൃഷ്ടിച്ചു. വർഷങ്ങൾക്ക് ശേഷം 1985ൽ കൂറുമാറ്റ നിരോധന നിയമം പാസ്സാക്കി. എന്നാൽ കൂറുമാറ്റത്തിന് കുറവൊന്നുമുണ്ടായില്ല. ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ കൂറുമാറ്റ രാഷ്ട്രീയം റിസോർട്ട് രാഷ്ട്രീയമായി മാറി. തുടക്കം അരുണാചൽ പ്രദേശിലായിരുന്നു. അവിടെ 60 അംഗ നിയമസഭയിൽ 42 പേർ കോൺഗ്രസ്സുകാരായിരുന്നു എങ്കിലും ബിജെപി 41 പേരെയും വിലക്ക് വാങ്ങി ഭരണത്തിലെത്തി.
സേവന ഗുണനിലവാരം മെച്ചപ്പെടുത്തൽ പദ്ധതി എല്ലാ മെഡിക്കൽ കോളേജുകളിലും നടപ്പിലാക്കും: ആരോഗ്യ മന്ത്രി
2017ൽ മണിപ്പൂർ നിയമസഭയിൽ ബിജെപിക്ക് 21 സീറ്റ് മാത്രം. കോൺഗ്രസ്സിൽ നിന്ന് 9 എം.എൽ.എ.മാരെയും സ്വതന്ത്രന്മാരെയും വിലക്ക് വാങ്ങിയാണ് 60 അംഗ നിയമസഭയിൽ ഭൂരിപക്ഷമുണ്ടാക്കിയത്. 2017ൽ 40 അംഗ ഗോവൻ നിയമസഭയിൽ 17 അംഗങ്ങളുള്ള ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോൺഗ്രസ്സിന് സർക്കാരുണ്ടാക്കാനായില്ല. 13 അംഗങ്ങൾ മാത്രമുള്ള ബിജെപി കോൺഗ്രസ്സിൽ നിന്നും എം.എൽ.എ.മാരെ വിലക്ക് വാങ്ങി ഭരണത്തിലെത്തി.
2018ൽ മധ്യപ്രദേശിൽ വ്യക്തമായ ഭൂരിപക്ഷത്തോടെ കോൺഗ്രസ് നേതാവ് കമൽനാഥ് ഭരണത്തിലെത്തി. എന്നാൽ അധികനാൾ ഭരണം തുടരാനായില്ല. 28 കോൺഗ്രസ് എം.എൽ.എ.മാരെ ബിജെപി വിലക്ക് വാങ്ങി. അവരെയെല്ലാം രാജിവെപ്പിക്കുകയും ഉപതെരഞ്ഞെടുപ്പ് നടത്തുകയും ചെയ്തപ്പോൾ കോടികൾ വോട്ടർമാർക്ക് നൽകിയാണ് 19 ബിജെപി എം.എൽ.എ.മാർ തെരഞ്ഞെടുക്കപ്പെട്ടത്. അതിലൂടെ മധ്യപ്രദേശ് ബിജെപി ഭരണത്തിലായി – ജനാധിപത്യത്തെ അട്ടിമറിച്ച പണാധിപത്യം.
നൂപുർ ശർമയെ അനുകൂലിച്ച് സമൂഹ മാധ്യമത്തിൽ പോസ്റ്റ്: തയ്യൽ കടയുടമയെ വെട്ടിക്കൊന്ന പ്രതികൾ പിടിയിൽ
കർണ്ണാടകയിൽ 2018ൽ കോൺഗ്രസ് – ജനതാദൾ സെക്കുലർ കൂട്ടുകെട്ടായിരുന്നു ഭരണത്തിലുണ്ടായിരുന്നത്. 16 എംഎൽഎമാരെ ബിജെപി ഭരിക്കുന്ന സംസ്ഥാനത്തെ റിസോർട്ടിലേക്ക് വിലക്കെടുത്തുകൊണ്ടുപോയാണ് ഭരണം അട്ടിമറിച്ചത്.
മഹാരാഷ്ട്രയിൽ 2019ൽ 15 കോൺഗ്രസ് എം.എൽ.എ.മാരും 2 മഹാരാഷ്ട്രാവാദി ഗോമന്തക് പാർട്ടി എം.എൽ.എ.മാരും ബിജെപിയിൽ ചേർന്നു. ഈ കൂറുമാറ്റത്തിന് കോടികളാണ് ബിജെപിക്ക് ചെലവായത്. ഇതേ മഹാരാഷ്ട്രയിലാണ് രണ്ടാം തവണ കൂറുമാറ്റത്തിന് അവർ ഇപ്പോൾ നേതൃത്വം കൊടുക്കുന്നത്.
ബിജെപിയോടൊപ്പം ചേർന്ന വിമത എം.എൽ.എ.മാർ ഉന്നയിക്കുന്ന ഒരേയൊരു ആവശ്യം ഉദ്ദവ് താക്കറെ മതേതര നിലപാട് ഉപേക്ഷിക്കണമെന്നാണ്! 2021ൽ പുതുച്ചേരിയിൽ ബിജെപിക്ക് ഒറ്റ എം.എൽ.എ. പോലും ഉണ്ടായില്ല. കോൺഗ്രസ് ഭരണത്തെ താഴെയിറക്കാൻ ബിജെപിയുടെ കയ്യിലുണ്ടായിരുന്നത് പണം മാത്രമായിരുന്നു. അവിടെയും ബിജെപിയുടെ കൂട്ടുകക്ഷി സർക്കാർ അധികാരത്തിലെത്തുന്നത് നാം കണ്ടു. പണവും പദവിയും ഇഡിയുമാണ് സംസ്ഥാനങ്ങളിൽ ഭരണം അട്ടിമറിക്കാനുള്ള ബിജെപിയുടെ ആയുധങ്ങൾ. മറ്റൊരു ഭാഗത്ത് മതത്തെ മുൻനിർത്തി വെറുപ്പ് വിതച്ച്, ജനങ്ങളെ വിഭജിച്ചുകൊണ്ട് ജനകീയ പ്രതിഷേധങ്ങളെയും ഇല്ലാതാക്കുന്നു. ഉയർന്ന പൗരബോധമാർജ്ജിച്ചുകൊണ്ടുള്ള പോരാട്ടങ്ങളാണ് കാലം നമ്മോട് ആവശ്യപ്പെടുന്നത്.
Post Your Comments