കൊച്ചി: ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് എം.പി ഇഹ്‌സാന്‍ ജഫ്രിയുടെ ഭാര്യ സകിയ ജഫ്രിയെ ആശ്വസിപ്പിക്കാന്‍ സോണിയാ ഗാന്ധിയോ രാഹുല്‍ ഗാന്ധിയോ എത്തിയില്ലെന്ന് കെ.ടി ജലീൽ. കോൺഗ്രസ് മുൻ എം.പി ഇഹ്സാൻ ജഫ്രി അതിക്രൂരമായാണ് വർഗീയ ഭ്രാന്തൻമാരാൽ ചുട്ടെരിക്കപ്പെട്ടതെന്നും അദ്ദേഹം തന്റെ ഫേസ്‌ബുക്ക് കുറിപ്പിലൂടെ കുറിച്ചു. വീട്ടിൽ അഭയം തേടിയ ഇഹ്‌സാന്‍ അറുപതോളം പേരെ രക്ഷിക്കാൻ അറിയാവുന്ന കോൺഗ്രസ് നേതാക്കളെയൊക്കെ മരണത്തിന് മുമ്പ് വിളിച്ചു കെഞ്ചിയെന്നും ആരും ഒരിറ്റു സഹായം കനിഞ്ഞില്ലെന്നും കെ.ടി ജലീൽ കൂട്ടിച്ചേർത്തു.
Read Also: പതിനേഴുകാരിയെ ഭര്‍ത്താവ് ഉള്‍പ്പെടെ നാലുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു
അതേസമയം ജലീലിന്റെ കുറിപ്പിന് താഴെ നിരവധി പ്രതികരണവുമായി സൈബര്‍ കോണ്‍ഗ്രസ് എത്തി. ഗുല്‍ബര്‍ഗ് സംഭവത്തിന് ശേഷം സോണിയാ ഗാന്ധി തന്റെ മാതാവിനെ ആശ്വസിപ്പിക്കാന്‍ എത്തിയെന്ന മകന്‍ തന്‍വീര്‍ ജഫ്രിയുടെ വാക്കുകള്‍ ചൂണ്ടിക്കാണിച്ചാണ് സൈബര്‍ കോണ്‍ഗ്രസ് കെ.ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റിനെ പ്രതിരോധിച്ചത്. എന്നാല്‍, തെളിവായി കോണ്‍ഗ്രസ് പ്രൊഫൈലുകള്‍ ചൂണ്ടിക്കാണിച്ച വാര്‍ത്ത വിശ്വസനീയമല്ലെന്നായിരുന്നു കെ.ടി ജലീലിന്റെ മറുപടി.
ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
രക്ഷിക്കാൻ കോൺഗ്രസ്സ് വരില്ല.
കോൺഗ്രസ് മുൻ എം.പി ഇഹ്സാൻ ജഫ്രി അതിക്രൂരമായാണ് വർഗീയ ഭ്രാന്തൻമാരാൽ ചുട്ടെരിക്കപ്പെട്ടത്. തൻ്റെ വീട്ടിൽ അഭയം തേടിയ അറുപതോളം പേരെ രക്ഷിക്കാൻ അറിയാവുന്ന കോൺഗ്രസ് നേതാക്കളെയൊക്കെ മരണത്തിന് മുമ്പ് അദ്ദേഹം വിളിച്ചു കെഞ്ചി. ആരും ഒരിറ്റു സഹായം കനിഞ്ഞില്ല. എല്ലാവരും കൈ മലർത്തി.
അവസാനം ക്രൂരതയാൽ മത്തുപിടിച്ച സംഘ്പരിവാരങ്ങൾ ജഫ്രിയുടെ വീട്ടിൽ അഭയം തേടിയ മുഴുവൻ പേരെയും വീട്ടിലിട്ട് പൂട്ടി പെട്രോളൊഴിച്ച് തീയിട്ടു. രക്ഷപ്പെടാൻ ശ്രമിച്ചവരെ കുന്തം കൊണ്ട് ആളുന്ന തീ നാളങ്ങളുടെ ചുവന്നിരുണ്ട ഗർത്തത്തിലേക്ക് കുത്തിത്താഴ്ത്തി. എല്ലാം നക്കിത്തുടച്ച് തീക്കാറ്റൊടുങ്ങിയപ്പോൾ കരിഞ്ഞു വെണ്ണീറായത് ഇഹ്സാൻ ജഫ്രി ഉൾപ്പടെ 68 പേർ! കണ്ണിൽ ചോരയില്ലാത്ത തെമ്മാടിക്കൂട്ടങ്ങൾ കാട്ടിക്കൂട്ടിയ സമാനതകളില്ലാത്ത കാപാലികത ലോകത്തോട് വിളിച്ചു പറയാൻ ഇഹ്സാൻ ജിഫ്രിയുടെ ഭാര്യ സകിയ്യയെ ദൈവം ബാക്കിയാക്കി.
ഭർത്താവിനെയും മക്കളെയും രക്ഷ തേടിയെത്തിയവരെയും തീനാളങ്ങൾക്ക് വിഴുങ്ങാൻ വിട്ട് കൊടുത്ത് ആയുധങ്ങൾ കയ്യിലേന്തി വീടിനകത്ത് അകപ്പെട്ടവരുടെ മരണം ഉറപ്പാക്കിയ സംഘിക്കൂട്ടങ്ങൾ. എല്ലാം കണ്ട് വന്യമായി അട്ടഹസിച്ച ഇരുകാലുള്ള ചെന്നായക്കളുടെ മുഖങ്ങൾ നെഞ്ചകം പേറി, കരയാൻ ഒരിറ്റു കണ്ണുനീർ പോലുമില്ലാതെ വേദനയുടെ ഇരുട്ടറയിൽ കഴിഞ്ഞ സകിയ്യ ജഫ്രിയെ കണ്ട് ആശ്വസിപ്പിക്കാൻ, ഒരിക്കൽ പോലും സോണിയാ ഗാന്ധിയോ രാഹുൽ ഗാന്ധിയോ എത്തിയില്ല.
നീതിയുടെ നീരുറവക്കായി ആരോരുമില്ലാത്ത സകിയ്യ കോടതികളുടെ വരാന്തകൾ കയറിയിറങ്ങിയപ്പോൾ ഒരു പീറ വക്കീലിനെപ്പോലും കോൺഗ്രസ് അവർക്ക് ഏർപ്പാടാക്കിക്കൊടുത്തില്ല. ഗുജറാത്തിലെ കലാപ ബാധിതർക്ക് ഒരു ചില്ലിപ്പൈസ പോലും കോൺഗ്രസ് സ്വരൂപിച്ചു നൽകിയില്ല. സോണിയയും രാഹുലും മായാവിയായ് വന്ന് ഹിന്ദുത്വ വർഗീയ ഭ്രാന്തൻമാർ ഒരുക്കുന്ന പട്ടടയിൽ നിന്ന് രക്ഷിക്കുമെന്ന് കരുതി കാത്തിരിക്കുന്ന നിഷ്കളങ്കരേ നിങ്ങൾ വഞ്ചിക്കപ്പെടുമെന്നുറപ്പ്.
വാർധക്യവും ദു:ഖവും കടുത്ത നിരാശയും തീർത്ത സങ്കടക്കയത്തിൽ നിന്ന് സകിയ്യ ജഫ്രിയുടെ കൈകൾ പിടിച്ച് നിയമ പോരാട്ടത്തിന് രണ്ടും കൽപ്പിച്ചിറങ്ങിയ ടീസ്റ്റ സെത്തൽവാദിനെ അറസ്റ്റ് ചെയ്തപ്പോൾ കോൺഗ്രസ് എതിർത്ത് ഒരക്ഷരം ഉരിയാടാത്തതെന്തേ പ്രതിപക്ഷ നേതാവേ. കലാപത്തിന് നേതൃത്വം നൽകിയ നരാധമന്മാരെ വെളിച്ചത്തു കൊണ്ടുവരാൻ ജീവൻ പണയപ്പെടുത്തി ശ്രമിച്ച ഗുജറാത്തിലെ മുൻ പോലീസ് മേധാവി ആർ.ബി ശ്രീകുമാറിനെ കയ്യാമം വെച്ച് കൊണ്ടുപോയപ്പോൾ അപലപിക്കാൻ കോൺഗ്രസ്സിലെ ഒരുത്തൻ്റെ നാവും പൊങ്ങാത്തതെന്തേ സതീശൻജീ.
ചെകുത്താനും (BJP) കടലിനുമിടയിൽ (കോൺഗ്രസ്) കിടന്ന് വീർപ്പ് മുട്ടി നട്ടം തിരിയുകയാണ് ഇന്ത്യയിലെ ന്യൂനപക്ഷ-ദളിത്- ആദിവാസി ജനവിഭാഗങ്ങൾ. അതിൽ നിന്ന് അവരെ മോചിപ്പിക്കാൻ ഇടതുപക്ഷ മനസ്സുള്ളവർക്കേ സാധ്യമാകൂ. (കലാപത്തിന് മുമ്പും ശേഷവുമുള്ള ഇഹ്സാൻ ജഫ്രിയുടെ വീടാണ് ഇമേജായി കൊടുത്തിരിക്കുന്നത്)
Post Your Comments